অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മത്സ്യ കൃഷി

വെള്ളത്തിലും സ്റ്റാർട്ടപ്,(മത്സ്യ കൃഷി )

മത്സ്യക്കൂട് നിർമ്മാണത്തിൽ, ജലകൃഷിയിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ തുടങ്ങുന്നതിന് യുവജനങ്ങളെ കഴിവുറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സമഗ്ര പരിശീലന പദ്ധതി ശ്രദ്ധേയമാകുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആർഐ) കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രമാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള യുവജനങ്ങൾക്ക് പരിശീലനം നൽകിവരുന്നത്.

(കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ കൈത്താങ്ങ്)

ജലകൃഷിയിൽ താൽപര്യമുള്ളവരെ തിരഞ്ഞെടുത്താണ് ഈ മേഖലയുമായി ബന്ധപ്പെട്ട് സമഗ്രമായ സാങ്കേതിക പരിശീലനം നൽകി സ്വയം സംരംഭകരാക്കുന്നത്. യുവജനങ്ങളിൽ തൊഴിൽ വൈദഗ്ധ്യം വികസിപ്പിക്കുകയെന്ന കേന്ദ്ര സർക്കാറിന്റെ പദ്ധതിയുടെ ഭാഗമായി അക്വകാൾച്ചർ ടെക്‌നീഷ്യൻ എന്ന പേരിലാണ് പ്രത്യേക പരിശീലന കോഴ്‌സ് നടത്തുന്നത്. ശുദ്ധജല മത്സ്യകൃഷി, ഓരുജല മത്സ്യകൃഷി, കൂടുമത്സ്യകൃഷി, ചെമ്മീൻ കൃഷി, കല്ലുമ്മക്കായ കൃഷി, പവിഴം-ചിപ്പി കൃഷി, ഞണ്ട് കൃഷി, കൊഞ്ച് കൃഷി തുടങ്ങിയ കൃഷി രീതികൾ, ജല ഗുണനിലവാര പരിശോധന, രോഗ നിർണയം, മത്സ്യത്തീറ്റ നിർമാണം, ഹാച്ചറി പ്രവർത്തനങ്ങൾ, കരിമീൻ വിത്തുൽപാദനം, മൂല്യവർധിത ഉൽപാദനം, വിഷവിമുക്ത പാക്കിംഗ് രീതികൾ, വിപണനം തുടങ്ങിയ മേഖലകളിലാണ് തൊഴിൽ വൈദഗ്ധ്യ പരിശീലനം നൽകുന്നത്. കൂടാതെ, ഈ മേഖലയിൽ എങ്ങനെ സ്വയം സംരംഭകരാകാമെന്നും യുവാക്കളെ പരിശീലിപ്പിക്കുക കൂടി ചെയ്യുന്നു. ജലകൃഷിയിൽ സംരംഭകരാകാൻ സാമ്പത്തിക സഹായം നൽകുന്ന ഏജൻസികളുമായി ബന്ധപ്പെടുത്താനും ധനസഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ കൈക്കൊള്ളുവാനും കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവരെ കൃഷി വിജ്ഞാന കേന്ദ്രം സഹായിക്കും.

പരിശീലനത്തിനായി കൊച്ചിയിലെ സ്ഥാപനങ്ങൾ

മത്സ്യമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളായ സിഎംഎഫ്ആർഐ, സിഫ്റ്റ്, കുഫോസ്, എംപിഇഡിഎ, കുസാറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ ക്ലാസ്സുകളാണു നൽകുന്നത്.

പുറമെ, വിവിധ കൃഷിയിടങ്ങളിൽ സന്ദർശനം, ജലകൃഷിയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച കർഷകരുമായി ആശയവിനിമയം, കൂടുനിർമ്മാണം പോലുള്ള കൃഷിരീതികളിൽ പ്രായോഗിക പരിശീലനം തുടങ്ങി വൈവിധ്യമായ പരിപാടികളുമുണ്ട്.

വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളുടെ പ്രവർത്തനം, കൃത്രിമ കുളങ്ങൾ നിർമ്മിച്ചുള്ള മത്സ്യകൃഷി തുടങ്ങിയവയിലും പരിശീലനം നൽകുന്നുണ്ട്.

