വീട്ടുകൃഷിത്തോട്ടത്തിലും തെങ്ങിന്‍തോപ്പിലുമെല്ലാം ആദായകരമായി വളര്‍ത്താവുന്ന സുഗന്ധവിളയാണ് ഗ്രാമ്പൂ. 75 സെന്റീമീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴികള്‍ 6-7 മീറ്റര്‍ ഇടയകലം വിട്ട് എടുക്കണം. ഇത് ഒറ്റവിളയായി നടുമ്പോഴത്തെ കാര്യമാണ്. മേല്‍മണ്ണും നന്നായി അഴുകിപ്പൊടിഞ്ഞ കാലിവളവും ചേര്‍ത്ത് കുഴി നിറയ്ക്കുക. മഴക്കാലം തുടങ്ങുന്നതോടെ (ജൂണ്‍-ജൂലായ് മാസം) തൈ നടാം. വളരുന്ന ചെടിയൊന്നിന് 15 കിലോ കാലിവളം അഥവാ കമ്പോസ്റ്റ് ചേര്‍ക്കണം. ആദ്യവര്‍ഷം 40 ഗ്രാം യൂറിയ, 110 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 80 ഗ്രാം പൊട്ടാഷ് വളം എന്നത് വര്‍ഷംതോറും വര്‍ധിപ്പിച്ച് 15 വര്‍ഷം പ്രായമായ ചെടിക്ക് 600 ഗ്രാം യൂറിയ, 1560 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 1250 ഗ്രാം പൊട്ടാഷ് വളം എന്ന ക്രമത്തിലാക്കണം. ജൈവവളം മെയ്-ജൂണ്‍ മാസവും രാസവളം രണ്ടുതുല്യ ഗഡുക്കളായി മെയ്-ജൂണിലും സപ്തംബര്‍ മാസവുമായി ഒരു മീറ്റര്‍ വലയത്തിലെടുത്ത ആഴം കുറഞ്ഞ ചാലുകളില്‍ ഇട്ട് മണ്ണിളക്കിച്ചേര്‍ക്കണം. തെങ്ങ്, മാവ്, പ്ലാവ്, വാഴ തുടങ്ങിയവയോടൊപ്പം മികച്ച രീതിയില്‍ ഇടവിളയായി ഗ്രാമ്പൂ വളര്‍ത്താം. ഹൈറേഞ്ച് മേഖലകളിലെ വീട്ടുവളപ്പില്‍ കാപ്പി, കുരുമുളക് എന്നിവയോടൊപ്പം ഗ്രാമ്പൂ ഇടവിളയാക്കുന്നു. ഗ്രാമ്പൂ വളരുന്ന പരിസരം സദാ തണുപ്പും ഈര്‍പ്പവുമുള്ള സൂക്ഷ്മ കാലാവസ്ഥയാക്കി നിലനിര്‍ത്താന്‍ വാഴ ഇടവിളയായി വളര്‍ത്താന്‍ ശുപാര്‍ശ ചെയ്യാറുമുണ്ട്. ചില സ്ഥലങ്ങളില്‍ ശീമക്കൊന്ന തന്നെ വളര്‍ത്തി ഇവയ്ക്ക് തണല്‍ നല്‍കാനും ശ്രമിക്കാറുണ്ട്. കൊമ്പുണക്കവും പൂമൊട്ടു കൊഴിയലും ഗ്രാമ്പൂമരത്തില്‍ ചിലപ്പോള്‍ കാണാറുണ്ട്. ഇത് കുമിള്‍രോഗമാണ്. 1 % വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഒന്നര മാസം ഇടവിട്ട് തളിച്ചാല്‍ രോഗം നിയന്ത്രണ വിധേയമാക്കാവുന്നതേയുള്ളു. ഗ്രാമ്പൂ മരങ്ങള്‍ക്കിടയില്‍ കളകള്‍ വളരാന്‍ അനുവദിക്കാതെയും നോക്കുക. മരത്തിന് പുതയിടുകയും ചെയ്യാം. നട്ട് 7-8 വര്‍ഷമാകുമ്പോഴാണ് ഗ്രാമ്പൂമരം വിളവ് തരാനൊരുങ്ങുക.
അവസാനം പരിഷ്കരിച്ചത് : 2/15/2020