രാസ കീട നാശിനികള്‍ ഉപയോഗിച്ച് മണ്ണിനെയും , മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിക്കാതെ ബലപ്രദമായ രീതിയില്‍ ജൈവ കീട നാശിനികള്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .
മണ്ണെണ്ണക്കുഴമ്പ്
ബാര്‍സോപ്പും മണ്ണെണ്ണയുമാണ് ഇതിലെ പ്രധാന ചേരുവകള്‍ 500 ഗ്രാം സാധാരണ ബാര്‍സോപ്പ് നേര്‍മയായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ചെറുതായി ചൂടാക്കിക്കൊണ്ട് ലയിപ്പിക്കുക. ലായനി തണുത്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് 9 ലിറ്റര്‍ മണ്ണെണ്ണ നന്നായി ഇളക്കിക്കൊണ്ട് ചേര്‍ക്കുക. ഇതില്‍ 15-20 ഇരട്ടി വെള്ളം ചേര്‍ത്തിളക്കിയ ശേഷം ചെടികളില്‍ തളിക്കാം. നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ ഏറെ ഫലപ്രദമാണിത്.
പുകയില കഷായം
അര കിലോഗ്രാം പുകയിലയോ, പുകയില ഞെട്ടോ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കിവയ്ക്കുക. പിന്നീട് പിഴിഞ്ഞെടുത്ത് ചണ്ടിമാറ്റുക. ഇപ്രകാരം ലഭിച്ച പുകയിലച്ചാറില്‍, 120ഗ്രാം ബാര്‍സോപ്പ് ചെറുതായി അരിഞ്ഞ് വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത ലായനി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പുകയില കഷായം 67 ഇരട്ടി വെള്ളം ചേര്‍ത്ത് തളിച്ചാല്‍ പയര്‍പ്പേനുകളെയും മറ്റു മൃദുല ശരീരികളായ കീടങ്ങളെയും നിയന്ത്രിക്കാം.
വേപ്പിന്‍ കുരു മിശ്രിതം
ഒരു ഗ്രാം വേപ്പിന്‍ കുരു കല്ലില്‍ വച്ച് നന്നായി പൊടിച്ച് തുണിക്കിഴിയില്‍ കെട്ടി 12 മണിക്കൂര്‍ നേരം ഒരു ലിറ്റര്‍ വെള്ളത്തില്‍ മുക്കി വയ്ക്കുക. കുരുവിന്റെ സത്ത് നന്നായി ഊറി ഇറങ്ങത്തക്കവിധം കിഴിഞെക്കി പിഴിയണം. ഇങ്ങനെ പല പ്രാവശ്യം ഞെക്കിപിഴിഞ്ഞെടുക്കുന്നതാണ് 0.1% വീര്യമുള്ള വേപ്പിന്‍ കുരു മിശ്രിതം. വെ, വഴുതന തുടങ്ങിയ വിളകളിലെ ഇലതീനിപ്പുഴുക്കള്‍, തുള്ളന്‍ എന്നിവയെ നശിപ്പിക്കാന്‍ ഇതുപയോഗിക്കാം.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
രണ്ടു ശതമാനം വീര്യത്തില്‍ 10 ലിറ്റര്‍ വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം ഉണ്ടാക്കുന്നതിന് 200 മില്ലിലിറ്റര്‍ വേപ്പെണ്ണ, 200 ഗ്രാം വെളുത്തുള്ളി, 50 ഗ്രാം ബാര്‍സോപ്പ് എന്നിവ വേണ്ടിവരും ബാര്‍സോപ്പ് ചീകി എടുത്ത് അര ലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ നല്ലതുപോലെ ലയിപ്പിച്ച് 200 മില്ലി ലിറ്റര്‍ വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കി പതപ്പിക്കണം. വെളുത്തുള്ളി നല്ലതുപോലെ അരച്ച് 300 മില്ലി ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത്, അരിച്ച്, വേപ്പെണ്ണ ഇമള്‍ഷനുമായി ചേര്‍ക്കുക. ഇത് 9 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് 10 ലിറ്റര്‍ ലായനി ഉണ്ടാക്കാം. നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ക്കെതിരെ ഫലപ്രദം.
കടപ്പാട് : Karshakan.in