കേരളത്തിലെ മത്സ്യ-ചെമ്മീൻ കൃഷി മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴിതുറക്കുന്നതാണ് യുവജനങ്ങളെ സംരംഭകരാക്കാൻ പര്യാപ്തമാക്കുന്ന പരിശീലന പദ്ധതിയെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇതുവഴി സംസ്ഥാനത്തെ മത്സ്യോൽപാദനത്തിൽ ഗണ്യമായ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാറിനു കീഴിലുള്ള നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ പരിശീലനത്തിനു സാമ്പത്തിക സഹായം നൽകുന്നത്.

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇത് ലഭിക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത അക്വാ-കൺസൽട്ടന്റ് ആയി പ്രവർത്തിക്കാൻ കഴിയും.

ജലകൃഷി കർമസേനയിൽ അംഗമാകാം

പരിശീലനം കഴിയുന്നതോടെ കൃഷി വിജ്ഞാനകേന്ദ്ര(കെവികെ)ത്തിന്റെ സഹായത്തോടെ വിവിധ കൃഷി ആവശ്യങ്ങൾക്ക് സേവന ദാതാക്കളായി മാറാൻ അവസരം ലഭിക്കും. *കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവരെ അംഗങ്ങളാക്കി കെവികെയുടെ നേതൃത്വത്തിൽ ജലകൃഷി കർമസേന നിലവിൽ വരും.

ജലകൃഷിയുമായി ബന്ധപ്പെട്ട സാങ്കേതിക സേവനങ്ങൾ നൽകാൻ കർമസേന അംഗങ്ങളെ പ്രാപ്തരാക്കും.

മത്സ്യകൃഷി, ചെമ്മീൻ കൃഷി, പവിഴം-ചിപ്പി കൃഷി, കല്ലുമ്മക്കായ കൃഷി, ഞണ്ട് കൃഷി, കൂടുകൃഷി തുടങ്ങിയ വിവിധ കൃഷികളിൽ സ്വയം സംരംഭകരാകുതിനു പുറമെ, കൃഷിയുമായി ബന്ധപ്പെട്ട് ആവശ്യമായ കസൽട്ടന്റ് സേവനങ്ങൾ ഏറ്റെടുത്ത് നടത്താനും പരിശീലനം പൂർത്തിയാക്കുന്നവരെ പ്രാപ്തരാക്കും. ജലകൃഷിയുടെ പ്രചാരവുമായി ബന്ധപ്പെട്ട്് കൃഷി വിജ്ഞാന കേന്ദ്രത്തിന് കീഴിൽ വിവിധ സാങ്കേതിക സേവനങ്ങൾ നൽകിവരുന്നുണ്ട്.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ കെവികെ യുടെ ഇത്തരം സേവനങ്ങളുടെ ഭാഗമായി പ്രവർത്തിക്കാൻ അവസരം നൽകും. കോഴ്സിൽ പ്രവേശനം നേടുന്നതിന് അപേക്ഷ നൽകിയവരിൽ നിന്ന് ജലകൃഷിയിൽ പരിചയവും താൽപര്യവുമുള്ള തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് പരിശീലനം നൽകിവരുന്നത്. കെവികെയുടെ നേതൃത്വത്തിൽ നേരത്തെ തന്നെ നിലവിൽവന്നിട്ടുള്ള കർമസേനയുടെ പ്രവർത്തനം വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്.

സിഎംഎഫ്ആർഐയുടെയും കെ വി കെയുടെയും ശാസ്ത്രജ്ഞരുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് കടമക്കുടി പിഴല സ്വദേശി തെരുവിപ്പറമ്പിൽ ശ്രീകുമാർ എന്ന ചെറുപ്പക്കാരനാണ് കർമസേനക്ക് നേതൃത്വം നൽകുന്നത്. കെ വി കെ മേധാവി ഡോ ഷിനോജ് സുബ്രമണ്യൻ, ജലകൃഷി വിദഗ്ധൻ ഡോ പി എ വികാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീന പരിപാടി നടന്നുവരുന്നത്.

രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കൃഷിവിജ്ഞാന കേന്ദ്രങ്ങളിൽ മാത്രമാണ് യുവജനങ്ങൾക്ക് കാർഷിക സാങ്കേതിക പരിശീലനം നൽകുന്നത്.കേരളത്തിൽ മലപ്പുറം, എറണാകുളം എന്നീ കെവികെകൾ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തെ 24 ലക്ഷം യുവജനങ്ങൾക്ക് വ്യവസായ, തൊഴിൽ, സംരംഭകത്വ പരിശീലനങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമാണ് ഈ പരിശീലന പദ്ധതി.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate