വള്ളിയില്‍ പടര്‍ന്ന് പന്തലിച്ചു വളരുന്ന വള്ളി ചെടിയാണ് മുന്തിരി. വളരെ അധികം വിപണനമൂല്യം ഉള്ള ഫലം കൂടിയാണ് മുന്തിരിങ്ങ. മുന്തിരിയുടെ നീരുകൊണ്ട് പലതരം പാനീയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ മുന്തിരി വിപണിയില്‍ എന്നും പ്രിയംകരം.
വള്ളി മുറിച്ചു നട്ടാണ് മുന്തിരി വളര്‍ത്തുന്നത്. വര്‍ഷം തോറും ശിഖരം കോതല്‍ (പ്രൂണിങ്) എന്നിവ പരിചരണത്തില്‍ ഏറ്റവും മുഖ്യം. ഇങ്ങനെ കിട്ടുന്ന വള്ളിക്കഷ്ണങ്ങള്‍ നടീലിന് ഉപയോഗിക്കുന്നു. കൂടകളില്‍ വേരുപിടിപ്പിച്ച തൈകള്‍ നഴ്സറികളില്‍ വാങ്ങാന്‍ കിട്ടും. ഇതാണ് അധികം പേരും നടാനുപയോഗിക്കുക.
90x90x90 സെ.മീ. വലിപ്പത്തില്‍ കുഴികള്‍ മൂന്നു മീറ്റര്‍ അകലത്തിലെടുക്കുന്നു. അതില്‍ വേപ്പിന്‍ പിണ്ണാക്ക് മൂന്ന്കിലോ, റോക്ക്ഫോസ്ഫേറ്റ് ഒരു കിലോ എന്നിവ കലര്‍ത്തിയ മണ്ണിട്ടു നിറച്ചു തൈകള്‍ നടണം. പന്തല്‍ ഉറപ്പായും ഉണ്ടായിരിക്കണം . മുന്തിരിക്കൃഷിയില്‍ പ്രധാന ചെലവ് വരുന്നത് പന്തലിനുതന്നെയാണ്.
ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണ് പന്തലിടുന്നതെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലില്‍ വള്ളി തൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. പരിചരിക്കുന്നതിനും കായ്കള്‍ പറിക്കുന്നതിനുമാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.
വളങ്ങള്‍ ചെടിയൊന്നിന് വര്‍ഷന്തോറും പ്രയോഗിക്കുന്നു. ജൈവവളം 50 കി.ഗ്രാം, ഒന്നരകിലോഗ്രാം യൂറിയ, രണ്ടു കിലോ ഗ്രാം റോക്ഫോസ്ഫേറ്റ്, അഞ്ചു കി.ഗ്രാം പിണ്ണാക്കുവളങ്ങള്‍ എന്നിവയാണ് പ്രയോഗിക്കാറുള്ളത്. വേനല്‍ കാലത്ത് നന്നായി നനച്ചുകൊടുക്കണം.
കൊമ്പുകോതല്‍ : മുന്തിരിക്കൃഷിയില്‍ അനിവാര്യവും അതിപ്രധാനവുമായ കൃഷി പരിചരണമാണിത്.
പൂവിടുന്ന നാമ്പുകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുക എന്നതാണിതിന്‍റെ ലക്ഷ്യം. കമ്പുകള്‍ കോതി മാറ്റുന്നതോടെ സസ്യാഹാരം അതിനു താഴെയുള്ള ഭാഗങ്ങളില്‍ കൂടുതലളവില്‍ കിട്ടുകയും വളര്‍ച്ച പുഷ്ടിപ്പെടുകയും ചെയ്യും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കൊമ്പു കോതണം. ഏതെങ്കിലുമൊരു തോട്ടം സന്ദര്‍ശിച്ച് ഇക്കാര്യം നേരിട്ടറിയുന്നത് നന്നായിരിക്കും. വ്യാപകമായ കൃഷി ഇല്ലാത്തതിനാലാകാം കേരളത്തില്‍ കാര്യമായ കേടുകള്‍ കാണാറില്ല.
ലോകത്തില്‍ 8000ത്തില്‍ പരം മുന്തിരിയിനങ്ങളാണ് ഉള്ളത്. അനാബെഷാഹി, ഗുലാബി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്റി, കാളി സാഹേബി, തോംസണ്‍, സീഡ്ലസ് തുടങ്ങിയവയാണ് ഇന്ത്യയില്‍ കൃഷിചെയുന്ന ഇനങ്ങള്‍. കൂടാതെ ശരദ്സീഡ്ലസ് എന്ന ഇനവും പ്രചാരത്തിലുണ്ട്. ഇത് 110 ദിവസംകൊണ്ട് പഴുത്തുപാകമാകുകയും ഹെക്ടറിന് 25 ടണ്‍ വിളവ് ലഭിക്കുകയും ചെയുന്നു. ഇതിനു മാംസളവും മണവും കൂടുതലാണ്.
വീട്ടുമുറ്റത്ത് കൃഷിചെയ്യാവുന്ന ഇനമാണ് “ബാംഗ്ലൂര്‍ പര്‍പ്പിള്‍”. ഇന്ന് വിപണിയില്‍ സാധാരണമായി കാണുന്നതും ഈ ഇനത്തില്‍പ്പെട്ട മുന്തിരിയാണ്. തമിഴ് നാട്ടിൽ ഇതിനെ ചാണദ്രാക്ഷ എന്നാണ് അറിയപ്പെടുന്നത്. ഇടത്തരം കുലകളാണ്ബാംഗ്ലൂര്‍ പര്‍പ്പിളിനുള്ളത്. നീല കലര്‍ന്ന കറുപ്പു നിറവും, ഉരുണ്ട കുരുവും, കട്ടിയുള്ള തൊലിയും, ഉള്ളില്‍ മാംസളവും ഉള്ളതാണ് ഈ ഇനം. എന്നാല്‍ മറ്റുള്ളതിനെ അപേക്ഷിച്ച് മധുരം അല്പം കുറവായിരിക്കും. എങ്കില്‍ കൂടിയും നമ്മുടെ കാലവസ്ഥക്ക് അനുയോജ്യമായത് ബാംഗ്ലൂര്‍ പര്‍പ്പിള്‍ തന്നെ.
ഏതുകാലത്തും നടാവുന്ന ഒന്നാണ് മുന്തിരി. വെയില്‍ അത്യാവശ്യമായതുകൊണ്ട് നല്ല വെയില്‍ കിട്ടുന്നിടത്തുവേണം മുന്തിരി നടാന്‍. ചെടി വളരുന്നതിനൊപ്പം ഇലകള്‍ അടുപ്പിച്ചുവരുന്ന പറ്റുവള്ളികള്‍ പറിച്ചുകളയണം. തലപ്പ് നുള്ളിവിട്ടത് ഒരടി വളരുമ്പോള്‍ വീണ്ടും നുള്ളികളയുക. ഇത് പന്തലില്‍ വള്ളി മുഴുവനായും വ്യാപിക്കുന്നതുവരെ ചെയ്യുക. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടി ഒരു സെന്‍റ് സ്ഥലത്ത് വളരുന്നു. ശേഷം എല്ലാ തലപ്പുവള്ളികളെയും ഒരടി നീളത്തില്‍ മുറിച്ചുമാറ്റുകയും എല്ലാ ഇലകളും അടര്‍ത്തിമാറ്റുകയും ചെയ്യണം. 15 ദിവസത്തിനുശേഷം പുതിയ തളിരിലയ്ക്കൊപ്പം ഇളംപച്ചനിറത്തിലുള്ള പൂക്കള്‍ വന്നുതുടങ്ങും. 14 ദിവസത്തിനുശേഷം തലപ്പ് വീണ്ടും ഒന്നരയടിയോളം വളരുന്നു. അവയുടെ തലപ്പും നുള്ളിവിടുക. ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്‍ത്തിമാറ്റുക. ഒപ്പംതന്നെ സ്പ്രിംഗ് പോലെ കാണപ്പെടുന്ന വള്ളികളും നീക്കംചെയ്യുക. ഇലകള്‍ നീക്കം ചെയ്താല്‍ പന്തല്‍ വള്ളി മാത്രമായി കാണണം. പൂവിട്ട് 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്തു പാകമാകുന്നു.
ചെടിയില്‍വെച്ചുതന്നെ മുന്തിരി പഴുക്കണം. മുന്തിരി പച്ചയായി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല. വിളവെടുപ്പിനുശേഷം കൊമ്പുകോതിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്നുതവണ വിളവെടുക്കാം. പഴങ്ങള്‍ കിളി കൊത്താതിരിക്കാന്‍ നെറ്റ് വിരിച്ച് സംരക്ഷിക്കാം. നന്നായി നോക്കിയാല്‍ മുന്തിരി 30 വര്‍ഷം വരെ നിലനില്‍ക്കും
അവസാനം പരിഷ്കരിച്ചത് : 2/15/2020