অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇവിടെ മലനാടന്‍ പച്ചക്കറികളുടെ വിളഭൂമിയൊരുക്കാം

ഇവിടെ മലനാടന്‍ പച്ചക്കറികളുടെ വിളഭൂമിയൊരുക്കാം

ഇവിടെ മലനാടന്‍ പച്ചക്കറികളുടെ വിളഭൂമിയൊരുക്കാം

കാബേജ്

ശീതകാല പച്ചക്കറികളില്‍ പ്രധാനിയായ കാബേജ് പോര്‍ച്ചുഗീസുകാരാല്‍ ഇന്ത്യയിലെത്തി ബ്രിട്ടീഷ് ഭരണ കാലത്ത് പ്രചാരം നേടിയ നല്ലൊരു ഇലക്കറിയാണ്. മുട്ടക്കൂസ് എന്ന് മലയാളികള്‍ വിളിച്ചിരുന്ന ഈ പച്ചക്കറി ഇന്നാട്ടിലെ ഏതു സദ്യയുടെയും ഊണിന്‍റെയും ഭാഗമായി കഴിഞ്ഞു. വിറ്റാമിന്‍ സി, കരോട്ടിന്‍, ധാതുലവണങ്ങള്‍ എന്നീ പോഷകങ്ങള്‍ അടങ്ങുന്ന കാബേജിന്‍റെ വളരുന്ന ഇലകള്‍ ചേര്‍ത്ത് അടുക്കിയ ‘ഹെഡ്’ എന്ന ഭാഗമാണ് മുറിച്ചെടുത്ത് ഉപയോഗിക്കുന്നത്. സെപ്റ്റംബര്‍, പൂസാ ഡ്രം ഹെഡ്, ഗോള്‍ഡന്‍ ഏക്കര്‍, കാവേരി, ഗംഗ, എന്‍.എസ്.43, എന്‍.എസ്.183 എന്നിവയെല്ലാം ഇന്നാടിനുപറ്റിയ കാബേജ് ഇനങ്ങളാണ്. മറ്റു ശീതകാലപച്ചക്കറികള്‍ പോലെതന്നെ നല്ല ജൈവാംശവും നീര്‍വാര്‍ച്ചയുമുള്ള മണല്‍ കലര്‍ന്ന മണ്ണാണ് കാബേജ് നട്ടുവളര്‍ത്താന്‍ ഏറ്റവും നല്ലത്. ഏതാണ്ട് ഒരു മാസം പ്രായമായ, നല്ല ആരോഗ്യമുള്ള തൈകള്‍ പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചു നട്ടാണ് കൃഷി. ഇതിനായി മൂന്നു നാല് തവണയെങ്കിലും നന്നായി കിളചൊരുക്കിയ മണ്ണില്‍ ഒരു സെന്‍റിന് രണ്ടര കിലോഗ്രാം കുമ്മായം ഇട്ട് ഒരാഴ്ച്ചക്കഴിഞ്ഞു നൂറുകിലോഗ്രാം ജൈവവളം ചേര്‍ത്ത് തടം തയ്യാറാക്കണം. നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 45 സെന്റീമീറ്റര്‍ അകലമുണ്ടാവണം. മണ്ണില്‍ ഈര്‍പ്പം നില്‍ക്കും വിധം നനയും ഏര്‍പ്പെടുത്തണം.

വളര്‍ന്നു വരുമ്പോള്‍ കൂടുതല്‍ ഇലകള്‍ ഉണ്ടാകാന്‍ തണുപ്പ് ആവശ്യമാണ്. വളര്‍ച്ച ത്വരിതപ്പെടുത്തുവാന്‍ ഒരു മാസമാകുമ്പോള്‍ മേല്‍വളമായി ജൈവവള കൂട്ടുകള്‍ മണ്ണില്‍ ചേര്‍ക്കുകയോ തളിച്ചുകൊടുക്കുകയോ ആവാം. വലിപ്പമുള്ള കാബേജ് ഉണ്ടാകാന്‍ കട ഭാഗത്ത് മണ്ണുകൂട്ടികൊടുക്കുകയും വേണം.

ധാരാളം മൃദുവായ ഇലകള്‍ തിങ്ങി പൊതിഞ്ഞ കൂമ്പാണ് വിളയായി എടുക്കുന്ന ‘ഹെഡ്’. തൈ നട്ട് രണ്ടുമാസമാകുമ്പോള്‍ ഇതിനു പൂര്‍ണ്ണ വളര്‍ച്ചയാകും. അതുമാത്രം മുറിച്ചെടുക്കുകയോ ചെടിയോടുകൂടി പിഴുതെടുക്കുകയോ ആണ് വിളവെടുപ്പ് രീതി.

വീട്ടാവശ്യത്തിനാകുമ്പോള്‍ പല ദിവസങ്ങളിലായി ഓരോന്നു വീതം പറിച്ചെടുക്കാം. കീട-രോഗ ബാധകള്‍ കുറവാണെങ്കിലും അന്തരീക്ഷ ആര്‍ദ്രതയുള്ള കാലാവസ്ഥയായതിനാല്‍ ചില കീടങ്ങളും ചെറുരോഗങ്ങളും വന്നേക്കാം. തക്കസമയത്ത് നടപടിയെടുത്താല്‍ ജൈവ മാര്‍ഗങ്ങളിലൂടെ അവയെ നിയന്ത്രിക്കാം. അധികം ചൂടാക്കാതെ, സലാഡ് പോലുള്ള ഇലക്കറി കൂട്ടുകളില്‍ ചേര്‍ത്തും അല്ലാതെയും വീട്ടാവശ്യത്തിന് സ്വയം നട്ടുണ്ടാക്കാന്‍ കാബേജ് പ്രയോജനപ്പെടും. ഇലകള്‍, തുളച്ചും കാര്‍ന്നും തിന്നുന്ന കട് വേം, മുഞ്ഞ, ബ്ലാക്ക് മോത്ത് എന്നിവയാണ് ഉണ്ടാകാന്‍ സാധ്യതയുള്ള കീടങ്ങള്‍. ക്ലബ് റോട്ട്, ഇലപ്പുള്ളി രോഗം, ബ്ലാക്ക് റോട്ട് എന്നീ രോഗങ്ങളും ഉണ്ടായേക്കാം.

കോളിഫ്ലവര്‍

മലയാള നാട്ടില്‍ പ്രചാരത്തിലായിട്ട് കുറച്ച് ദശാബ്ദങ്ങള്‍ മാത്രമായ, ബ്രിട്ടീഷ്‌ ഭരണ കാലത്ത് ഇന്ത്യയില്‍ അതിഥിയായിയെത്തിയ ഒരു പച്ചക്കറിയാണ് കോളിഫ്ലവര്‍. ഇത് വിപുലമായി അധികവും കൃഷി ചെയ്തിരുന്നത് ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ ഭാഗങ്ങളിലും ദക്ഷിനെന്ത്യയിലെ കര്‍ണാടകം മുതല്‍ ഊട്ടിവരെയുള്ള മലമ്പ്രദേശങ്ങളിലുമായിരുന്നതിനാല്‍ അടുത്തകാലം വരെ കമ്പോളത്തില്‍ നിന്നുള്ള കോളിഫ്ലവറുകളാണ് വലിയ വിലകൊടുത്തുപോലും മലയാള നാട്ടുകാര്‍ വാങ്ങിയിരുന്നത്. എന്നാല്‍ പച്ചക്കറികളിലെ കീടനാശിനി പ്രയോഗം കൊണ്ടുള്ള വിഷാംശം ധാരാളം ഇതില്‍ വരുന്നുണ്ടെന്നു മനസ്സിലാക്കിയതോടെ ഇന്നാട്ടില്‍ നമ്മുക്കാവശ്യമുള്ളത് നമുക്ക് തന്നെ വിളയിക്കുവാനായി ശ്രമം. കോളിഫ്ലവര്‍ വിളവെടുപ്പിനുശേഷവും പ്രാണിശല്യം ഒഴിവാക്കാന്‍ മറുനാട്ടില്‍ വിഷം തളിക്കുന്നുണ്ടെന്ന അറിവ് നമ്മളെ ഭയപ്പെടുത്തുന്നു.

ഉത്തരേന്ത്യന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ‘ഗോപി’ എന്ന പേരില്‍ വളരെ പ്രചാരമുള്ള വിഭവങ്ങളാണ് ഈ പച്ചക്കറികൊണ്ട് ഒരുക്കുന്നത്. ബ്രോക്കോളി എന്ന പച്ചിലവര്‍ഗ്ഗ പച്ചക്കറിയുടെ ബന്ധുവായ കോളിഫ്ലവറിനും പ്രിയമുള്ളവര്‍ ഇന്നാട്ടില്‍ ഏറെയുണ്ട്. വയനാട്ടില്‍ എവിടെയും കേരളത്തില്‍ മിക്ക ജില്ലകളിലും ഇത് കൃഷി ചെയ്യാം. സമീപ കാലങ്ങളിലായി ഒരു ശീതകാല പച്ചക്കറിയെന്ന നിലക്ക് വീട്ടുവളപ്പുകളിലും, ടെറസ്സുകളില്‍ ഗ്രോ  ബാഗുകളിലുമൊക്കെ ധാരാളം പേര്‍ ആണ്ടില്‍ ഒരിക്കലെങ്കിലും കാബേജും കോളിഫ്ലവറും വളര്‍ത്തുന്നുണ്ട്. പൊതുവേ വെണ്ണ നിറമുള്ള വിളവുണ്ടാകുന്ന കോളിഫ്ലവറാണ് പ്രചാരമെങ്കിലും മഞ്ഞ, പിങ്ക്, പച്ച നിറങ്ങളിലും ഇത് ഉണ്ട്. അല്‍പ്പം ഈര്‍പ്പവും തണുപ്പുമുള്ള കാലാവസ്ഥയുണ്ടായാലും വരള്‍ച്ച താങ്ങുവാന്‍ ഇതിനു പ്രയാസമാണ്. ചൂട് കൂടിയാല്‍ ‘കര്‍ഡ്’ എന്ന വിളവായി ഉപയോഗിക്കുന്ന ഭാഗം നന്നായി വളരില്ല.

പൂസാ ദീപാളി, ഗ്രീഷ്മ, അതിശീഘ്ന, ബസന്ത്, സ്വാതി, ഹിമാനി, എന്‍.എസ്.60 എന്നീ ഇനങ്ങള്‍ ഇന്നാട്ടില്‍ നന്നായി വിളയും.

നല്ല ജൈവാംശവും വളക്കൂറും നീര്‍വാര്‍ച്ചയും ഉള്ള മണ്ണാണ് ഈ വിളക്ക് ആവശ്യം. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ പുളിരസം കുറയ്ക്കുവാന്‍ സെന്‍റിന് രണ്ടര കിലോഗ്രാം കുമ്മായം ചേര്‍ത്ത് കിളച്ചിളക്കി മണ്ണ് പാകപ്പെടുത്തണം. ഒരാഴ്ച കഴിഞ്ഞു വേണ്ടത്ര ജൈവാംശവും സ്യൂഡോമോണാസ് ബാക്ടീരിയയും ചേര്‍ത്ത ചാലുകളിലോ ഗ്രോബാഗുകളിലോ ആണ് ഒരു മാസം പ്രായമായ തൈകള്‍ നടേണ്ടത്. മണ്ണില്‍ വരള്‍ച്ച വരാതെ ഈര്‍പ്പം ഉറപ്പാക്കുവാന്‍ നന ക്രമീകരിക്കണം. നിലമൊരുക്കുമ്പോള്‍ നന്നായി രണ്ടുമൂന്നു തവണ കിളച്ചൊരുക്കി കട്ടകളിലാക്കി വേണം തയ്യാറാക്കുന്നത്. നട്ട് ഒരു മാസം കഴിഞ്ഞ് തടത്തില്‍ മണ്ണ് കയറ്റി കൊടുക്കുകയും കള നിയന്ത്രിക്കുകയും വേണം. പുതയിടീല്‍ കള നിയന്ത്രിക്കാന്‍ നല്ലതാണ്. വരികള്‍ തമ്മില്‍ 60 സെന്റീ മീറ്ററും ചെടികള്‍ തമ്മില്‍ 45 സെന്റീമീറ്ററും അകലം വേണം.

നടുന്ന സ്ഥലത്തെ സൌകര്യമനുസരിച്ച് പൂപ്പാട്ട കൊണ്ടുള്ള നനയോ, ചാലിലൂടെയുള്ള നനയോ തുള്ളി നനയോ സ്വീകരിക്കാം. ചാലിലൂടെയാണെങ്കിലും അല്ലെങ്കിലും പൂവുണ്ടാകുന്നതിനു മുമ്പുതന്നെ പുളിപ്പിച്ച പിണ്ണാക്കോ നേര്‍പ്പിച്ച ചാണക വെള്ളമോ ഉപയോഗിച്ച് മേല്‍വളവും ജീവാമൃതം, ഫിഷ്‌ അമിനോ ആസിഡ് മുതലായ വളര്‍ച്ചാ ത്വരകങ്ങളും നല്‍കാം. പൊട്ടാഷിന്‍റെയും സൂക്ഷ്മ മൂലകങ്ങളുടെയും പോരായ്മ പരിഹരിക്കുവാനും ശ്രദ്ധിക്കണം.

കോളിഫ്ലവറിന്‍റെ പൂവ് (കര്‍ഡ്) അതിന്‍റെ താഴെയുള്ള ഇലകള്‍ കൊണ്ട് പൊതിഞ്ഞു കെട്ടുന്ന ബ്ലാഞ്ചിംഗ് എന്ന രീതി ഗുണം ചെയ്യും. വെയിലേറ്റു നിറവ്യത്യാസം വരാതിരിക്കാനും പൂവിനു മണവും ആകര്‍ഷകത്വവും നിലനിര്‍ത്താനും ഇത് സഹായിക്കും. ചൂടു കാലാവസ്ഥയില്‍ 3-5 ദിവസവും തണുപ്പ് കാലാവസ്ഥയില്‍ 8-10 ദിവസവും ബ്ലാഞ്ചിംഗ് നടത്തണം. വളരുമ്പോള്‍ രൂപഭാവം കിട്ടുന്ന പൂത്തണ്ടാണ് കോളിഫ്ലവറിന്‍റെ ഭക്ഷ്യയോഗ്യമായ ഭാഗം. തൈ നട്ട് 45 ദിവസം ആവുന്നതോടുകൂടി കര്‍ഡ് വിളവെടുപ്പിനു തയ്യാറാകും. കൃത്യസമയത്ത് തന്നെ വിളവെടുപ്പ് നടത്തണം. ഇത് പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ ചുവട്ടിലുള്ള രണ്ടു ഇലകള്‍ കൂടി ചേര്‍ത്ത് മുറിച്ചെടുക്കാം. വീട്ടാവശ്യത്തിനാണെങ്കില്‍ പല ദിവസങ്ങളിലായി ആവശ്യാനുസരണം വിളവെടുക്കുന്നതാണ് നല്ലത്.

വിളവെടുത്ത കോളിഫ്ലവര്‍ തലകീഴായി കെട്ടിത്തൂക്കി, ദിവസേന അല്‍പ്പം വെള്ളം തളിച്ചു കൊടുത്താല്‍ രണ്ടാഴ്ചയോളം കേടാകാതെ സൂക്ഷിക്കാമെന്ന് അനുഭവസ്ഥര്‍ പറയുന്നു. കീടങ്ങളും രോഗങ്ങളും കാണാറുണ്ടെങ്കിലും ജൈവീക കീടരോഗ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

ബീന്‍സ് (ഫ്രഞ്ച് ബീന്‍സ്)

കേരളീയര്‍ക്ക് ദീര്‍ഘകാല പരിചയമുള്ളതും എന്നാല്‍ ഇന്നാട്ടില്‍ അധികം കൃഷി ചെയ്യാത്തതുമായ ഒരു പച്ചക്കറിവിളയാണ് ബീന്‍സ്. ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മലമ്പ്രദേശങ്ങളിലും അടുത്തകാലത്തായി വയനാട് പോലെയുള്ള ദക്ഷിണേന്ത്യന്‍ ഉന്നത പ്രദേശങ്ങളിലും നന്നായി വളരുന്ന ഇത് ലാഭകരമായ ഒരു വിളയാണ്.

മറ്റു പച്ചക്കറികള്‍പോലെ അധികം പുളിരസമില്ലാത്ത, എന്നാല്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ബീന്‍സിന് ഉത്തമം. വയനാട് പോലെ സമീപകാലങ്ങളില്‍ രാസവളപ്രയോഗം കൊണ്ട് പുളിരസം കൂടിയ സ്ഥലങ്ങളില്‍ സെന്‍റിന് രണ്ടര കിലോഗ്രാം കുമ്മായം ചേര്‍ത്ത് ഒരാഴ്ച കഴിഞ്ഞ് ജൈവവളം ചേര്‍ത്ത് മണ്ണ് ഒരുക്കാം.

ഊട്ടി – 1, ഊട്ടി – 2, അര്‍ക്കാ കോമള്‍, അര്‍ക്കാ സമ്പൂര്‍ണ്ണ, അര്‍ക്കാ ബോള്‍ഡ്, അര്‍ക്കാ കാര്‍ത്തിക് എന്നീ ഇനങ്ങള്‍ നമ്മുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ അനുയോജ്യമാണ്. സമതല പ്രദേശങ്ങളിലാണെങ്കില്‍ അര്‍ക്കാ കോമള്‍, അര്‍ക്കാ സുവിധ, അര്‍ക്കാ സമൃദ്ധി, അര്‍ക്കാ സുമന്‍ എന്നിവയായിരിക്കും മെച്ചം. നാഗാലാന്‍റ്, മണിപ്പൂര്‍, മേഘാലയ ഭാഗങ്ങളില്‍നിന്നുള്ള ഉയരമുള്ള ഇനങ്ങളുണ്ട്.

കുറിയ ദക്ഷിണേന്ത്യന്‍ ഇനങ്ങള്‍ക്ക് 1 സെന്‍റിന് ഉദ്ദേശം 200 ഗ്രാം വിത്തുവേണം നടേണ്ടത്. ഉയരംകൂടിയ വടക്കുകിഴക്കന്‍ ഇനങ്ങള്‍ ആണെങ്കില്‍ ഇതിന്‍റെ പകുതിയോളം വിത്ത് മതിയാകും. ഒരു കിലോവിത്തിന് 10 ഗ്രാം എന്ന തോതില്‍ ട്രൈക്കോടെര്‍മ ഉപയോഗിച്ച് വിത്തുപചാരം നടത്താം. വിത്തില്‍ റൈസോബിയം കള്‍ച്ചര്‍ പുരട്ടുന്നത് നല്ല വളര്‍ച്ചയും കായ്ഫലവുമുണ്ടാകാന്‍ സഹായിക്കും.

വിത്തുകള്‍ പാകുവാന്‍ നേരിയ ഉയരത്തില്‍ നന്നായി കിളച്ചൊരുക്കിയ തടങ്ങളുണ്ടാക്കാം. വരികള്‍ തമ്മില്‍ 30-40 സെന്റിമീറ്റര്‍ അകലം വേണം. അല്‍പം ഉയര്‍ന്ന ബണ്ടുകളിലാണെങ്കില്‍ ഇതിന്‍റെ ഇരട്ടിയാകണം വരികള്‍ തമ്മില്‍ അകലം. വടക്കുകിഴക്കന്‍ മലമ്പ്രദേശങ്ങളില്‍ നിന്നുള്ള ഉയരമുള്ള ഇനങ്ങളാണെങ്കില്‍ മുളങ്കമ്പുകളോ മറ്റോ കൊണ്ട് താങ്ങുകള്‍ നല്‍കേണ്ടിവരും.

വളപ്രയോഗം നല്ല വിളവിന് അനിവാര്യമാണ്. വിഷമില്ലാത്ത പച്ചക്കറി വിളയിക്കുകയാണ് നമ്മുടെ ലക്ഷ്യം എന്നതിനാല്‍ കഴിയുന്നതും ജൈവവളങ്ങളും ജീവാമൃതം പോലുള്ള പോഷകങ്ങളും നല്‍കണം. മറ്റ് പയറുവര്‍ഗ്ഗ പച്ചക്കറികള്‍ പോലെയാണ് ബീന്‍സിനും വളങ്ങള്‍ വേണ്ടത്. നമ്മുടെ മണ്ണില്‍ പൊതുവേ പൊട്ടാഷിന്‍റെയും ബോറോണ്‍ പോലുള്ള സൂക്ഷ്മമൂലകങ്ങളുടെയും സാരമായ കുറവുണ്ടെന്ന് മണ്ണുപരിശോധനാ ഫലങ്ങള്‍ സൂചിപ്പിക്കുന്നതിനാല്‍ ജൈവ വളങ്ങള്‍ക്കൊപ്പം സള്‍ഫേറ്റ് ഓഫ് പൊട്ടാഷ്, സൂക്ഷ്മ മൂലകക്കൂട്ടുകള്‍ എന്നിവ ആവശ്യത്തിന് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ ഇവ ഉപയോഗിക്കുന്നത് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ചെടികള്‍ പൂവിടുന്നതിന് മുമ്പു തന്നെയാണ് ഇവ നല്‍കേണ്ടത്.

പയറുവര്‍ഗ്ഗ വിളയായതിനാല്‍ നമ്മുടെ നാട്ടില്‍ ഇവയ്ക്ക് അല്‍പം കീട-രോഗ ബാധയൊക്കെ പ്രതീക്ഷിക്കാം. മഴയുള്ള നാടായതിനാല്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം കീടങ്ങളും രോഗങ്ങളും ഉണ്ടാക്കുവാന്‍ വഴിയൊരുക്കും.

ബീറ്റ്റൂട്ട്

ഒരു ശീതകാല പച്ചക്കറിയായി പരിഗണിക്കുന്ന ബീറ്റ്റൂട്ട്, വിഷമില്ലാത്ത പച്ചക്കറികള്‍ അന്വേഷിച്ചുള്ള ചര്‍ച്ചകള്‍ ഏറിയതോടെ മലയാളികള്‍ക്ക് കൂടുതല്‍ പ്രിയമേറി വരികയാണ്. മണ്ണിനടിയിലുണ്ടാകുന്ന വിളയെന്നതിലുപരി, വിഭവ സംസ്കരണ സാധ്യതകള്‍ കൂടി വന്നതോടെ ബീറ്റ്റൂട്ട് പ്രചാരമേറുന്ന പച്ചക്കറികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പാചകം ചെയ്ത് ഉപയോഗിക്കുന്നതോടൊപ്പം, സലാഡ്, അച്ചാര്‍, സ്ക്വാഷ് തുടങ്ങി വിവിധ രൂപങ്ങളിലാണിത് ഇന്ന് തീന്‍മേശകളിലെത്തുന്നത്.

ഉഷ്ണമേഖലയിലും മിത ശീതോഷ്ണ കാലാവസ്ഥയിലും ബീറ്റ്റൂട്ട് നന്നായി വളരുമെങ്കിലും അതിന്‍റെ നിറവും ഗുണമേന്മയും ഏറ്റവും പ്രകടമാക്കുന്നത് ശീതകാലത്തും ശൈത്യ മേഖലയിലുമാണ്. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുമുള്ള മണ്ണിലാണിതിന്‍റെ കൃഷി ഫലപ്രദമാകുക. കേരളത്തില്‍ ഇടുക്കി, വയനാട് പോലുള്ള മലമ്പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാം. സമതലങ്ങളിലും വിഷമില്ലാത്ത പച്ചക്കറിക്കായി ഒരുക്കുന്ന അടുക്കളത്തോട്ടങ്ങള്‍, ടെറസ്സ്കൃഷി, ഗ്രോബാഗ് തോട്ടങ്ങള്‍ എന്നിവയിലെല്ലാം ബീറ്റ്റൂട്ട് ഒരു വിളയായി ഉള്‍പ്പെടുത്താവുന്നതെയുള്ളൂ.

കിഴങ്ങുവര്‍ഗ്ഗ ശീതകാല പച്ചക്കറി വിളകളില്‍ കാരറ്റ് കഴിഞ്ഞാല്‍ പ്രചാരമുള്ളത് ബീറ്റ്റൂട്ട് തന്നെയാണ്. ആറുമുതല്‍ 10% വരെ സൂക്രോസ് അടങ്ങിയ ഇതിന്‍റെ നിറത്തിന് കാരണം നൈട്രജന്‍ അടങ്ങിയ ആന്തോസൈനിന്‍ എന്ന വര്‍ണ്ണകമാണ്. ഇത് ബീറ്റാനിന്‍ എന്നറിയപ്പെടുന്നു. ഇടത്തരം വലിപ്പമുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്ന മധുര്‍, ഡിട്രിയോട് ദ്വാര്‍ഫ് റെഡ് എന്നീ ബീറ്റ്റൂട്ട് ഇനങ്ങള്‍ കേരളത്തിലെ കൃഷിയിടങ്ങളില്‍ വളര്‍ത്തുവാന്‍ അനുയോജ്യമാണെന്ന് കണ്ടെത്തിയിരിക്കുന്നു.

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലങ്ങളില്‍ നല്ല ഇളക്കമുള്ള മണ്ണില്‍ ബീറ്റ്റൂട്ട് കൃഷി ചെയ്യാവുന്നതാണ്. മറ്റുകാലങ്ങളില്‍ മഴമറയില്‍ ഇവ കൃഷി ചെയ്യാം. ചുവന്ന ഗോളാകൃതിയിലുള്ള കിഴങ്ങും തളിരിലകളും ഭക്ഷ്യയോഗ്യമാണ്.

ഈ കിഴങ്ങുവര്‍ഗ്ഗ വിളകളുടെ വിത്ത് നേരിട്ട് പാകി വളര്‍ത്തുകയാണ് വേണ്ടത്. ഒരു സെന്റ് കൃഷി ചെയ്യുവാന്‍ ഏകദേശം 30 ഗ്രാം വിത്ത് വേണ്ടിവരും. കളകള്‍ പറിച്ചുമാറ്റി നിലം കിളച്ചൊരുക്കി. പൊടി മണ്ണാക്കിയ സ്ഥലത്താണ് വിത്ത്പാകേണ്ടത്. ഒരു സെന്‍റിന് 100 കിലോ എന്ന തോതില്‍ ജൈവവളം ചേര്‍ക്കേണ്ടതാണ്. നേരിയ ഉയരത്തില്‍ നന്നായി കിളച്ചൊരുക്കിയ തടങ്ങളുണ്ടാക്കി അതില്‍ വിത്ത് പാകാം. വിത്ത് പാകി മുളച്ച് പത്ത് ദിവസത്തിനുശേഷം 10 മുതല്‍ 15 സെന്റിമീറ്റര്‍ അകലത്തില്‍ നല്ല ചെടികള്‍ മാത്രം നിര്‍ത്തി അധികമുള്ളവ പിഴുതുമാറ്റേണ്ടതാണ്. കൂടുതല്‍ ചെടികള്‍ അടുത്തടുത്ത് വളരുന്നത് വളര്‍ച്ചയെ ബാധിക്കുകയും തീരെ വലിപ്പം കുറഞ്ഞ കിഴങ്ങുകള്‍ക്ക് കാരണമാവുകയും ചെയ്യും. ചുരുങ്ങിയത് ഒരടിയെങ്കിലും വ്യാസമുള്ള പ്ലാസ്റ്റിക്‌ കവറിലോ, ചട്ടികളിലോ വിത്ത് പാകി ബീറ്റ്റൂട്ട് മട്ടുപ്പാവിലും, വീട്ടുമുറ്റത്തും കൃഷി ചെയ്യാവുന്നതാണ്.

മുളച്ച് 10 ദിവസം കഴിഞ്ഞ് കളകളും അധികമുള്ള തൈകളും പിഴുതുമാറ്റി, അല്‍പം വളം ചേര്‍ത്ത് ചെടിക്ക് ചുറ്റും മണ്ണ് കയറ്റിക്കൊടുക്കുക. സമൃദ്ധമായി ജൈവവളം ഇട്ട് മണ്ണ് കയറ്റിക്കൊടുക്കുകയും ആവാം.

ജലസേചനത്തിന്‍റെ കാര്യത്തില്‍ അല്‍പ്പം മിതത്വം പാലിക്കുന്നത് നല്ലതാണ്. ഈര്‍പ്പം വളരെയധികം കൂടിയാല്‍ ചെടികള്‍ തഴച്ചുവളരുമെങ്കിലും കിഴങ്ങിന്‍റെ വളര്‍ച്ച കുറയാന്‍ ഇടയാകും. ഏകദേശം 80 മുതല്‍ 90 ദിവസങ്ങള്‍ക്കകം കിഴങ്ങുകള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നതും വിളവെടുപ്പ് നടത്താവുന്നതുമാണ്. ഏതാണ്ട് 15 മുതല്‍ 25 കിലോ വരെ വിളവ്‌ ഒരു സെന്റില്‍ നിന്നും പ്രതീക്ഷിക്കാം. വിളവെടുപ്പായാലും ഇലകള്‍ തളരാതെ തന്നെ കാണപ്പെടും.

കാരറ്റ്

ശീതകാല പച്ചക്കറിയെന്ന നിലയിലും ആരോഗ്യപ്രധാനമായ ഭക്ഷണമെന്ന നിലയിലും കാരറ്റ് നമ്മുടെ ആഹാരക്രമങ്ങളില്‍ ഇടം പിടിച്ചിട്ട് നാളുകള്‍ ഏറെയായി. പ്രകൃതി ചികിത്സയ്ക്ക് പ്രചാരമേറിയ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ കാരറ്റ് വിഭവങ്ങള്‍ മലയാളിക്ക് പ്രിയപ്പെട്ട ആഹാരമായിക്കഴിഞ്ഞിരുന്നു. എന്നാല്‍, അതിന്‍റെ കൃഷിസാധ്യതകള്‍ പ്രചാരത്തിലെത്താത്തതും മാര്‍ക്കറ്റില്‍നിന്ന് വാങ്ങുന്നവയില്‍ വിഷാംശം സംശയിക്കുന്നതിനാലും ഇന്ന് സ്വന്തം കൃഷിത്തോട്ടത്തില്‍ കാരറ്റും ഉള്‍പ്പെടുത്താമെന്ന സാക്ഷ്യപത്രമാണ്‌ അനിവാര്യം.

കരോട്ടിന്‍ അംശംകൊണ്ട് പോഷകപ്രധാനമായ ഈ പച്ചക്കറി അധികം പാചകം ചെയ്യാതെ കഴിക്കുവാനാണ് ഏവരും ആഗ്രഹിക്കുന്നത്. ഹല്‍വയും ജ്യൂസും പലഹാരങ്ങളുമടക്കം ഒട്ടേറെ വിഭവങ്ങളുണ്ടാക്കാവുന്നതോടൊപ്പം വിവിധ ഔഷധഗുണങ്ങളുള്ള നിയന്ത്രണ ഭക്ഷണങ്ങളും കാരറ്റിന്‍റെ മേന്മകളാണ്. കേരളത്തില്‍ ഹൈറേഞ്ച് മേഖലയില്‍ മാത്രമല്ല സമതലങ്ങളിലും അടുക്കളത്തോട്ടങ്ങളിലും ഗ്രോബാഗുകളില്‍പ്പോലും ഇത് നന്നായി നട്ടുണ്ടാക്കാമെന്ന് ഇന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു.

സൂപ്പര്‍ കുറോഡ, ഷിന്‍ കുറോഡ, പൂസാ കേസര്‍, പൂസാ മേഘാളി തുടങ്ങി ധാരാളം ഉത്തരേന്ത്യന്‍ ഇനങ്ങള്‍ നമ്മുടെ കാലാവസ്ഥയിലും നന്നായി വളരുമെന്ന് കണ്ടിട്ടുണ്ട്. ഇക്കാര്യത്തിലും നീര്‍വാര്‍ച്ചയുള്ള ഇളകിയ മണ്ണ്, നേരിട്ടുള്ള സൂര്യപ്രകാശം, കളനിയന്ത്രണം ഒക്കെ ആവശ്യമാണ്‌.

വളരെ ചെറിയ വിത്തായതിനാല്‍, ഉദ്ദേശം 20 ഗ്രാം വിത്തുണ്ടെങ്കില്‍ ഒരു സെന്റ്‌ സ്ഥലത്ത് മതിയാകും. മണലോ മണ്ണോ ചേര്‍ത്ത് വിത്ത് പാകുന്നത് തടത്തില്‍ ഒരുപോലെ വിതറിക്കിട്ടുവാന്‍ സഹായിക്കും. വിതയ്ക്കുന്നതിന് മുമ്പ് മണലില്‍ ചേര്‍ത്ത് തിരുമ്മുന്നത് വിത്തിലെ ചെറുനാരുകള്‍ നീക്കാനും വളരെ നേര്‍പ്പിച്ച മഗ്നീഷ്യം, ബോറോണ്‍ എന്നിവയുടെ ലായനിയില്‍ ഒരുദിവസം കുതിര്‍ക്കുന്നത് നല്ല മുളയും കനവുമുള്ള വേരുകള്‍ വളരുവാനും സഹായിക്കും. ഏകദേശം 20 സെ.മീ. ഉയരത്തില്‍ ഒന്നരയടിയോളം തമ്മില്‍ അകലത്തിലുള്ള തടങ്ങളുണ്ടാക്കി, വരികള്‍ തമ്മില്‍ ഒരടി വീതവും ചെടികള്‍ തമ്മില്‍ ഒരു ചാണ്‍ വീതവും അകലത്തില്‍ ചെടികള്‍ വളര്‍ത്താം. മുളച്ച് ഏകദേശം മൂന്നാഴ്ച്ച കഴിയുമ്പോള്‍ തടത്തില്‍ കൂടുതല്‍ എണ്ണമുള്ളവ പിഴുതുമാറ്റി ചെടികളുടെ ബാഹുല്യം നിയന്ത്രിക്കണം.

തടം നനച്ച ശേഷം വിത്ത് വിതയ്ക്കുന്നത് നന്നായി മുളയ്ക്കാന്‍ സഹായിക്കും. മറ്റു പച്ചക്കറി വിളകളെപ്പോലെ, കാരറ്റിനും തടത്തില്‍ അല്‍പ്പമെങ്കിലും ഈര്‍പ്പം തങ്ങിനില്‍ക്കുംവിധം നന ഒഴിവാകാതെ നോക്കണം. എന്നാല്‍, നന കൂടിയാല്‍ ചെടി കൂടുതല്‍ വളര്‍ന്ന് വിളവ്‌ കുറയുന്നതിനിടയാകും. ഇടയ്ക്കിടെയാണ് ഈര്‍പ്പം കിട്ടുന്നതെങ്കില്‍ കാരറ്റിന്‍റെ കിഴങ്ങുകള്‍ വിണ്ടുപൊട്ടി പോയേക്കാം.

മണ്ണിന്‍റെ വളക്കൂറു അനുസരിച്ച് വേണ്ടത്ര ജൈവവളം നടുന്നതിന് മുമ്പ് ചേര്‍ത്തിരിക്കണം. രാസവളം ഒഴിവാക്കുമ്പോള്‍ വേണ്ടത്ര ജൈവവളവും മറ്റു വളര്‍ച്ചാ ത്വരകങ്ങളും നല്‍കണം. കഴിയുന്നതും രാസവളം ഒഴിവാക്കിയുള്ള കൃഷിയാണ് കാരറ്റ് കൃഷിക്കും നമ്മുടെ ആരോഗ്യത്തിനും നല്ലത്.

സവാള

കേരളത്തിലെ മാറിവരുന്ന ഭക്ഷണ ശൈലിയില്‍ സവാളയ്ക്കുള്ള സ്ഥാനം എടുത്തു പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ സവാളയെ അടുക്കളയിലെ റാണിയെന്ന് വിശേഷിപ്പിക്കാറുണ്ട്. മഴ കുറഞ്ഞതും തണുപ്പുള്ളതുമായ കാലാവസ്ഥയാണ് സവാളയ്ക്ക് അനുയോജ്യം. എന്നാല്‍ നേരിയ തോതിലുള്ള മഴയെ അതിജീവിക്കുന്ന ഇനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ നമ്മുടെ നാട്ടിലെ മഞ്ഞുകാലത്ത് തുറസ്സായ സ്ഥലങ്ങളില്‍ സവാള കൃഷി ചെയ്യാം.

നല്ല വളക്കൂറും നീര്‍വാര്‍ച്ചയും ഇളക്കവുമുള്ള മണ്ണാണ് സവാള കൃഷിക്ക് അനുയോജ്യം. മണ്ണിലെ പുളിരസം കൂടുതലാണെങ്കില്‍, ഒരു സെന്‍റിന് 2 കി.ഗ്രാം. എന്ന തോതില്‍ കുമ്മായം ചേര്‍ത്ത് ഇളക്കി അഞ്ചോ ആറോ ദിവസങ്ങള്‍ കഴിഞ്ഞതിനുശേഷം മാത്രം കൃഷിക്കായി ഒരുങ്ങാം.

കേരളത്തിലെ സമതലങ്ങളില്‍ മഞ്ഞുകാലമാണ്‌ സവാള കൃഷി ചെയ്യാന്‍ ഏറ്റവും യോജിച്ച സമയം. അതായത് നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങള്‍. ഇതിനുവേണ്ടി സെപ്തംബര്‍ പകുതിയോടുകൂടി നഴ്സറി ഒരുക്കേണ്ടതാണ്. നവംബര്‍ മാസത്തില്‍ തുലാവര്‍ഷം തീരുന്നതോടെ തൈകള്‍ പ്രധാന കൃഷിയിടത്തിലേക്ക് നടാവുന്നതാണ്.

തവാരണകളിലോ പ്രോട്രേകളിലോ തൈകള്‍ തയ്യാറാക്കാം. സെപ്തംബര്‍ പകുതിയോടുകൂടി നഴ്സറി തുടങ്ങുന്നു. ഈ സമയത്ത് നമ്മുടെ നാട്ടില്‍ മഴയുണ്ടാകുമെന്നതിനാല്‍ മഴയില്‍നിന്ന് സംരക്ഷണം കൊടുത്തുകൊണ്ടാകണം നഴ്സറി തയ്യാറാക്കല്‍. അതുകൊണ്ടുതന്നെ ഇതാണ് സവാളകൃഷിയുടെ ഏറ്റവും നിര്‍ണ്ണായക ഘട്ടം. ചിലവുകുറഞ്ഞ മഴമറകളോ പോളി ഹൗസുകളോ ഇതിനായി തെരഞ്ഞെടുക്കാം. ഒരു സെന്റ്‌ സ്ഥലം കൃഷി ചെയ്യാന്‍ ഏകദേശം 1000 മുതല്‍ 1500 തൈകള്‍ വരെ വേണ്ടിവരും.

തവാരണകളിലാണ് തൈകള്‍ തയ്യാറാക്കുന്നതെങ്കില്‍ മഴമറക്കുള്ളില്‍ ചെറുതടങ്ങള്‍ എടുത്ത് വേണം വിത്ത് പാകാന്‍. ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ട് വേണം തടങ്ങള്‍ തയ്യാറാക്കാന്‍.

തൈകള്‍ അഴുകി പോകുന്ന രോഗമാണ് നഴ്സറിയില്‍ പ്രധാനമായും കണ്ടിരിക്കുന്നത്. ഈ അഴുകല്‍ രോഗം തടയുന്നതിനായി വിത്തിടുമ്പോള്‍ തന്നെ ഒരു സ്ക്വയര്‍ മീറ്റര്‍ തടത്തിനു 10 ഗ്രാം എന്ന തോതില്‍ സ്യൂഡോമോണാസോ ട്രൈക്കോഡര്‍മ്മയോ ചേര്‍ക്കാം. തടങ്ങളില്‍ ആവശ്യത്തിനു മാത്രം ഈര്‍പ്പം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രോട്രേകളില്‍ തൈകള്‍ തയ്യാറാക്കുന്നതിനായി ചകിരിചോര്‍, വെര്‍മികുലൈറ്റ്, പോര്‍ലൈറ്റ് എന്നിവ 4:1:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാം. പ്രോട്രേകളില്‍ വിത്ത് പാകുമ്പോള്‍ ഒരു കുഴിയില്‍ രണ്ടോ മൂന്നോ വിത്തുകള്‍ ഇട്ട് കൊടുക്കാവുന്നതാണ്. പ്രോട്രേകളില്‍ വിത്ത് പാകി തൈ തയ്യാറാക്കുമ്പോള്‍ തൈകള്‍ ഒന്നുംതന്നെ നഷ്ടപ്പെടാതെ ലഭിക്കുമെന്നതിനാല്‍ വിത്ത് വളരെ കുറച്ച് മാത്രം മതി. ഒരു സെന്റ്‌ സ്ഥലം കൃഷി ചെയ്യുന്നതിനായി തൈ പ്രോട്രേകളിലാണ് തയ്യാറാക്കുന്നതെങ്കില്‍ ഏകദേശം 10 ഗ്രാം വിത്ത് മതിയാകും. എന്നാല്‍ തടങ്ങളിലാണെങ്കില്‍ 25-30 ഗ്രാം വിത്ത് വേണ്ടിവരും. പ്രോട്രേകളിലാണെങ്കില്‍ ഈര്‍പ്പം അധികമാകാത്ത രീതിയില്‍ നന ക്രമീകരിക്കേണ്ടതാണ്.

കേരളത്തിലെ സമതലങ്ങളില്‍ കൃഷി ചെയ്യുന്നതിനായി അഗ്രിഫൌണ്ട് ഡാര്‍ക്ക് റെഡ്, അഗ്രിഫൌണ്ട് ലൈറ്റ് റെഡ്, അര്‍ക്കാ കല്യാണ്‍, അര്‍ക്ക പ്രഗതി എന്നീ ഇനങ്ങള്‍ ഉപയോഗിക്കാം.

പൂര്‍ണ്ണമായും സൂര്യപ്രകാശം കിട്ടുന്ന സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍. തൈ പറിച്ചുനടാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ചുമറിക്കുകയോ ഉഴുതുമറിക്കുകയോ ചെയ്ത്, കട്ട ഉടച്ച് നിരപ്പാക്കേണ്ടതാണ്. ഇന്നാട്ടില്‍ മണ്ണിന് പുളിരസം കൂടുതലായതിനാല്‍ നിര്‍ബന്ധമായും കുമ്മായം ചേര്‍ത്തിരിക്കണം.അതിനുശേഷം നനയ്ക്കാനുള്ള സൗകര്യം കണക്കിലെടുത്ത് ഉദ്ദേശം ഒരു മീറ്റര്‍ വീതിയുള്ള തടങ്ങള്‍ എടുക്കാം. ഈ തടങ്ങളിലാണ് തൈകള്‍ പറിച്ചുനടേണ്ടത്. വരികള്‍ തമ്മില്‍ 15-20 സെ.മീ. അകലവും ചെടികള്‍ തമ്മില്‍ 10 സെ.മീ. അകലവും നല്‍കാം. ഒരു തടത്തില്‍ അഞ്ചുവരി തൈകള്‍ നടുന്നതാണ് അഭികാമ്യം. രണ്ടു തടങ്ങള്‍ തമ്മില്‍ ഒന്നരമുതല്‍ രണ്ട് അടി അകലം നല്‍കാം. ഇത് കളനിയന്ത്രണം, വളപ്രയോഗം, ജലസേചനം എന്നീ പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കും.

നടുന്ന സമയത്ത് തൈകള്‍ക്ക് നീളം വളരെ കൂടുതലാണെങ്കില്‍ അതിന്‍റെ തലഭാഗം അല്‍പ്പം മുറിച്ചു കളഞ്ഞും നടാം.

സ്ഥലപരിമിതിയുള്ള നഗരപ്രദേശങ്ങളില്‍ ഗ്രോബാഗില്‍ അഥവാ പോളി ബാഗുകളിലോ ചട്ടികളിലോ സവാള നടാവുന്നതാണ്. സാധാരണ പച്ചക്കറി നടുന്നതിനായി ബാഗുകള്‍ തയ്യാറാക്കുന്നതുപോലെ, മണല്‍ കലര്‍ന്ന മണ്ണ്, ചാണകപ്പൊടി അഥവാ കമ്പോസ്റ്റ് ചേര്‍ന്ന മിശ്രിതം നിറയ്ക്കാവുന്നതാണ്. ഒരടി വ്യാസമുള്ള ബാഗുകളില്‍ 4 മുതല്‍ 5 തൈകള്‍ വരെ നടാം.

സവാള കൃഷി ഏറ്റവും ശ്രമകരമായ പ്രവൃത്തി കളനിയന്ത്രണമാണ്. കളകള്‍ ആദ്യദശയില്‍ തന്നെ നീക്കം ചെയ്യേണ്ടതാണ്.

അടിവളമായി ഒരു സെന്റ്‌ സ്ഥലത്ത് 80 മുതല്‍ 100 കിലോഗ്രാം ചാണകപ്പൊടിയോ കാലിവളമോ, മണ്ണിരക്കമ്പോസ്റ്റോ മറ്റ് ജൈവവളങ്ങളോ നല്‍കേണ്ടതാണ്. വളം ഇട്ടശേഷം ചെറുതായി മേല്‍മണ്ണ്‍ വിതറി കൊടുക്കേണ്ടതാണ്. കൂടുതല്‍ കനത്തില്‍ മണ്ണ് കയറ്റി കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

സമൃദ്ധിയായി ജൈവവളം നല്‍കി രാസവളം ഒഴിവാക്കിയാലും കൃഷി ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഏതെങ്കിലും ജൈവപോഷകലായനികള്‍ ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇതിനായി പുളിപ്പിച്ച നേര്‍പ്പിച്ച പിണ്ണാക്ക് ലായനിയോ ജീവാമൃതമോ അമൃത പാനിയോ ഉപയോഗിക്കാം.

നഴ്സറിയില്‍ കാണുന്ന പോലെയുള്ള അഴുകല്‍രോഗം കാര്യമായി പ്രധാന കൃഷിയിടത്തില്‍ കാണാറില്ല. എന്നിരുന്നാലും ജലസേചനം ക്രമാതീതമായിട്ടുള്ള ഇടങ്ങളിലും നീര്‍വാര്‍ച്ച കുറവായ ഇടങ്ങളിലും ഇത് കണ്ടിട്ടുണ്ട്. അതിനാല്‍ നല്ല നീര്‍വാര്‍ച്ചയും മിതമായ ജലസേചനവും ഉറപ്പാക്കേണ്ടതാണ്. കൂടാതെ സ്യൂഡോമോണാസ് 30 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഇടവിട്ട്‌ തളിച്ച് കൊടുക്കുന്നത് അഴുകല്‍ രോഗത്തെ നിയന്ത്രിക്കും.

ഇലയുടെ അഗ്രഭാഗത്തുണ്ടാകുന്ന കരിച്ചിലാണ് കാര്യമായി കാണുന്ന മറ്റൊരു പ്രശ്നം. ഇത് ചില അവസരങ്ങളില്‍ കുമിള്‍ബാധമൂലമുണ്ടാകുന്ന ഒരു രോഗമായിരിക്കും. എന്നാല്‍ സൂക്ഷ്മമൂലകങ്ങളുടെ കുറവുമൂലവും ഇത് കാണാറുണ്ട്. ഈ അവസരങ്ങളില്‍ സൂക്ഷ്മമൂലകങ്ങളുടെ മിശ്രിതം തളിച്ചുകൊടുക്കേണ്ടിവരും. കുമിള്‍ബാധയാണെങ്കില്‍ സ്യൂഡോമോണാസ് ഉപയോഗിക്കുന്നത് നല്ലതാണ്.

നമ്മുടെ നാട്ടില്‍ സവാള കൃഷി ചെയ്യുമ്പോള്‍ ഏകദേശം 70 ശതമാനം തൈകളില്‍ മാത്രമേ വലിപ്പമുള്ള സവാളകള്‍ ഉണ്ടാകാറുള്ളൂ. സവാളയുടെ ഇലകളും പോഷകസമൃദ്ധമാണെന്നതിനാല്‍ ഇലകളും  ഉപയോഗിക്കാവുന്നതാണ്. ഏകദേശം രണ്ടുമാസം പ്രായമായ തൈകള്‍ സവാള ഉണ്ടാകുന്നതിനു മുമ്പായി തന്നെ വലിച്ചെടുത്ത് ഇലകള്‍ക്കായി ഉപയോഗിക്കാം. സ്പ്രിംഗ് ഒണിയന്‍ എന്ന് വിപണിയില്‍ ലഭിക്കുന്ന ഇനത്തിനോട് സമാനമാണിവ.

തൈകള്‍ നട്ട് മൂന്നരമാസം കഴിയുന്നതോടെ വിളവെടുക്കാന്‍ തയ്യാറാകും. വിളവെടുപ്പ് അടുക്കുന്തോറും ചെടിയുടെ കടഭാഗത്ത് സവാള കണ്ടുതുടങ്ങും. ഇലകള്‍ ഉണങ്ങിത്തുടങ്ങുന്നതോടുകൂടി വിളവെടുപ്പ് നടത്താം. ഇതിനു ഏകദേശം ഒരാഴ്ച മുമ്പ് തന്നെ നന കുറയ്ക്കണം. വിളവെടുപ്പിന് മൂന്നു ദിവസം മുമ്പ് നന പൂര്‍ണ്ണമായും ഒഴിവാക്കാം.

നല്ല മണ്ണിളക്കമുള്ള ഇടമാണെങ്കില്‍ ഓരോ ചെടിയും കൈകൊണ്ട് വലിച്ചെടുക്കാവുന്നതെയുള്ളൂ. വിളവെടുപ്പിനു ശേഷം സവാള ഇലയോടുകൂടി കൂട്ടിയിടാവുന്നതാണ്. മൂന്നു മുതല്‍ അഞ്ചു ദിവസത്തിനു ശേഷം ഇലഭാഗം സവാളയോട് ചേര്‍ന്ന് ഒരു സെന്റിമീറ്റര്‍ മീതെവച്ചു മുറിച്ചു കളഞ്ഞ്, ഇളംവെയിലില്‍ വിരിച്ചിട്ട് ഉണക്കിയെടുക്കാവുന്നതാണ്. ഇങ്ങനെ ഉണക്കിയെടുത്ത സവാളകള്‍ വില്‍പ്പനയ്ക്കായി ഉപയോഗിക്കാം.

ഒരു സെന്റ്‌ സ്ഥലത്തുനിന്ന് 20 മുതല്‍ 30 കിലോഗ്രാം വിളവ്‌ പ്രതീക്ഷിക്കാം.

ശീതകാല പച്ചക്കറികളുടെ കീട-രോഗ ബാധകള്‍

കാബേജ്/കോളിഫ്ലവര്‍

രോഗങ്ങള്‍/കീടങ്ങള്‍

ലക്ഷണങ്ങള്‍

നിവാരണ മാര്‍ഗ്ഗങ്ങള്‍

ഇലതീനിപ്പുഴുക്കള്‍

 

പകല്‍ സമയത്ത് ഒളിച്ചിരിക്കുന്ന ഇവ രാത്രി സമയത്താണ് ഇലകള്‍ തിന്നു നശിപ്പിക്കുന്നത്. ഇവയെ നിയന്ത്രിച്ചില്ലെങ്കില്‍ വിളവിനെ സാരമായി ബാധിക്കുന്നതാണ്.

  • രാവിലെയോ വൈകിട്ടോ ചെടികളില്‍ കാണുന്ന പുഴുക്കളെ പിടിച്ച് നശിപ്പിക്കാം.
  • മുന്‍കരുതല്‍ എന്ന നിലയില്‍ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി-സോപ്പ് മിശ്രിതം/3-5 % വേപ്പിന്‍കുരു ലായനി രണ്ടാഴ്ചത്തെ ഇടവേളയില്‍ തളിക്കണം.

ഡയമണ്ട് ബ്ലാക്ക് മോത്ത്

 

കീടങ്ങളുടെ പുഴുക്കള്‍ ഇല തിന്നു നശിപ്പിക്കുന്നു.

  • ആക്രമണം ബാധിച്ച ഇലകളെയും പുഴുക്കളെയും നശിപ്പിക്കണം.
  • മുന്‍കരുതല്‍ എന്ന നിലയില്‍ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി-സോപ്പ് മിശ്രിതം രണ്ടാഴ്ചത്തെ ഇടവേളയില്‍ തളിക്കണം.

കറുത്ത അഴുകല്‍

തലഭാഗങ്ങളില്‍ കറുപ്പ് നിറം വ്യാപകമാകുന്നു. ക്രമേണ ഇവ അഴുകുകയും ഉള്ളിലേക്ക് വ്യാപിക്കുകയും ചെയ്യും.

  • വിത്തുപചാരം നടത്തുക. വിത്ത് ചെറുചൂടുവെള്ളത്തില്‍ (50-52 ഡിഗ്രി) അരമണിക്കൂര്‍ ഇട്ടശേഷം വാരിയെടുക്കാം.
  • സ്യൂഡോമോണാസ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ ഇട്ട് വെച്ചശേഷം നടാം.
  • മണ്ണില്‍ സെന്റൊന്നിനു 2.5 കിലോഗ്രാം കുമ്മായം ചേര്‍ക്കണം.
  • സ്യൂഡോമോണാസ് ഒരു കിലോഗ്രാം + 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി/മണലുമായി ചേര്‍ത്തശേഷം മണ്ണില്‍ ഇട്ടുകൊടുക്കുക.
  • രോഗപ്രതിരോധശേഷിക്ക് പൊട്ടാഷ് വളം നിര്‍ബന്ധമായും ഇട്ട് കൊടുക്കണം.
  • കൂടാതെ സ്യൂഡോമോണാസ് 10-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം.

തല അഴുകല്‍ രോഗം

കാബേജിന്‍റെ ഇലകളില്‍ നിറവ്യത്യാസങ്ങള്‍ ഉണ്ടാകുകയും അവ കൂടിച്ചേര്‍ന്ന് കരിയുകയും നല്ല ഭാഗം മുഴുവന്‍ അഴുകുകയും ചെയ്യും. കോളിഫ്ലവറിന്‍റെ കര്‍ടുകള്‍ (പൂവ്) വിളവെടുക്കാന്‍ വൈകിയാല്‍ കറുത്ത പൊട്ടുകള്‍ കാണപ്പെടുകയും അവ വശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അഴുകല്‍ കൂടുന്നതോടെ ദുര്‍ഗന്ധം ഉണ്ടാകുകയും ചെയ്യും.

  • മണ്ണില്‍ സെന്റൊന്നിനു 2.5 കിലോഗ്രാം കുമ്മായം ചേര്‍ക്കണം.
  • വിത്തുപചാരം നടത്തുക. വിത്ത് ചെറുചൂടുവെള്ളത്തില്‍ (50 – 52 ഡിഗ്രി സെല്‍ഷ്യസ്) അരമണിക്കൂര്‍ ഇട്ടുവെച്ച ശേഷം വാരിയെടുക്കാം.
  • സ്യൂഡോമോണാസ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ ഇട്ടുവെച്ച ശേഷം നടാം.
    • സ്യൂഡോമോണാസ് ഒരു കിലോഗ്രാം +20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി/മണലുമായി ചേര്‍ത്തശേഷം മണ്ണില്‍ ഇട്ടുകൊടുക്കുക.
    • രോഗപ്രതിരോധശേഷിക്ക് പൊട്ടാഷ് വളം നിര്‍ബന്ധമായും ഇട്ട് കൊടുക്കണം.
  • കൂടാതെ സ്യൂഡോമോണാസ് 10-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം.

മൃദുരോമ പൂപ്പല്‍ രോഗം

ഇലകളുടെ അടിവശത്ത് തവിട്ടുനിറത്തില്‍ കുത്തുകളും പൊട്ടുകളും കാണപ്പെടുന്നു. ഈ കുത്തുകളുടെ മുകള്‍ഭാഗത്ത് മഞ്ഞ കലര്‍ന്ന ആവരണം കാണാം. കോളിഫ്ലവറിന്‍റെ കര്‍ടുകളില്‍ (പൂക്കള്‍) കറുപ്പ്/തവിട്ടു നിറത്തിലുള്ള നിറവ്യത്യാസം ഉണ്ടാകും. കാബേജിന്‍റെ തലഭാഗം കറുപ്പ് നിറം കാണപ്പെടുകയും ക്രമേണ അഴുകുകയും ചെയ്യുന്നു.

  • വിത്തുപചാരം നടത്തുക. വിത്ത് ചെറുചൂടുവെള്ളത്തില്‍ അരമണിക്കൂര്‍ ഇട്ടുവെച്ച ശേഷം വാരിയെടുക്കാം.
  • സ്യൂഡോമോണാസ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ ഇട്ടുവെച്ച ശേഷം നടാം.
    • മണ്ണില്‍ സെന്റൊന്നിനു 2.5 കിലോഗ്രാം കുമ്മായം ചേര്‍ക്കണം.
    • സ്യൂഡോമോണാസ് ഒരു കിലോഗ്രാം +20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി/മണലുമായി ചേര്‍ത്തശേഷം മണ്ണില്‍ ഇട്ടുകൊടുക്കുക.
    • രോഗപ്രതിരോധശേഷിക്ക് പൊട്ടാഷ് വളം നിര്‍ബന്ധമായും ഇട്ട് കൊടുക്കണം.
  • കൂടാതെ സ്യൂഡോമോണാസ് 10-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം.

ബീറ്റ്റൂട്ട്/കാരറ്റ്

രോഗങ്ങള്‍/കീടങ്ങള്‍

ലക്ഷണങ്ങള്‍

നിവാരണ മാര്‍ഗ്ഗങ്ങള്‍

സേര്‍ക്കൊസ്പോറ

ഇലപ്പൊട്ട് രോഗം

ഇലകളില്‍ തവിട്ടുനിറത്തിലുള്ള പൊട്ടുകള്‍ക്ക് ചുറ്റും

  • വിത്തുപചാരം സ്യൂഡോമോണാസ് 10 ഗ്രാം ഒരു കിലോഗ്രാം വിത്തിന്
  • രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ വിള പരിക്രമം നടത്തണം.
  • സ്യൂഡോമോണാസ് 10-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കണം.
  • വിളവെടുപ്പിന് ശേഷം ചെടിയുടെ അവശിഷ്ടങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്ത് തോട്ടം വൃത്തിയാക്കി സൂക്ഷിക്കണം.

കാരറ്റ് തൈ ചീയല്‍

ഇതൊരു കുമിള്‍രോഗമാണ്. തൈകളുടെ കടഭാഗം തറനിരപ്പില്‍ വെച്ച് അഴുകി മറിഞ്ഞു വീഴുന്നു. ചിലപ്പോള്‍ വിത്ത് മുളയ്ക്കാതെ മണ്ണിനടിയില്‍വെച്ച് തന്നെ ചീഞ്ഞളിഞ്ഞ്‌ പോകും.

  • വിത്തുപചാരം (സ്യൂഡോമോണാസ് 10 ഗ്രാം ഒരു കിലോഗ്രാം വിത്തിന്) നടത്തുക
  • നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പാക്കിയ തവാരണകളില്‍ വേണം വിത്ത് പാകേണ്ടത്.
  • വിത്ത് പാകാനുള്ള തവാരണയില്‍ കുമ്മായം ഇട്ട് ഒരാഴ്ചയ്ക്ക് ശേഷം സ്യൂഡോമോണാസ്/ട്രൈക്കോടെര്‍മ ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്ത് കൊടുത്താല്‍ തൈ ചീയല്‍ രോഗം നിയന്ത്രിക്കാന്‍ സാധിക്കും.

ചീയല്‍ രോഗം

ബാക്ടീരിയ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. രോഗം ബാധിച്ചു ചെടികള്‍ പെട്ടെന്ന് വാടിപ്പോകുന്നു. ഇലകള്‍ താഴേക്ക് ചുരുളുകയും ക്രമേണ കൊഴിയുകയും ചെയ്യും.

  • നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പാക്കണം.
  • രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കണം.
  • വിള പരിക്രമം നടപ്പിലാക്കുക.
  • സ്യൂഡോമോണാസ് 10-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കണം. കൂടാതെ 1 കിലോഗ്രാം സ്യൂഡോമോണാസ്, ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ മണലുമായി ചേര്‍ത്തശേഷം ഒരേക്കര്‍ സ്ഥലത്തെ ചെടിയുടെ ചുവട്ടില്‍ ഇട്ടുകൊടുക്കാം.

ബീന്‍സ്

രോഗങ്ങള്‍/കീടങ്ങള്‍

ലക്ഷണങ്ങള്‍

നിവാരണ മാര്‍ഗ്ഗങ്ങള്‍

ചൂര്‍ണ്ണപ്പൂപ്പ്

(പൌഡറി മില്‍ഡ്യൂ)

മഞ്ഞുകാലത്താണ് ഈ രോഗം കാണുന്നത്. ഇലകളിലും തണ്ടിലും പൌഡര്‍ പൂശിയപോലെ കാണുകയും ഇലവാടി കൊഴിഞ്ഞു നശിക്കുകയും കായ്ഫലം കുറയുകയും ചെയ്യുന്നു.

  • സ്യൂഡോമോണാസ് 10-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളിലും തണ്ടിലും വീഴത്തക്കവണ്ണം  തളിക്കണം.
  • ഗന്ധക കുമിള്‍നാശിനികളായ സള്‍ട്ടാഫ്, സള്‍ഫെക്സ്‌ എന്നിവയില്‍ ഒന്ന് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം.

ആന്ത്രാക്നോസ്

ഇലകളിലും കായ്കളിലും വൃത്താകൃതിയിലോ ആകൃതിയില്ലാത്തതോ ആയ പാടുകള്‍ കാണാം. കായകളില്‍ കാണുന്ന പൊട്ടുകളുടെ ഭാഗം കുഴിഞ്ഞിരിക്കും. ചെടികളില്‍ കാണപ്പെടുന്ന പൊട്ടുകളില്‍ നിന്ന് പശപോലുള്ള ദ്രാവകം ഊറി വരുന്നത് കാണാം.

  • രോഗം വന്ന ഭാഗങ്ങള്‍ മാറ്റി നശിപ്പിക്കണം.
  • സ്യൂഡോമോണാസ് 10-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളം അല്ലെങ്കില്‍ ട്രൈക്കോടെര്‍മ 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിക്കണം.

തൈ ചീയല്‍

ഇതൊരു കുമിള്‍രോഗമാണ്. തൈകളുടെ കടഭാഗം തറനിരപ്പില്‍ വെച്ച് അഴുകി മറിഞ്ഞു വീഴുന്നു. ചിലപ്പോള്‍ വിത്ത് മുളയ്ക്കാതെ മണ്ണിനടിയില്‍വെച്ച് തന്നെ ചീഞ്ഞളിഞ്ഞ്‌ പോകും.

  • വിത്തുപചാരം (സ്യൂഡോമോണാസ് 10 ഗ്രാം ഒരു കിലോഗ്രാം വിത്തിന്) നടത്തുക
  • നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പാക്കിയ തവാരണകളില്‍ വേണം വിത്ത് പാകേണ്ടത്.
  • വിത്ത് പാകാനുള്ള തവാരണയില്‍ കുമ്മായം ഇട്ട് ഒരാഴ്ചയ്ക്ക് ശേഷം സ്യൂഡോമോണാസ്/ട്രൈക്കോടെര്‍മ ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്ത് കൊടുത്താല്‍ തൈ ചീയല്‍ രോഗം നിയന്ത്രിക്കാന്‍ സാധിക്കും.

ചീയല്‍ രോഗം

ബാക്ടീരിയ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. രോഗം ബാധിച്ചു ചെടികള്‍ പെട്ടെന്ന് വാടിപ്പോകുന്നു. ഇലകള്‍ താഴേക്ക് ചുരുളുകയും ക്രമേണ കൊഴിയുകയും ചെയ്യും.

  • നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പാക്കണം.
  • രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കണം.
  • വിള പരിക്രമം നടപ്പിലാക്കുക.
  • സ്യൂഡോമോണാസ് 10-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കണം. കൂടാതെ 1 കിലോഗ്രാം സ്യൂഡോമോണാസ്, ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ മണലുമായി ചേര്‍ത്തശേഷം ഒരേക്കര്‍ സ്ഥലത്തെ ചെടിയുടെ ചുവട്ടില്‍ ഇട്ടുകൊടുക്കാം.

മുഞ്ഞ

ബീന്‍സിന്‍റെ ഇളംതണ്ട്, ഇല പൂവ്, കായ് എന്നിവയില്‍ കൂട്ടംകൂടിയിരുന്ന് കറുത്ത നിറത്തിലുള്ള മുഞ്ഞ നീരൂറ്റിക്കുടിക്കുന്നു. തന്മൂലം ഇല മഞ്ഞളിക്കുകയും ചെടിയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ചെടി പൂവിടുന്ന സമയത്താണ് ഇവയുടെ ആക്രമണം കൂടുതലായും കാണുന്നത്.

പുകയില കഷായം അല്ലെങ്കില്‍ നാറ്റപ്പൂച്ചെടി എമല്‍ഷന്‍ തളിക്കുക. 3-5 ശതമാനം വീര്യത്തില്‍ വേപ്പിന്‍കുരു ലായനി/വേപ്പധിഷ്ടിത കീടനാശിനികളായ നീമസോള്‍, നിബിസിഡില്‍ എന്നിവയും 4-6 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് മുന്‍കരുതല്‍ എന്ന രീതിയില്‍ തളിക്കണം.

കായ് തുരപ്പന്‍ പുഴു

പുഴുക്കള്‍ കായയുടെ പുറത്തിരുന്ന് തൊണ്ട് തുളച്ച് തല കടത്തി ഉള്‍ഭാഗം തിന്നുന്നു.

മുന്‍കരുതല്‍ എന്ന നിലയില്‍ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി-സോപ്പ് മിശ്രിതം രണ്ടാഴ്ച്ചത്തെ ഇടവേളയില്‍ തളിക്കണം.

സവാള

രോഗങ്ങള്‍/കീടങ്ങള്‍

ലക്ഷണങ്ങള്‍

നിവാരണ മാര്‍ഗ്ഗങ്ങള്‍

തൈ ചീയല്‍ രോഗം

(Damping off)

തണുത്ത കാലാവസ്ഥയിലാണ് ഈ കുമിള്‍രോഗം കൂടുതലായും കാണുന്നത്. വിത്ത് വെള്ളം നനഞ്ഞ പോലെയും വേരുകള്‍ അഴുകി ചാരനിറത്തിലും കാണപ്പെടും. മുളച്ച തൈകളുടെ കടഭാഗം തറനിരപ്പില്‍ വെച്ച് അഴുകി നശിക്കുകയും ചെയ്യുന്നു. മിക്കവാറും വിത്ത് മുളയ്ക്കാതെ മണ്ണിനടിയില്‍ വെച്ച് തന്നെ ചീഞ്ഞളിഞ്ഞ്‌ പോകും.

  • വിത്തുപചാരം (സ്യൂഡോമോണാസ് 10 ഗ്രാം ഒരു കിലോഗ്രാം വിത്തിന്) നടത്തുക
  • നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പാക്കിയ തവാരണകളില്‍ വേണം വിത്ത് പാകേണ്ടത്.
    • വിത്ത് പാകാനുള്ള മണ്ണ് സൂര്യതാപീകരണം നടത്തുക (soil solarisation) അല്ലെങ്കില്‍ വിത്ത് പാകാനുള്ള തവാരണയില്‍ കുമ്മായം ഇട്ട് ഒരാഴ്ചയ്ക്ക് ശേഷം സ്യൂഡോമോണാസ്/ട്രൈക്കോടെര്‍മ ഉണങ്ങിയ ചാണകപ്പൊടിയും (1:20) ചേര്‍ത്ത് കൊടുത്താല്‍ തൈ ചീയല്‍ രോഗം കുറയ്ക്കാന്‍ സാധിക്കും.

മൃദുരോമ പൂപ്പല്‍ രോഗം

(Downy Mildew)

കുമിള്‍രോഗമാണ്. ഇലകളില്‍ വിളറിയ പുള്ളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് പര്‍പ്പിള്‍ നിറത്തില്‍ നീളത്തിലുള്ള പാടുകള്‍ രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഇവ പിന്നീട് മഞ്ഞനിറത്തിലാവുകയും ഇലകളുടെ അഗ്രഭാഗം കരിഞ്ഞ് ഒടിഞ്ഞുതൂങ്ങുകയും ചെയ്യുന്നു.

  • വിത്തുപചാരം (സ്യൂഡോമോണാസ് 10 ഗ്രാം ഒരു കിലോഗ്രാം വിത്തിന്) നടത്തുക
    • നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പുവരുത്തണം.
    • കളനിയന്ത്രണം നടത്തണം.
    • സ്യൂഡോമോണാസ് 10-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയുടെ എല്ലാ ഭാഗത്തും തളിച്ച് കൊടുക്കണം.

ഇലതീനിപ്പുഴുക്കള്‍

(Spodoptera Sps.)

മണ്ണ് നിരപ്പിന്‍റെ തൊട്ടു മുകളിലായി കടഭാഗം തിന്നു നശിപ്പിക്കുന്നു. ഇവയുടെ ആക്രമണം കൂടുതലായും രാത്രി കാലങ്ങളിലാണ് കണ്ടുവരുന്നത്.

  • തോട്ടം വൃത്തിയായി സൂക്ഷിക്കണം.
  • ബ്യുവേറിയ എന്ന കുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 5 ഗ്രാം സോപ്പും ചേര്‍ത്ത് കടയ്ക്കല്‍ ഒഴിക്കണം. ഒപ്പം ചെടികളിലും തളിക്കണം. രാവിലെ അല്ലെങ്കില്‍ വൈകുന്നേരം ആണ് ഇത് ചെയ്യേണ്ടത്.
  • 3-5% വീര്യമുള്ള വേപ്പിന്‍ കുരു ലായനി തളിച്ച് കൊടുത്തും ഇവയെ നിയന്ത്രിക്കും.

ശീതകാല പച്ചക്കറി വിളകളുടെ തൈ ഉത്പാദനം

ഇന്ന് പ്രചാരത്തിലുള്ള ശീതകാല വിളകളായ കാബേജും കോളിഫ്ലവറും വിത്ത് മുളപ്പിച്ച് തൈകളുണ്ടാക്കി, അവ പ്രധാന കൃഷിയിടത്തിലേക്ക് നട്ടാണ്‌ കൃഷി ചെയ്യുന്നത്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ ഏറ്റവും അനുയോജ്യമായി കണ്ടെത്തിയ മിക്ക ഇനങ്ങളും സങ്കര ഇനങ്ങളാണ്. അതിനാല്‍ തന്നെ അവയുടെ വിത്തിനായി നാം സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നു. മാത്രമല്ല, ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍ ഒഴികെ ഒട്ടുമിക്ക സ്ഥലങ്ങളിലും ശീതകാല പച്ചക്കറി വിളകളുടെ വിത്തുത്പാദനം സാധ്യമല്ലതാനും. ഇതുതന്നെയാണ് കാരറ്റിന്‍റെയും ബീറ്റ്റൂട്ടിന്‍റെയും അവസ്ഥ. രണ്ടും വിത്ത് നേരിട്ട് പാകി കൃഷി ചെയ്യുന്ന വിളയാണെന്ന് മാത്രം. ബീന്‍സ് വിത്ത് നേരിട്ട് പാകിയും ഇളംതൈകള്‍ (10-12 ദിവസം പ്രായമായ) നട്ടും കൃഷി ചെയ്യാവുന്നതാണ്. എന്നാല്‍ ഉദ്ദേശം 5 മാസം വിള ദൈര്‍ഘ്യമുള്ള സവാള 1-2 മാസം പ്രായമുള്ള തൈകളാക്കി പറിച്ചു നടുന്ന രീതിയാണ് കേരളത്തിനുത്തമം.

കാബേജ്/കോളിഫ്ലവര്‍

കടുകുമണിയോളം വലുപ്പമുള്ള ഈ വിത്തുകള്‍ മൂന്നാം ദിവസം മുളച്ച് പൊന്തും. 10 ഗ്രാം വിത്തില്‍ നിന്നും 2,500 മുതല്‍ 3,000 ത്തോളം തൈകള്‍ പ്രതീക്ഷിക്കാം. ഒരു സെന്റ്‌ സ്ഥലം നടാന്‍ നൂറ്റമ്പതോളം തൈകള്‍ വേണ്ടിവരും.

നടീല്‍കാലം എന്ന് പറയുന്ന നവംബര്‍, ഡിസംബര്‍ കാലങ്ങളില്‍ കൃഷി ചെയ്യുന്നതിന് വേണ്ടുന്ന തൈകള്‍ ഒരുമാസം മുമ്പുതന്നെ തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അങ്ങിനെ വരുമ്പോള്‍ വിത്തിടെണ്ട സമയം ഒക്ടോബര്‍-നവംബര്‍ ആണല്ലോ. ഈ സമയങ്ങളില്‍ തുലാവര്‍ഷം ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മഴ മറയിലോ, പോളിഹൗസ് അഥവാ ഹരിതഗൃഹങ്ങളിലോ വേണം തൈ ഉത്പാദനം നടത്താന്‍.

മറ്റു പച്ചക്കറി വിളകളിലെന്ന പോലെ തടങ്ങളില്‍ വിത്തുപാകി തൈ തയ്യാറാക്കാം. എന്നാല്‍, ഇവിടുത്തെ ആര്‍ദ്രമായ ചൂടില്‍ അഴുകിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ശക്തിയാര്‍ന്ന തൈകള്‍ കൂടുതലായി ലഭിക്കണമെങ്കില്‍ പ്രോട്രെകളിലുള്ള നൂതന തൈ ഉത്പാദന രീതികള്‍ തന്നെയാണ് നല്ലത്.

പ്രോട്രേകളിലുള്ള തൈ ഉത്പാദനം

വിത്ത് ഇടുന്ന മാധ്യമം മണ്ണല്ലെങ്കില്‍ അഴുകലിനുള്ള സാധ്യത കുറവാണ്. മണ്ണുരഹിതമായ തൈകള്‍ ഉണ്ടാക്കുമ്പോള്‍ ഏറ്റവും അനുയോജ്യമായ മാധ്യമം ചകിരിചോര്‍ കമ്പോസ്റ്റ്, വെര്‍മികുലൈറ്റ്, പെര്‍ലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തില്‍ തയ്യാറാക്കിയ മിശ്രിതമാണ്. ഈ മിശ്രിതത്തില്‍ പുളിരസം കൂടുതലാണെങ്കില്‍ അല്‍പ്പം കുമ്മായം ചേര്‍ത്ത് കൊടുക്കുന്നത് നല്ലതാണ്.

ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം പ്രോട്രേകളില്‍ നിറച്ച് അതില്‍ ഒരു കുഴിയില്‍ ഒരു വിത്ത് എന്ന രീതിയില്‍ പാകി അല്‍പ്പം മിശ്രിതം മുകളില്‍ തൂവി ട്രേകള്‍ 10 എണ്ണം വീതമുള്ള അടുക്കുകള്‍ ആക്കി വയ്ക്കാം. ഇതിലെ ആപേക്ഷിക ആര്‍ദ്രത കൂടുന്നതിനായി പ്ലാസ്റ്റിക്‌ ഷീറ്റ് കൊണ്ട് മൂടി പൊതിഞ്ഞു വയ്ക്കാം. മൂന്നാം നാള്‍ വിയര്‍പ്പാര്‍ന്ന ഷീറ്റ് എടുത്തുമാറ്റി ട്രേകള്‍ നിരത്തി വയ്ക്കണം. നിരത്തുന്ന പ്രതലം അല്‍പ്പം ചരിവുള്ളതാണെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാനുള്ള സാധ്യത ഉണ്ടാകാറില്ല.

തൈകള്‍ തയ്യാറാക്കാനായി ഒരുക്കിയ ഷെഡില്‍ തണല്‍ കൂടുതലാണെങ്കില്‍ തൈകള്‍ നീണ്ട് ഓടിയാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ തൈ ഉത്പാദന ഷെഡില്‍ തണല്‍ വളരെയധികം നിയന്ത്രിക്കണം.

വിത്ത് മുളച്ച് അഞ്ചാം നാള്‍ മുതല്‍ ചെറുപോഷണം എന്ന രീതിയില്‍ നനയ്ക്കുന്ന വെള്ളത്തിലൂടെ വളക്കൂട്ടുകള്‍ നല്‍കാവുന്നതാണ്. വെള്ളത്തില്‍ പൂര്‍ണ്ണമായും അലിയുന്ന ദ്രാവക രൂപത്തിലുള്ള വളങ്ങള്‍ വളരെ ചെറുതോതില്‍ മാത്രം നല്‍കുക. പ്രായമാകുന്നതിനനുസരിച്ച് വളക്കൂട്ടിന്‍റെ അളവും കൂട്ടാവുന്നതാണ്. നമ്മുടെ നാട്ടിലേക്ക് എത്തിപ്പെട്ട ഒരു വിളയായതിനാല്‍ സൂക്ഷ്മമൂലകങ്ങളുടെ അഭാവം സാധാരണ കാണാറുണ്ട്. ഈ മൂലകങ്ങളുടെ അഭാവം കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങള്‍ പലതും രോഗകീട ബാധയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അതിനാല്‍ മുന്‍കരുതല്‍ എന്ന രീതിയില്‍ തന്നെ സൂക്ഷ്മമൂലകങ്ങള്‍ തളിച്ച് കൊടുക്കുന്നത് നല്ലതാണ്. ഇതിനായി വിപണിയില്‍ ലഭ്യമാകുന്ന മിശ്രിതങ്ങളെ ആശ്രയിക്കാം. മൂന്നാഴ്ച പ്രായമായ തൈകള്‍ പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചു നടാം. ഈ സമയത്ത് ചെടികളില്‍ 3-4 ഇലകള്‍ കാണാവുന്നതാണ്.

ഈ തൈകള്‍ പ്രധാന കൃഷിയിടത്തിലേക്ക് വയ്ക്കുമ്പോള്‍, അവ ട്രേയില്‍ നിന്നും കടഭാഗം പിടിച്ച് ഉയര്‍ത്തി എടുത്താല്‍ മതിയാകും. മാധ്യമത്തില്‍ ഇടകലര്‍ന്ന വേരുപടലത്തിനു കോട്ടം തട്ടാത്ത രീതിയില്‍ മാധ്യമമടക്കം മണ്ണില്‍ നേരിട്ട് ഇറക്കി വയ്ക്കാവുന്നതാണ്.

കാരറ്റ്/ബീറ്റ്റൂട്ട്

കിഴങ്ങു വിളകളായ കാരറ്റും ബീറ്റ്റൂട്ടും വിത്ത് നേരിട്ട് പാകി കൃഷി ചെയ്യാവുന്നതാണ് രീതി. ഏകദേശം 70-80 ദിവസം മാത്രം വിളദൈര്‍ഘ്യമുള്ള ഈ വിളകള്‍ തുലാവര്‍ഷം വിടുന്നതോടുകൂടി നടാം. വാരങ്ങള്‍ എടുത്ത് അതില്‍ വരിയായി വിത്ത് വിതയ്ക്കാം. മുളച്ച് പൊന്തുന്ന തൈകള്‍ ആവശ്യമുള്ള ഇടയകലം നല്‍കി, കൂടുതലുള്ളത് നീക്കം ചെയ്യണം.

പ്രോട്രേകളില്‍ വിത്ത് പാകി തൈകള്‍ ഉണ്ടാക്കി പറിച്ചുവയ്ക്കുന്ന രീതി ചെറു കൃഷിയിടങ്ങളിലേക്ക് വേണ്ടി അനുവര്‍ത്തിക്കാം. എന്നാല്‍, 12-15 ദിവസം പ്രായമായ തൈകള്‍ വേണം പ്രധാന കൃഷിയിടത്തിലേക്ക് നടുവാന്‍. ഒരു സെന്റ്‌ സ്ഥലത്തേക്ക് ആയിരത്തി അഞ്ഞൂറോളം തൈകള്‍ വേണ്ടിവരും. ഒരു യൂണിറ്റ് സ്ഥലത്തേക്ക് കൂടുതല്‍ തൈകള്‍ വേണ്ടിവരും എന്നതിനാല്‍ പ്രോട്രേകളിലുള്ള തൈ ഉത്പാദനം ലാഭകരമല്ല എന്നുവേണം കരുതാന്‍. മാത്രമല്ല, കാരറ്റ് തൈകള്‍ വച്ച് കൃഷി ചെയ്യുമ്പോള്‍ അതിന് പൊതുവേ കാണുന്ന നീണ്ട കോണ്‍ ആകൃതി നഷ്ടമാകുന്നതായും കണ്ടിട്ടുണ്ട്.

ബീന്‍സ്

പയറുവര്‍ഗ്ഗത്തില്‍പ്പെട്ട ഈ ശീതകാല വിളയില്‍ വള്ളി ഇനങ്ങളും കുറ്റി ഇനങ്ങളും ഉണ്ട്. വിത്ത് നേരിട്ട് പാകി കൃഷി ചെയ്യുന്ന വിളയാണെങ്കിലും ചെറിയ കൃഷിയിടത്തിലേക്കായി പ്രോട്രേകളില്‍ തൈകള്‍ തയ്യാറാക്കി എടുക്കാം. ഉദ്ദേശം 10-12 ദിവസം പ്രായമായ തൈകള്‍ കൃഷിയിടത്തിലേക്ക് നടാവുന്നതാണ്.

സവാള

ഇതുവരെ പറഞ്ഞ വിളകളില്‍നിന്നും വ്യത്യസ്തമായി എടുത്തുപറയാവുന്നത് സവാളയുടെ വിളദൈര്‍ഘ്യം തന്നെയാണ്. മറ്റെല്ലാ വിളകളും 2-3 മാസം കൊണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ സവാള 5 മാസം കൊണ്ടുമാത്രമേ വിളവെടുപ്പിന് പാകമാകൂ. അതുകൊണ്ടുതന്നെ കൃഷിയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ കൂടുതലാണ്.

വിത്ത് നേരിട്ട് പാകിയും തൈകള്‍ പറിച്ചുവച്ചും സവാള കൃഷി ചെയ്യാം. കേരളത്തില്‍ നാം ആസ്വദിക്കുന്ന ചെറുമഞ്ഞുകാലം ക്ഷണികമാണെന്നതിനാലും, ഇടവിട്ടുള്ള മഴ പ്രതീക്ഷിക്കുന്നതിനാലും, മഴമറ / ഹരിതഗൃഹങ്ങളില്‍ തൈ ഉണ്ടാക്കി നടുന്ന കൃഷി രീതിയാണ്‌ നല്ലത്.

സവാളയുടെ നഴ്സറി കാലം 6-8 ആഴ്ചയാണ്. ഒരു സെന്റിലേക്ക് 1200 തൈകള്‍ വേണ്ടിവരും. മഴമറയില്‍ ചെറുതടങ്ങള്‍ എടുത്ത് അതില്‍ വിത്ത് വരിയായി പാകി തൈകള്‍ തയ്യാറാക്കാം. ഒരു ഗ്രാമില്‍ മുന്നൂറില്‍ പരം വിത്തുകള്‍ കാണാറുണ്ട്. കൃഷിയില്‍ തുടക്കക്കാരായിട്ടുള്ളവര്‍ക്ക് പ്രോട്രേകളില്‍ വിത്ത് മുളപ്പിച്ച് തൈ നടുന്നതാണ് നല്ലത്. ട്രേകളിലെ ഒരു കുഴിയില്‍ 3-4 വിത്തുകള്‍ വരെ പാകാം.

വിഷമില്ലാത്ത പച്ചക്കറി കൃഷിക്ക് ജൈവവളങ്ങള്‍

മണ്ണിരക്കമ്പോസ്റ്റ്

സാധാരണ കമ്പോസ്റ്റുണ്ടാക്കുന്നതിനു ചുരുങ്ങിയത് 5-6 മാസം ആവശ്യമാണ്‌. എന്നാല്‍ 45-60 ദിവസംകൊണ്ട് മണ്ണിരയുടെ സഹായത്തോടെ പോഷകസമൃദ്ധമായ കമ്പോസ്റ്റ് ഉണ്ടാക്കാന്‍ കഴിയും. മണ്ണിരയെ ഉപയോഗിച്ച് ഉണ്ടാക്കുന്ന കമ്പോസ്റ്റിനെയാണ് മണ്ണിരക്കമ്പോസ്റ്റെന്നു പറയുന്നത്. നാടന്‍ മണ്ണിരകളെ അപേക്ഷിച്ച് ചപ്പുചവറുകളെ കമ്പോസ്റ്റാക്കി മാറ്റാന്‍ കൂടുതല്‍ കഴിവുള്ളത് ആഫ്രിക്കന്‍ മണ്ണിരകള്‍ക്കാണ്.

വീടിനുള്ളില്‍ത്തന്നെ ഒരു വീഞ്ഞപ്പെട്ടിയിലോ അടിവിസ്താരമുള്ള പ്ലാസ്റ്റിക്‌ പാത്രത്തിലോ കമ്പോസ്റ്റ് ഉണ്ടാക്കാന്‍ കഴിയും.ഒന്നര അടി നീളവും വീതിയും പൊക്കവുമുള്ള വീഞ്ഞപ്പെട്ടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്‍റെ അടിവശത്ത് പ്ലാസ്റ്റിക്‌ ഷീറ്റ് വിരിച്ചു ചെറിയ സുഷിരങ്ങള്‍ ഇട്ട് കൊടുക്കണം. വെള്ളം വാര്‍ന്നുപോകുന്നതിനും വീഞ്ഞപ്പെട്ടി ചീത്തയാകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.ഏകദേശം 4 ഇഞ്ച്‌ കനത്തില്‍ ചരലും ഇതിനുമീതെ 4 ഇഞ്ച്‌ കനത്തില്‍ ചകിരിയും നിരത്തി നല്ലവണ്ണം നനച്ചതിനുശേഷം 100 മുതല്‍ 250 വിരകളെ വരെ നിക്ഷേപിക്കാം.

അടുക്കളയില്‍ നിന്നുള്ള പച്ചക്കറിയുടെയും മറ്റ് വസ്തുക്കളുടെയും അവശിഷ്ടങ്ങള്‍ ദിവസംതോറും ഇതിനുമേലെ നിരത്തണം. ഉണങ്ങിയ ഇലകളോ കടലാസ് കഷണങ്ങളോ ഇടയ്ക്കിടുന്നത് വിരകള്‍ക്കാവശ്യമായ വായു ലഭിക്കുന്നതിനും അധികമുള്ള ഈര്‍പ്പം വലിച്ചെടുക്കുന്നതിനും സഹായിക്കുന്നു. പച്ചക്കറി അവശിഷ്ടങ്ങളില്‍ ജലാംശം ഉള്ളതുകൊണ്ട് പ്രത്യേകിച്ച് വെള്ളം തളിക്കേണ്ടതില്ല. എന്നാല്‍ അല്‍പ്പം ചാണകം ചേര്‍ക്കുന്നത് കമ്പോസ്റ്റ് നിര്‍മ്മാണത്തെ ത്വരിതപ്പെടുത്തും. എരിവും എണ്ണമയവുമുള്ള അവശിഷ്ടങ്ങള്‍ നല്ലതല്ല. പെട്ടി നിറഞ്ഞു കഴിഞ്ഞാല്‍ കമ്പിവല വച്ചതിനുശേഷം ചാക്ക് കഷണം കൊണ്ട് മൂടണം. കമ്പിവല വെക്കുന്നത് കൊണ്ട് എലിശല്യം ഉണ്ടാകുകയില്ല. ഇഷ്ടികയുടെയോ കല്ലിന്‍റെയോ മുകളില്‍ വീഞ്ഞപ്പെട്ടി വെക്കാം. കല്ലിന് ചുറ്റും മഞ്ഞള്‍പ്പൊടിയും ഉപ്പുംചേര്‍ത്ത മിശ്രിതം തൂവിക്കൊടുക്കുന്നത് ഉറുമ്പുശല്യം ഒഴിവാക്കാന്‍ സഹായിക്കും.

ആഴ്ചയില്‍ ഒരിക്കല്‍ കമ്പോസ്റ്റ് ഇളക്കിക്കൊടുക്കണം. ആറാഴ്ചക്കകം നല്ല കറുത്ത നിറമുള്ള കമ്പോസ്റ്റ് തയ്യാറാകും. വിരകളെ മുകള്‍ഭാഗത്ത് നിന്നും താഴേക്ക് മാറ്റുന്നതിനായി വീഞ്ഞപ്പെട്ടി ഇളംവെയിലത്ത് വെക്കണം. മീതെയുള്ള കമ്പോസ്റ്റ് മാറ്റിയതിനുശേഷം, ഈ പെട്ടിയും അതിലെ വിരകളെയും വീണ്ടും കമ്പോസ്റ്റ് നിര്‍മ്മാണത്തിനായി ഉപയോഗിക്കാം.

വെര്‍മിവാഷ്

മണ്ണിരക്കമ്പോസ്റ്റിലൂടെ വെള്ളമോ ചാണക വെള്ളമോ സാവധാനം ഒഴിച്ച് ഒരു നിശ്ചിത സമയത്തിനു ശേഷം (ഏകദേശം 24 മണിക്കൂര്‍) ശേഖരിക്കുന്ന ദ്രവരൂപത്തിലുള്ള ജൈവവളമാണ് വെര്‍മിവാഷ്. ഇത് നേരിട്ട് മണ്ണില്‍ ഒഴിച്ചുകൊടുക്കുകയോ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലകളിലൂടെ തളിച്ചുകൊടുക്കുകയോ ചെയ്യാം.

ചകിരിചോര്‍ കമ്പോസ്റ്റ്

ഒരു ടണ്‍ ചകിരിചോര്‍ കമ്പോസ്റ്റാക്കുന്നതിന് 5 കിലോഗ്രാം യൂറിയയും 1.5 കിലോഗ്രാം കൂണ്‍വിത്തും ആവശ്യമാണ്‌. കമ്പോസ്റ്റുണ്ടാക്കുന്നതിനായി 5 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള തണലുള്ള നിരപ്പായ ഒരു സ്ഥലം തിരഞ്ഞെടുക്കുക. അവിടെ 100 കി.ഗ്രാം ചകിരിചോര്‍ 2 സെന്റിമീറ്റര്‍ കനത്തില്‍ നിരത്തുക. അതിനുമുകളില്‍ ചിപ്പിക്കൂണ്‍ എല്ലായിടത്തും വീഴുന്ന രീതിയില്‍ വിതറുക.

അതിനുമുകളില്‍ വീണ്ടും 100 കി.ഗ്രാം ചകിരിചോര്‍ നിരത്തിയശേഷം 1 കി.ഗ്രാം യൂറിയ വിതറുക. ലഭ്യമായ ഘടകവസ്തുക്കള്‍ തീരുന്നതുവരെ ഈ പ്രക്രിയ തുടരുക. ഈര്‍പ്പം ഏകദേശം 60 ശതമാനമാക്കി നിലനിര്‍ത്തുന്നതിനാവശ്യമായ വെള്ളം തളിച്ചുകൊടുക്കണം. കൂന, ചണചാക്ക് കൊണ്ട് മൂടിയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. 60-90 ദിവസംകൊണ്ട് ചകിരിചോര്‍ പൊടിഞ്ഞ് കറുത്തനിറത്തിലുള്ള കമ്പോസ്റ്റായി മാറും.

ഏതു വിധത്തിലുള്ള കമ്പോസ്റ്റ് ഉണ്ടാക്കുമ്പോഴും പഴയ തെങ്ങോലകള്‍ ഉപയോഗിക്കുന്നത് പൊട്ടാഷ് അംശം കൂടി കിട്ടാന്‍ സഹായിക്കും.

ജൈവവളക്കൂട്ടുകള്‍

പുളിപ്പിച്ച് നേര്‍പ്പിച്ച പിണ്ണാക്ക് ലായനി

വേപ്പിന്‍ പിണ്ണാക്ക്  - 1 കി.ഗ്രാം

കപ്പലണ്ടി പിണ്ണാക്ക് - 1 കി.ഗ്രാം

പച്ച ചാണകം           - 1 കി.ഗ്രാം

ഗോമൂത്രം              - 1 ലിറ്റര്‍

വെള്ളം                - 10 ലിറ്റര്‍

മേല്‍പ്പറഞ്ഞവ ഒരു പ്ലാസ്റ്റിക്‌ ഡ്രമ്മിനകത്ത് ഇട്ട് നന്നായി ഇളക്കി പുളിപ്പിക്കുവാനായി മൂടി വെക്കുക. ദിവസവും ഇളക്കിക്കൊടുക്കേണ്ടതാണ്. മൂന്നാം ദിവസം മുതല്‍ ഉപയോഗിച്ച് തുടങ്ങാം. ഏഴു ദിവസത്തിനകം ഉപയോഗിച്ച് തീര്‍ക്കുകയോ പുതിയ മിശ്രിതം ചേര്‍ക്കുകയോ ചെയ്യണം. പുഴു വരാതിരിക്കാനായി ഒരു പിടി കരിനൊച്ചിയുടെ ഇല ഇടുന്നത് നന്നായിരിക്കും. ഒരു ഭാഗം ലായനി 7 ഭാഗം വെള്ളം ചേര്‍ത്ത് ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയോ അരിച്ചതിനു ശേഷം ഇലയില്‍ തളിച്ചുകൊടുക്കുകയോ ചെയ്യാം.

മീന്‍ അമിനോ അമ്ലം

ആവശ്യമായ സാധനങ്ങള്‍

  • ചെറുമീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് - 1 കി.ഗ്രാം
  • വേസ്റ്റ് ശര്‍ക്കര പൊടി                - 1 കി.ഗ്രാം

മീന്‍, ശര്‍ക്കര പൊടി ഇവ അടുക്കുകളായി ഒരു പാത്രത്തില്‍ നിരത്തുക. പാത്രം മൂടിവെക്കുക. തുടക്കത്തില്‍ മീന്‍ മണം ഉണ്ടാകുമെങ്കിലും 10-15 ദിവസം കഴിയുമ്പോഴേക്കും ഇത് കുറഞ്ഞുവരും. 21 ദിവസം കഴിഞ്ഞ് സത്ത് അരിച്ചെടുത്ത് മുറുക്കി അടക്കാവുന്ന കുപ്പികളിലോ പാത്രങ്ങളിലോ 2-3 മാസംവരെ സൂക്ഷിച്ചുവയ്ക്കാം. 2-5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഇലകളില്‍ തളിച്ചുകൊടുക്കാം.

മുട്ട അമിനോ അമ്ലം

  • മുട്ട              - 10 എണ്ണം
  • നാരങ്ങാനീര്  - 30-40 നാരങ്ങയുടെത്
  • ശര്‍ക്കര          - 100 ഗ്രാം

ഒരു പാത്രത്തില്‍ മുട്ട നിരത്തിയതിന് ശേഷം നാരങ്ങാനീര് ഒഴിക്കുക. മുട്ടകള്‍ മുങ്ങിക്കിടക്കുന്ന വിധത്തില്‍ നാരങ്ങാനീര് ഒഴിക്കണം. ഇത് ഇളകാതെ വെക്കണം. 20-30 മിനുട്ടുകള്‍ കഴിയുമ്പോഴേക്കും രാസപ്രവര്‍ത്തനം നടക്കുന്നത് കാണാം. 10 ദിവസത്തിനുശേഷം കലക്കി ഇളക്കിയശേഷം 100 ഗ്രാം ശര്‍ക്കര ഉരുക്കിയത് തണുപ്പിച്ച് ഒഴിക്കുക. വീണ്ടും 10 ദിവസം സൂക്ഷിക്കുക. അതിനുശേഷം ഊറ്റി ഉപയോഗിക്കാം. 2-5 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഇലകളില്‍ തളിച്ചുകൊടുക്കുകയോ ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കുകയോ ആവാം.

അമൃതപാനി

  • പച്ചചാണകം           - 1 കിലോ
  • ഗോമൂത്രം              - 1 ലിറ്റര്‍
  • ശര്‍ക്കര               - 250 ഗ്രാം
  • വെള്ളം               - 10 ലിറ്റര്‍
  • പയര്‍വര്‍ഗ്ഗപൊടി   - 250 ഗ്രാം

മേല്‍പ്പറഞ്ഞ ചേരുവകള്‍ ഒരു പ്ലാസ്റ്റിക്‌ ബക്കറ്റില്‍ നന്നായി യോജിപ്പിച്ച് കോട്ടന്‍ തുണികൊണ്ട് മൂടി സൂര്യപ്രകാശമില്ലാത്ത സ്ഥലത്ത് 24 മണിക്കൂര്‍ സൂക്ഷിക്കുക. ഇത് 1 ലിറ്റര്‍ ലായനിയില്‍ 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് എല്ലാ വിളകള്‍ക്കും തളിച്ചുകൊടുക്കാം.

ജീവാമൃതം

  • പച്ചചാണകം           - 20 കിലോഗ്രാം
  • ഗോമൂത്രം              - 20 ലിറ്റര്‍
  • ശര്‍ക്കര               - 2 കി.ഗ്രാം
  • വെള്ളം               - 20 ലിറ്റര്‍
  • വളക്കൂറുള്ള/വനത്തില്‍ നിന്നുള്ള മേല്‍മണ്ണ്‍ - 1 കി.ഗ്രാം

മേല്‍പ്പറഞ്ഞ ചേരുവകള്‍ ഒരു പ്ലാസ്റ്റിക്‌/മണ്‍/സിമന്‍റ് പാത്രത്തില്‍ നന്നായി മിക്സ് ചെയ്ത് വെക്കുക. 24 മണിക്കൂറിനുശേഷം ലായനി റെഡിയാകും. നേരിയ തുണി അല്ലെങ്കില്‍ അരിപ്പ ഉപയോഗിച്ച് ഈ ലായനി അരിച്ചെടുക്കുക. തയ്യാറാക്കിയ ലായനി ദിവസവും രാവിലെയും വൈകുന്നേരവും ഇളക്കി 3-4 ദിവസം വരെ സൂക്ഷിക്കാവുന്നതാണ്. 1:10 അനുപാതത്തില്‍ വെള്ളം ചേര്‍ത്ത് ഇത് ഉപയോഗിക്കാവുന്നതാണ്.

പഞ്ചഗവ്യം

  • പച്ചചാണകം       - 5 കിലോ
  • ഉരുക്കിയ നെയ്യ്          - 1 കിലോ
  • പാല്‍            - 2 ലിറ്റര്‍
  • ഗോമൂത്രം              - 5 ലിറ്റര്‍
  • തൈര്                 - 2 ലിറ്റര്‍

പച്ചചാണകവും ഉരുക്കിയ നെയ്യും മണ്‍പാത്രങ്ങളിലോ പ്ലാസ്റ്റിക്‌ വീപ്പയിലോ ചേര്‍ത്ത് നന്നായി കുഴച്ചശേഷം തുണികൊണ്ട് മൂടിക്കെട്ടി തണലില്‍ വെക്കുക. ദിവസം 3 പ്രാവശ്യം വീതം 5 ദിവസം നന്നായി നനയ്ക്കുക. ആറാം ദിവസം പാല്‍, ഗോമൂത്രം, തൈര് ഇവ ചേര്‍ത്ത് നന്നായി ഇളക്കുക. ദിവസം 3 തവണ വീതം 15 ദിവസം നന്നായി ഇളക്കി തുണികൊണ്ട് മൂടി തണലില്‍ സൂക്ഷിക്കുക. പഴം, ശര്‍ക്കര, കള്ള് എന്നിവ 500 ഗ്രാം വീതം ചേര്‍ക്കുന്നത് ഗുണനിലവാരം കൂട്ടും. 6 മാസംവരെ പഞ്ചഗവ്യം സൂക്ഷിച്ചുവയ്ക്കാം.

1:10 അനുപാതത്തില്‍ വെള്ളവുമായി ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക.

1:50 അനുപാതത്തില്‍ വെള്ളവുമായി ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം ചെടികളുടെ ഇലയില്‍ തളിക്കാം.

ഇ.എം സൊല്യുഷന്‍

  • മഞ്ഞ നിറമുള്ള പഴങ്ങള്‍ (ഏതെങ്കിലും മൂന്നിനം) 1 കിലോ വീതം

(ഉദാ: പപ്പായ, പഴുത്ത മത്തങ്ങ, വാഴപ്പഴം)

  • ശര്‍ക്കര     - 1 കിലോ
  • നാടന്‍ മുട്ട   - 1
  • മണ്‍കലം    - 1

മേല്‍പ്പറഞ്ഞ പഴങ്ങള്‍ ചെറുകഷണങ്ങളാക്കിയോ അരച്ചോ, മറ്റ് ചേരുവകളും ചേര്‍ത്ത് മണ്‍കലത്തില്‍ ¾ ഭാഗം നിറക്കുക. കോട്ടന്‍ തുണി ഉപയോഗിച്ച് മണ്‍കലം നന്നായി മൂടിക്കെട്ടി 10 ദിവസം വെക്കുക. അതിനുശേഷം മുകളില്‍ വന്ന വെള്ളപ്പാട എടുത്ത് മാറ്റിയതിനുശേഷം നന്നായി ഇളക്കി 20 ദിവസം സൂക്ഷിക്കുക. 2 ലിറ്റര്‍ മിശ്രിതം 50 ലിറ്റര്‍ വെള്ളവുമായി യോജിപ്പിച്ച് 1 ഏക്കര്‍ സ്ഥലത്ത് ഉപയോഗിക്കാവുന്നതാണ്.

ജൈവ രോഗ-കീട നിയന്ത്രണത്തിനുള്ള ജീവാണുക്കള്‍

ജൈവകൃഷിക്ക് പ്രാധാന്യം നല്‍കി വരുന്നതില്‍ നമ്മുടെ രാജ്യവും സംസ്ഥാനവും മുന്നില്‍ തന്നെയുണ്ട്. നല്ല മണ്ണും നല്ല വിത്തും ഒപ്പം ജൈവസാങ്കേതിക വിദ്യകളും ഉപയോഗിച്ചുകൊണ്ടുള്ള കൃഷിക്കാണ് മുന്‍ഗണന നല്‍കുന്നത്. അവയില്‍ മുഖ്യരാണ് സ്യൂഡോമോണാസ് ഫ്ലൂറസെന്‍സ്, ബാസില്ലസ് തുറിഞ്ചിയന്‍സ് എന്നീ ബാക്ടീരിയകളും, ട്രൈക്കോഡര്‍മ്മ, വെര്‍ട്ടിസീലിയം, മെറ്റാറൈസിയം, ബ്യുവേറിയ, ഫ്യൂസെറിയം എന്നീ കുമിളുകളും ന്യൂക്ലിയാര്‍ പോളി ഹൈഡ്രോസിസ് എന്ന വൈറസും മറ്റും.

സ്യൂഡോമോണാസ് ഫ്ലൂറസെന്‍സ്

പൊടിരൂപത്തിലും ദ്രവരൂപത്തിലും ഇവ ലഭ്യമാണ്. സ്യൂഡോമോണാസ് ഫ്ലൂറസെന്‍സ് എന്ന ബാക്ടീരിയയെ സര്‍വ്വരോഗ സംഹാരി എന്ന് വിശേഷിപ്പിക്കുന്നു. കുമിള്‍, ബാക്ടീരിയ, ഇലതീനിപ്പുഴുക്കള്‍, നിമാവിരകള്‍ എന്നിവയ്ക്കെതിരെയും സ്വയം വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്‍മോനുകളും എന്‍സൈമുകളും മറ്റും ഉത്പാദിപ്പിക്കാനുള്ള കഴിവ് സ്യൂഡോമോണാസിനുണ്ട്. കൂടാതെ ആന്‍റിബയോട്ടിക്കുകള്‍ ഉത്പാദിപ്പിക്കുകയും ചില രാസവസ്തുക്കളുടെ ഉത്പാദനത്താല്‍ ഇരുമ്പിന്‍റെ ലഭ്യത കുറയ്ക്കുകയും അവയുടെ നശീകരണത്തിന് കാരണമാവുകയും ചെയ്യുന്നു. നാല് രീതിയില്‍ അവ ഉപയോഗിക്കാം.

വിത്തില്‍ പുരട്ടാന്‍: ഒരു കിലോഗ്രാം വിത്തിന് 10 ഗ്രാം എന്ന തോതില്‍ കൂട്ടിക്കലര്‍ത്തി അരമണിക്കൂര്‍ വെച്ചശേഷം നടണം.

വേരില്‍ മുക്കാന്‍: 250 ഗ്രാം സ്യൂഡോമോണാസ് 750 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനിയില്‍ 20 മിനിറ്റ് മുക്കിവെച്ച ശേഷം നടാം.

മണ്ണില്‍ പ്രയോഗിക്കാന്‍: 1 കിലോഗ്രാം സ്യൂഡോമോണാസ് 20 കിലോഗ്രാം ചാണകപ്പൊടി അല്ലെങ്കില്‍ 20 കിലോഗ്രാം മണല്‍ ചേര്‍ത്ത് മണ്ണില്‍ ഇട്ടുകൊടുക്കാം. ഒരേക്കര്‍ സ്ഥലത്തേക്ക് ഒരു ക്ലോഗ്രം പൊടി മതിയാകും. ഇവ പ്രയോഗിക്കുന്നതിന് ഒരാഴ്ച മുമ്പ് മണ്ണില്‍ കുമ്മായം ചേര്‍ത്തിരിക്കണം. പി.എച്ച്. 6.5 – 7.5 ഇടയ്ക്കായിരിക്കണം.

ചെടികളില്‍ തളിക്കാന്‍: 10-20 ഗ്രാം പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതിയാകും. ഒരേക്കര്‍ സ്ഥലത്തിന് 200 ലിറ്റര്‍ ലായനി വേണ്ടിവരും.

പോട്ടിംഗ് മിശ്രിതം: മണ്ണ്, മണല്‍, ചാണകപ്പൊടി 1:1:1 എന്ന അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കിയ പോട്ടിംഗ് മിശ്രിതം ഒരു കിലോഗ്രാമില്‍ 2 ഗ്രാം എന്ന തോതില്‍ സ്യൂഡോമോണാസ് ചേര്‍ക്കാവുന്നതാണ്. ദ്രവരൂപത്തിലുള്ള സ്യൂഡോമോണാസ് 2-5 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. ചെടികളില്‍ തളിക്കുന്നതിനും മണ്ണില്‍ കലക്കി ഒഴിക്കുന്നതിനും ദ്രവരൂപത്തിലുള്ള സ്യൂഡോമോണാസ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇവ കൂടുതല്‍ നാള്‍ സൂക്ഷിച്ചുവെക്കാനും സാധിക്കും. നെല്ല് തുടങ്ങി എല്ലാ വിളകള്‍ക്കും സ്യൂഡോമോണാസ് പ്രയോഗിക്കാവുന്നതാണ്.

ബാസില്ലസ് തുറിഞ്ചിയന്‍സ്

ഇവ സ്വാഭാവികമായി മണ്ണില്‍ കാണപ്പെടുന്നതും കീടങ്ങള്‍ക്ക് രോഗം ഉണ്ടാക്കുന്നതുമായ ഒരു ബാക്ടീരിയയാണ്. തളിക്കുമ്പോള്‍ ഈ ബാക്ടീരിയ കീടങ്ങളുടെ പുഴുക്കളുടെ അന്നനാളത്തില്‍ കടക്കുകയും ഇവ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കള്‍ കീടങ്ങളുടെ ദഹന സംവിധാനത്തെ സ്തംഭിപ്പിക്കുകയും ചെയ്യുന്നു. ഇപ്രകാരം കീടങ്ങള്‍ ഭക്ഷണം എടുക്കാതെ നശിച്ചുപോകുന്നു. ബി.റ്റി. ഉപയോഗിക്കുമ്പോള്‍ ചെടിയുടെ എല്ലാ ഭാഗത്തും വീഴത്തക്കവണ്ണം വേണം തളിക്കേണ്ടത്. മുട്ടകള്‍ വിരിഞ്ഞ് പുഴുക്കള്‍ പുറത്തുവരുന്ന സമയത്തോ, പുഴുക്കളുടെ വളര്‍ച്ചയുടെ ആരംഭത്തിലോ ഇവ തളിക്കുന്നത് വളരെ ഫലപ്രദമാണ്. നമ്മുടെ കാലാവസ്ഥയില്‍ വൈകുന്നേരങ്ങളില്‍ തളിക്കുന്നതാണ് നല്ലത്.

കുമിളുകള്‍

കീടങ്ങള്‍ക്ക് പലതരം കുമിള്‍ രോഗങ്ങളും ഉണ്ടാകാറുണ്ട്. ട്രൈക്കോഡര്‍മ്മ, ബ്യൂവെറിയ, മെറ്റാറൈസിയം, വെര്‍ട്ടിസീലിയം, ഫ്യൂസേറിയം, പെനിസീലിയം ആസ്പര്‍ജില്ലസ് തുടങ്ങിയ ജനുസ്സുകളില്‍പ്പെട്ട പലതരം കുമിളുകള്‍ കീടങ്ങളെ ആക്രമിക്കുന്നു. കീടങ്ങളുടെ ശരീരത്തില്‍ വീഴുന്ന വിത്തുകള്‍ അനുകൂല സാഹചര്യത്തില്‍ മുളച്ച് കീടങ്ങളുടെ തൊലി തുളച്ച് അകത്തുകയറുന്നു. ശരീരത്തിന്‍റെ ഉള്‍ഭാഗത്ത് പടര്‍ന്ന് കീടങ്ങളെ നശിപ്പിക്കുന്നു. ചത്ത കീടങ്ങളുടെ ശരീരത്തിന്‍റെ ഉള്‍ഭാഗത്ത് പടര്‍ന്ന് കീടങ്ങളെ നശിപ്പിക്കുന്നു. ചത്ത കീടങ്ങളുടെ ശരീരോപരിതലത്തില്‍ കുമിളുകള്‍ വളര്‍ന്നു നില്‍ക്കുന്നത് കാണാം.

ബ്യുവേറിയ ബാസ്സിയാന (വെളുത്ത കുമിള്‍)

പച്ചക്കറി വിളകളിലെ ഇലതീനിപ്പുഴുക്കള്‍ക്കെതിരേ ഫലപ്രദം. 10-15 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കാവുന്നതാണ്.

മെറ്റാറൈസിയം അനിസപ്ലിയേ (പച്ച നിറത്തിലുള്ള കുമിള്‍)

ചിതലിനെതിരെയും, വേരുതീനി പുഴുക്കള്‍ക്കെതിരെയും പ്രയോഗിക്കാവുന്നതാണ്. ഈ കുമിള്‍ ഡിസ്ട്രസ്സില്‍ എ.ബി എന്നീ രണ്ടുതരം വിഷം ഉത്പാദിപ്പിക്കുന്നു. 10-15 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതിയാകും. ഈ പച്ചക്കുമിള്‍ ഉപയോഗിച്ച് തെങ്ങിന്‍റെ കീടമായ കൊമ്പന്‍ചെല്ലിയുടെ പുഴുക്കളെ എളുപ്പത്തില്‍ നശിപ്പിക്കാന്‍ കഴിയും. ചെല്ലിയുടെ പുഴുക്കള്‍ വളരുന്ന ചാണകക്കുഴികളില്‍ ഈ കുമിളിനെ തളിച്ചുകൊടുത്താല്‍ 10-15 ദിവസത്തിനകം പുഴുക്കള്‍ ചത്തുപോകുന്നു.

ട്രൈക്കോഡര്‍മ്മ

ചെടികള്‍ക്ക് രോഗമുണ്ടാകുന്ന പല രോഗാണുക്കളുടെയും ജൈവീക നിയന്ത്രണത്തിനായി ഇവയെ നശിപ്പിക്കുന്ന സൂക്ഷ്മാണുക്കളെ ഉപയോഗിക്കാം. ഇവയില്‍ മുഖ്യനാണ് ട്രൈക്കോഡര്‍മ്മ എന്ന കുമിള്‍. ഇവയുടെ വംശവര്‍ധനവ് നടത്തി മണ്ണില്‍ ചേര്‍ക്കുന്നതിനു കേരള കാര്‍ഷിക സര്‍വകലാശാല ഒരു നൂതന മാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്. ഇതിനായി വേപ്പിന്‍പിണ്ണാക്കും ചാണകവും ഉപയോഗിച്ചുള്ള ഒരു കൂട്ടാണ് വേണ്ടത്.

ഉണങ്ങിയ ചാണകവും (90 കിലോഗ്രാം) വേപ്പിന്‍പിണ്ണാക്കും (10 കിലോഗ്രാം) പൊടിച്ച് ഒരു പരുപരുത്ത മിശ്രിതം ഉണ്ടാക്കുക. ഇത് ചെറുതായി നനക്കണം. കവറില്‍ കിട്ടുന്ന ട്രൈക്കോഡര്‍മ്മയുടെ മിശ്രിതം 1-2 കിലോഗ്രാം, വേപ്പിന്‍ പിണ്ണാക്ക് – ചാണക മിശ്രിതവുമായി കലര്‍ത്തി നന്നായി ഇളക്കിയ ശേഷം ദ്വാരമുള്ള പോളിത്തീന്‍ ഷീറ്റോ പത്രക്കടലാസ്സോ ഉപയോഗിച്ച് മൂടി, തണലത്ത് 4 മുതല്‍ 5 ദിവസം വരെ വംശവര്‍ദ്ധനവിനായി വയ്ക്കുക. വീണ്ടും നന്നായി ഇളക്കി മൂന്നു ദിവസം കൂടി ഇവ വര്‍ദ്ധിപ്പിക്കാന്‍ വെക്കുക. ഇപ്പോള്‍ ഇത് മണ്ണില്‍ ചേര്‍ക്കുവാന്‍ തയ്യാറായി കഴിഞ്ഞു.

ചാണകപ്പൊടി മാത്രം ഉപയോഗിക്കാമെങ്കിലും വേപ്പിന്‍പിണ്ണാക്ക് കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടിട്ടുള്ളതിനാല്‍ ഇവ 1:10 എന്ന അനുപാതത്തില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ചാണകമാണ് ഉപയോഗിക്കുന്നതെങ്കില്‍ 5 ദിവസത്തിലൊരിക്കല്‍ ഇളക്കി കൊടുക്കണം. പതിനഞ്ചു ദിവസം കൊണ്ട് ഇവ തയ്യാറാകും. ഇങ്ങനെ തയ്യാറാക്കിയ ട്രൈക്കോഡര്‍മ്മ – വേപ്പിന്‍പിണ്ണാക്ക് – ചാണക മിശ്രിതം തവാരണകളിലും മുഖ്യ കൃഷിയിടങ്ങളിലും ആവശ്യാനുസരണം ഉപയോഗിക്കാം. ഫൈറ്റോഫ്തോറ, പിത്തിയം എന്നീ കുമിളുകള്‍ക്കെതിരേ ഏറെ ഫലപ്രദം.

വെര്‍ട്ടിസീലിയം ലക്കാനി (ലക്കാനിസീലിയം ലെക്കാനി)

നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ക്കും പ്രത്യേകിച്ച് മീലിമുട്ടയ്ക്കുമെതിരെ ഫലപ്രദം. 10-15 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിച്ചാല്‍ മതിയാകും. ബാര്‍സോപ്പ്‌ അരിഞ്ഞത് 5 ഗ്രാം ഒരു ലിറ്റര്‍ ചെറുചൂടുവെള്ളത്തില്‍ ലയിപ്പിച്ച ശേഷം മീലിമുട്ടയുടെ ആക്രമണമുള്ള ചെടികളില്‍ തളിക്കണം.

ജൈവ കീടനാശിനികള്‍

ബോര്‍ഡോ മിശ്രിതം

തുരിശ്      - 1 കി.ഗ്രാം

നീറ്റുകക്ക    - 1 കി.ഗ്രാം

വെള്ളം     - 100 ലിറ്റര്‍

തുരിശ് നന്നായി പൊടിച്ച് കിഴികെട്ടി 50 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കുക. കക്കാ നീറ്റിയെടുത്ത് 50 ലിറ്റര്‍ വെള്ളത്തില്‍ വേറെ ലയിപ്പിച്ചെടുക്കണം. എന്നിട്ട് തുരിശ് ലായനി കക്കാ ലായനിയിലേക്ക് ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കണം. ഇവ തയ്യാറാക്കാനായി ചെമ്പ്, മണ്‍പാത്രം, പ്ലാസ്റ്റിക്‌, മരം എന്നിവ കൊണ്ടുള്ള പാത്രം ഉപയോഗിക്കുക. ബോര്‍ഡോ മിശ്രിതം തയ്യാറാക്കിയാല്‍ കഴിവതും അന്നുതന്നെ ഉപയോഗിക്കണം.

ബോര്‍ഡോ മിശ്രിതത്തിന്‍റെ കൂട്ട് ശരിയാണോയെന്ന് നോക്കാനായി തേച്ചുമിനുക്കിയ ഇരുമ്പ് കത്തിയോ, ബ്ലെയ്ഡോ രണ്ടുമിനിറ്റ് നേരം മുക്കിപിടിക്കണം. കത്തിമുനയില്‍ ചെമ്പിന്‍റെ അംശം കാണുന്നുവെങ്കില്‍ കക്കാ ലായനി ചേര്‍ത്ത് നിര്‍വീര്യമാക്കണം. ഇപ്രകാരം തയ്യാര്‍ ചെയ്ത ബോര്‍ഡോ മിശ്രിതത്തിന് നല്ല നീലനിറമായിരിക്കും.

മഴക്കാലത്ത് തളിക്കുമ്പോള്‍ ഒലിച്ചു നഷ്ടപ്പെടാതിരിക്കാന്‍ വജ്രപ്പശ ചേര്‍ത്ത് ഉപയോഗിക്കണം. ഇതിനായി 100 ലിറ്റര്‍ വെള്ളത്തില്‍ നിന്നും 10 ലിറ്റര്‍ വെള്ളം മാറ്റി ഒരു മണ്‍പാത്രത്തില്‍ തിളപ്പിക്കണം. ഇതില്‍ 500 ഗ്രാം അലക്കുകാരം ലയിപ്പിച്ച് ലായനി കറുപ്പുനിറം ആകുന്നതുവരെ ചൂടാക്കണം. എന്നിട്ട് 1 കിലോഗ്രാം വജ്രപ്പശ (അര്‍പ്പൂസ്) പൊടിച്ച് ചേര്‍ക്കണം. കുറഞ്ഞ രീതിയില്‍ 5 മിനിറ്റ് നേരം കുമിളകള്‍ വരുന്നതുവരെ ചൂടാക്കണം. ലായനി തണുപ്പിച്ച് ചെറിയ ചൂടില്‍ ബോര്‍ഡോ മിശ്രിതത്തില്‍ ചേര്‍ത്ത് ഉപയോഗിക്കണം.

വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം

രണ്ടുശതമാനം വീര്യത്തില്‍ 10 ലിറ്റര്‍ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉണ്ടാക്കുന്നതിന് 200 മില്ലി ലിറ്റര്‍ വേപ്പെണ്ണ, 200 ഗ്രാം വെളുത്തുള്ളി, 60 ഗ്രാം ബാര്‍സോപ്പ്‌ എന്നിവ വേണ്ടിവരും. ബാര്‍സോപ്പ്‌ ചീകി എടുത്ത് അര ലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ നല്ലതുപോലെ ലയിപ്പിച്ച് 200 മില്ലി ലിറ്റര്‍ വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കി പതപ്പിക്കണം. വെളുത്തുള്ളി നല്ലതുപോലെ അരച്ച് 300 മില്ലി ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത്, അരിച്ച് വേപ്പെണ്ണ എമല്‍ഷനുമായി ചേര്‍ക്കുക. ഇത് 9 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് 10 ലിറ്റര്‍ ലായനി ഉണ്ടാക്കാം. നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ക്കെതിരേ ഫലപ്രദം.

വേപ്പിന്‍കുരു ലായനി

വേപ്പിന്‍കുരു തൊണ്ട് പൊടിച്ച് എടുക്കണം. 3 മുതല്‍ 5 ശതമാനം വീര്യത്തിലാണ് സാധാരണ ഉപയോഗിക്കുന്നത്. 0.1 ശതമാനം വീര്യത്തില്‍ തളിക്കാന്‍ 30-50 ഗ്രാം വേപ്പിന്‍കുരു പൊടിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കണം. വേപ്പിന്‍കുരു പൊടിച്ചത് ഒരു തുണിയില്‍ കെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കണം. തുണിയില്‍ നിന്ന് സത്ത് മുഴുവന്‍ പിഴിഞ്ഞെടുക്കണം. ഇല, കായ് എന്നിവ കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, പച്ചത്തുള്ളന്‍ എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമാണ്.

വേപ്പിന്‍ പിണ്ണാക്ക്

നല്ല ജൈവവളമെന്നതിലുപരി ധാരാളം ഗുണങ്ങളുള്ള ഒരു കീടനാശിനി കൂടിയാണ് വേപ്പിന്‍ പിണ്ണാക്ക്. മണ്ണിലെ കൃമി കീടങ്ങളെ പ്രത്യേകിച്ചും നിമാവിരകളെ നിയന്ത്രിക്കാന്‍ വേപ്പിന്‍ പിണ്ണാക്കിന് കഴിയും. ഇത് വെള്ളത്തില്‍ കലക്കി ഒരു ദിവസം വെച്ചതിനുശേഷം അരിച്ചെടുത്ത ലായനി ചെടികളില്‍ തളിക്കാന്‍ ഉപയോഗിക്കാം.

നിറക്കെണി

ചതുരാകൃതിയിലുള്ള തകരക്കഷണമോ, ടിന്നോ മഞ്ഞ പെയിന്റടിച്ച് ആവണക്കെണ്ണയില്‍ മുക്കി അടുക്കളത്തോട്ടത്തില്‍ അവിടവിടെയായി തൂക്കിയിടുക. വൈറസ് രോഗങ്ങള്‍ പരത്തുന്ന വെള്ളീച്ചയ്ക്കെതിരേ ഇവ പ്രയോഗിക്കാം. ഒരു വീട്ടിലെ തോട്ടത്തിന് 4 എണ്ണം വേണ്ടിവരും. ഇത്തരം കെണികള്‍ കൂടാതെ സുരക്ഷിതമായി പച്ചക്കറികള്‍ ഉപയോഗിക്കാവുന്ന ജൈവകീടനാശിനികള്‍ ഉണ്ട്. കീടശല്യം അധികമാണെങ്കില്‍ അവയുണ്ടാക്കി തളിക്കുന്നത് സുരക്ഷിതവും ഫലപ്രദവുമാണ്.

പഴക്കെണി

തൊലിയുരിഞ്ഞ പാളയംകോടന്‍ പഴം മൂന്നു നാല് കഷണങ്ങളാക്കി ചരിച്ചു മുറിച്ചെടുക്കുക. എന്നിട്ട് മുറിപ്പാടില്‍ അല്‍പ്പം കാര്‍ബോസള്‍ഫാന്‍ 6 എ തരികള്‍ വിതറണം. കാര്‍ബോസള്‍ഫാന്‍ 6 എ തരികള്‍ പിടിപ്പിച്ച പഴത്തിന്‍റെ ഭാഗം മുകളിലാക്കി ഒരു ചിരട്ടയില്‍ വെച്ച് ഉറികെട്ടി പന്തലില്‍ തൂക്കിയിടുക. കായീച്ചക്കെതിരേ ഫലപ്രദം.

തുളസിക്കെണി

ഒരുപിടി തുളസിയില നല്ലതുപോലെ അരച്ച് നീര് കളയാതെ ചിരട്ടക്കുള്ളില്‍ വെക്കുക. തുളസിച്ചാര്‍ ഉണങ്ങിപ്പോകാതിരിക്കാന്‍ കുറച്ചുവെള്ളം ചിരട്ടക്കുള്ളില്‍ ഒഴിക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ച് ഒപ്പം കാര്‍ബോസള്‍ഫാന്‍ 6 എ തരി കൂടി ചിരട്ടയില്‍ ഇട്ട് ഇളക്കുക. കായീച്ചക്കെതിരേ വളരേ ഫലപ്രദമാണ്.

കഞ്ഞിവെള്ളക്കെണി

ഒരു ചിരട്ടയുടെ കാല്‍ഭാഗം തണുത്ത കഞ്ഞിവെള്ളം എടുക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കരയും അരഗ്രാം കാര്‍ബോസള്‍ഫാന്‍ 6 എ തരികളുമിട്ട് നല്ലവണ്ണം ഇളക്കി വെയ്ക്കുക. കായീച്ചക്കെതിരേ ഫലപ്രദം.

ശര്‍ക്കരക്കെണി

ശര്‍ക്കര (10 ഗ്രാം) വെള്ളത്തില്‍ നനച്ച് ചിരട്ടയുടെ ഉള്‍ഭാഗത്ത് തിരുമ്മി പിടിപ്പിക്കുക. ഒപ്പം ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ 5 എ തരി ചിരട്ടയ്ക്കുള്ളിലെ ശര്‍ക്കരയുടെ മുകളില്‍ വിതറുക. ചുവന്ന നിറത്തിലുള്ള പുളിയുറുമ്പുകളെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.

നാറ്റപ്പൂച്ചെടി എമല്‍ഷന്‍

നാറ്റപ്പൂച്ചെടിയുടെ ഇളംതണ്ടും ഇലകളും ചതച്ച് നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ്‌ അരലിറ്റര്‍ ചെറുചൂടുവെള്ളത്തില്‍ ലയിപ്പിച്ചെടുക്കുക. ഈ ലായനി നാറ്റപ്പൂച്ചെടിയുടെ ഒരു ലിറ്റര്‍ ചാറുമായി കൂട്ടിയോജിപ്പിക്കുക. ഇത് പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് വേണം തളിക്കേണ്ടത്. പയറിലും മറ്റും പറ്റിക്കൂടുന്ന മുഞ്ഞയ്ക്കെതിരെ വളരെ ഫലപ്രദമാണ്.

പുകയില കഷായം

അരകിലോഗ്രം പുകയിലയോ, പുകയില ഞെട്ടോ ചെറുതായി അരിഞ്ഞത് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരുദിവസം മുക്കിവയ്ക്കുക. പിന്നീട് പിഴിഞ്ഞെടുത്ത് ചണ്ടി മാറ്റി വെയ്ക്കുക. ഇപ്രകാരം ലഭിച്ച പുകയില ചാറില്‍ 120 ഗ്രാം ബാര്‍സോപ്പ്‌ ചെറുതായി അരിഞ്ഞു വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത ലായനി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പുകയില കഷായം 6 – 7 ഇരട്ടി വെള്ളം ചേര്‍ത്ത് തളിച്ചാല്‍ പയര്‍ പേനുകളെയും, മറ്റു മൃദുല ശരീരികളായ കീടങ്ങളെയും നിയന്ത്രിക്കാം.

സസ്യജന്യ കീടനാശിനികള്‍

രൂക്ഷഗന്ധമുള്ള ചെടികളുടെ ഇലകളുടെ സത്ത് ചേര്‍ത്തുണ്ടാക്കുന്ന ലായനികള്‍ കീടനിയന്ത്രണത്തിന് ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍പ്പെട്ട ചില സസ്യങ്ങളും അവയുടെ ഉപയോഗവും ചുവടെ ചേര്‍ക്കുന്നു.

  • ചെണ്ടുമല്ലി

മണ്ണില്‍ കാണുന്ന നിമാവിരകള്‍ക്കെതിരെ ശുപാര്‍ശ ചെയ്യുന്ന പൂചെടിയാണ് ചെണ്ടുമല്ലി. കൂടാതെ ചെണ്ടുമല്ലി പച്ചക്കറി വിളകളിലെ കായതുരപ്പന്‍ പുഴുക്കളെയും ആകര്‍ഷിക്കുന്നു. തന്മൂലം വിളകള്‍ കീടശല്യത്തില്‍നിന്നും രക്ഷപ്പെടുന്നു.

  • കരിനൊച്ചി

ഒരു ഔഷധസസ്യമായ കരിനൊച്ചിയുടെ ഇലസത്ത് പല കീടങ്ങളെയും തുരത്താന്‍ സഹായകമാണ്. ഇതിനായി 50 ഗ്രാം മുതല്‍ 100 ഗ്രാം ഇല ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന വീര്യത്തില്‍ ഉപയോഗിക്കുന്നു.

  • ആത്ത

ആത്തയുടെ കുരുവും ഇലയും കീടശല്യത്തിനെ പ്രതിരോധിക്കും. 1 കിലോഗ്രാം ഇല ചതച്ച് ഒരു ലിറ്റര്‍ ഗോമൂത്രവുമായി ചേര്‍ത്ത് ഒരു ദിവസം വയ്ക്കുക. ഇതില്‍ 9 ലിറ്റര്‍ വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് ഉപയോഗിക്കാം.

  • തുളസി

കായീച്ചക്കെതിരേ ഫലപ്രദമായി തുളസിക്കെണി ഉപയോഗിക്കാം. ഒരുപിടി തുളസിയില ചതച്ച് വെള്ളം ചേര്‍ത്ത് ചിരട്ടയിലെടുക്കുക. ഇതില്‍ ഒരു നുള്ള് രാസകീടനാശിനി ചേര്‍ത്താല്‍ മാത്രമേ ആകര്‍ഷിക്കപ്പെട്ടു വരുന്ന കീടങ്ങളെ നശിപ്പിക്കാന്‍ കഴിയൂ.

  • പെരുവലം

പെരുവലത്തിന്‍റെ എല്ലാ ഭാഗവും കീടവികര്‍ഷക ഗുണം കാണിക്കുന്നു. തെങ്ങിലെ കൊമ്പന്‍ചെല്ലിയുടെ പുഴുക്കള്‍ക്കെതിരെ വളക്കുഴിയിലും ചാണകക്കുഴിയിലും പെരുവലം വേരോടെ പിഴുതെടുത്ത് ചേര്‍ക്കുന്നത് നല്ലതാണ്. ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് 40 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുന്നത് പച്ചക്കറികളിലെ തണ്ടുതുരപ്പന്‍ പുഴുക്കള്‍ക്കെതിരെ ഫലപ്രദമാണ്.

കപ്പ, പപ്പായ, വേപ്പ്, ഒടുക്, കച്ചോലം, മഞ്ഞള്‍, തുളസി, അരളി, ചെത്തിക്കൊടുവേലി, കമ്മ്യൂണിസ്റ്റ് പച്ച, ആവണക്ക്, കൂവളം എന്നിവയുമൊക്കെ ഇതുപോലെ ഇല സത്തിന് വേണ്ടി ഉപയോഗിക്കാവുന്ന ചെടികളാണ്.

ശീതകാല പച്ചക്കറികള്‍ പോഷക സുരക്ഷയ്ക്കും വഴികാട്ടി

വിവിധ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് നാമിവിടെ പ്രചരിപ്പിക്കുന്ന കാബേജ്, ബീറ്റ്റൂട്ട്, കാരറ്റ്, ബീന്‍സ്, സവാള എന്നീ ശീതകാല പച്ചക്കറികള്‍. കേരളത്തിന്‍റെ പരമ്പരാഗത പച്ചക്കറികളായ വെണ്ടയ്ക്ക, ചീര തുടങ്ങി ചേന, അമരപ്പയര്‍ വരെയുള്ളവയോടൊപ്പം ഈ ശീതകാല പച്ചക്കറികളും ആഹാരവിഭവങ്ങളില്‍ ചേര്‍ക്കുന്നത് രുചി വര്‍ദ്ധിപ്പിക്കുവാനും പോഷകസുരക്ഷ ഉറപ്പാക്കുവാനും സഹായിക്കും. നമ്മുടെ നാട്ടില്‍ പൂര്‍ണ്ണമായി വിഷമില്ലാത്ത പച്ചക്കറിയായി അവ നട്ടുണ്ടാക്കി ഉപയോഗിക്കുമ്പോള്‍ സാധാരണ പ്രയോജനപ്പെടുത്താത്ത ഇലകളുടെ ഭാഗം കൂടി ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. കോളിഫ്ലവര്‍, സവാള, ബീറ്റ്റൂട്ട്, എന്നിവയുടെ ഇലകള്‍ പോഷകങ്ങളാല്‍ വളരെ സമൃദ്ധമാണുതാനും. നമുക്ക് ഈ പച്ചക്കറികളില്‍ നിന്ന് കിട്ടുന്ന പോഷകഗുണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കുക. കേവലം 100 ഗ്രാം ഓരോ പച്ചക്കറിയിലുമടങ്ങുന്ന പോഷകങ്ങളുടെ പട്ടികയാണ് ഇവിടെ നല്‍കുന്നത്.

വിള

പ്രോട്ടീന്‍

ഗ്രാം

നാര്

ഗ്രാം

കാത്സ്യം

ഗ്രാം

ഇരുമ്പ്

മി.ഗ്രാം

വിറ്റാമിന്‍ എ

ഐ. യു

വിറ്റാമിന്‍ സി

മി.ഗ്രാം

സോഡിയം

മി.ഗ്രാം

പൊട്ടാസ്യം

മി.ഗ്രാം

കാബേജ്

1.8

1.0

39.0

0.80

120.0

124.0

-

-

കോളിഫ്ലവര്‍

2.6

1.2

33.0

1.23

30.0

56.0

53.0

138.0

ബീറ്റ്റൂട്ട്

1.7

0.9

18.3

1.19

-

59.8

43.0

-

കാരറ്റ്

0.9

1.2

80.0

1.03

1890.0

3.0

35.6

108.0

സവാള

1.2

0.6

456.9

0.60

-

11.0

4.0

127.0

ബീന്‍സ്

1.7

1.8

50.

0.61

132.0

27.0

-

-

കടപ്പാട്: ആത്മ - വയനാട്

 

 

അവസാനം പരിഷ്കരിച്ചത് : 7/5/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate