অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൊച്ചു മത്തൻ-വെള്ളരിയുടെ സൗന്ദര്യം

കൊച്ചു മത്തൻ-വെള്ളരിയുടെ സൗന്ദര്യം

കണ്ടാൽ അറ്റംമാത്രം വീർത്തുനിൽക്കുന്ന ഒരു ബലൂൺപോലെ, ആകർഷകമായ നിറം. അറ്റം ഒരു കൊച്ചു മത്തനെപ്പോലെ ബാക്കിഭാഗം നീണ്ടു വെള്ളരിയെപ്പോലെ. കൈവെള്ളയിൽ ഒതുങ്ങുന്ന സുന്ദരരൂപം. മുറ്റത്ത് ചട്ടിയിലും വേലിപ്പടർപ്പുകളിലും നട്ട് വളർത്തി പടർത്തിയാൽ ആരുടെ മനവും മയക്കുന്ന മനോഹരരൂപസൗകുമാര്യവും ഒതുക്കവും. ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന കാമ്പാണെങ്കിൽ നല്ല ഔഷധഗുണമുള്ള ഓറഞ്ചു നിറത്തിലുള്ള മധുരസത്ത്.
ഉള്ളംകൈയ്യിൽ ഒതുക്കിവെക്കാവുന്ന അലങ്കാരമത്തൻ വെള്ളരിയാണ് നാം പരാമർശിച്ച താരം. സാധാരണ മത്തന്റെയും വെള്ളരിയുടെയും കുടുംബക്കാരനാണ് ഇത്. ജാക്ക് ബി. ലിറ്റിൽ പംപ്കിൻ എന്നാണ് ഇംഗ്ലീഷ് നാമം. കുക്കുർബിറ്റ പെപൊ എന്നാണ് ശാസ്ത്രീയനാമം. വിദേശരാജ്യങ്ങളിൽ നല്ല ഒരു അലങ്കാരച്ചെടിയായി ഇതിനെ വളർത്തി പരിപാലിച്ചുവരുന്നു. ചെറിയ മത്തന്റെ മാത്രം ആകൃതിയിൽ വളരുന്നവയും ഇതിലുണ്ട് വളരെ ആകർഷകമായ നിറത്തിലുള്ള കൊച്ചു മത്തൽ കായ്ച്ചുനിൽക്കുന്ന വേലിയിറമ്പുകൾ പൂന്തോട്ടത്തിന്റെ കൊച്ച് അഹങ്കാരമാണവിടങ്ങളിൽ. കേരളത്തിൽ കാർഷിക സർവകലാശാലയുടെ അമ്പലവയൽ, ആനക്കയം ഗവേഷണകേന്ദ്രങ്ങളിൽ ഇത് നട്ടുവളർത്തുന്നുണ്ട് കേരളത്തിലെ കാലാവസ്ഥയിൽ ഇത് നന്നായി വളരും. അമ്പലവയലിൽ ഇക്കഴിഞ്ഞ പൂപ്പൊലിയിൽ ഗ്‌ളാഡിയോലിസ് ഉദ്ദ്യാനത്തിന്റെ വേലിയെ അലങ്കരിച്ചത് ഈ മത്തൻ-വെള്ളരിയുടെ പടർപ്പായിരുന്നു. വെർട്ടിക്കൽ ഗാർഡനിങ്ങിൽ തൂക്കിയിട്ട വലകളിലും ഇത് പടർത്തികായ്പ്പിക്കാം. നല്ലകട്ടിയുള്ള ഞെട്ടും രണ്ടുമൂന്ന് ഇഞ്ച്് നീളംവരുന്ന മഞ്ഞനിറത്തിലുള്ള വാൽഭാഗവും പച്ചയിൽമഞ്ഞ കലർന്ന വരകളുള്ള ബോൾഭാഗവുമാണ് ഇതിന്റെ രൂപം. തനി തക്കാളിപോലുള്ള കൊച്ചു മത്തനും നല്ല ഓറഞ്ചു നിറത്തിൽ കണ്ടുവരുന്നു. തൊലിക്ക് വെള്ളനിറമുള്ള 'ബേബി ബൂ' മത്തനും ഇതിൽ കണ്ടുവരുന്നു.
കൃഷിരീതി
നേരിട്ട് വിത്ത് പാകിമുളപ്പിച്ചാണ് ഇത്തരം വെള്ളരിമത്തൻ കൃഷിചെയ്യുന്നത്. ഈർപ്പം നിലനിൽക്കുന്ന ഫലപുഷ്ടിയുള്ള മണ്ണിൽ നന്നായി വിളയും. വിത്ത് വിതയ്ക്കുന്നതിന് മുമ്പ് നന്നായി ഇളക്കിയ മണ്ണിൽ ഉണങ്ങിയ ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ് എന്നിവചേർക്കണം. മണ്ണിലെ അമ്‌ള-ക്ഷാരസൂചിക 5.5നും 7നും ഇടയിലായിരിക്കണം. ചുവട്ടിൽ ഈർപ്പം നിർത്താൻ പുതയിട്ടുകൊടുക്കാം. 80-100 ദിവസം മൂപ്പ്കാണിക്കുന്ന ഇതിന്റെ മൂപ്പെത്തിയ ഫലം ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം. ചട്ടികളിൽ ഒറ്റയ്ക്കും കൂട്ടായും വളർത്തി അലങ്കാരച്ചെടിയാക്കുന്നതിന് പുറമേ ഭക്ഷ്യവസ്തുവായും ഉപയോഗിക്കാം. മാത്രമല്ല ഇതിന്റെ പുറംതോടുകൊണ്ട് ഭംഗിയുള്ള അലങ്കാരപ്പാത്രങ്ങളും ഉണ്ടാക്കാം. ഐസ്‌ക്രീം, പുഡ്ഡിങ്, ജെല്ലി, അച്ചാർ എന്നിവ തീൻമേശയിൽ സെർവ് ചെയ്യുന്നപാത്രങ്ങളായും കുട്ടികൾക്ക് തങ്ങളുടെ കൊച്ചു വസ്തുക്കൾ ഇട്ടുവെക്കുന്ന പാത്രമായും ഇത് ഉപയോഗിക്കാം.
ഇതിന്റെ വിത്ത് കാർഷിക സർവകലാശാലയുടെ അമ്പലവയൽ, ആനക്കയം ഗവേഷണകേന്ദ്രങ്ങളിൽ ലഭ്യമാക്കാൻ തയ്യാറായി വരുന്നു. ഒരു ഗ്രാം വിത്തിന് 100 രൂപയാണ് വില.

പ്രമോദ്കുമാർ വി.സി.
pramodpurath@gmail.com

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate