കേരളത്തില്‍ തനിവിളയായും ഇടവിളയായും വെറ്റില കൃഷി ചെയ്തുവരുന്നു. ഇവിടെ കൃഷിചെയ്യുന്ന ഇനങ്ങളാണ് അരിക്കൊടി, പെരുംകൊടി, അമരവിള, കല്‍ക്കൊടി, കരിലേഞ്ചികര്‍പ്പൂരം, തുളസി, വെണ്‍മണി, പ്രാമുട്ടന്‍ എന്നിവ. നടീല്‍കാലത്തെ കണക്കിലെടുത്ത് മെയ്–ജൂണ്‍ മാസങ്ങളില്‍ കൃഷിയിറക്കുന്നത് ഇടവക്കൊടിയെന്നും ഓഗസ്റ്റ്‌സെപ്റ്റംബര്‍ മാസങ്ങളിലേത് തുലാക്കൊടി എന്ന പേരിലും അറിയപ്പെടുന്നു. കിളച്ചൊരുക്കിയ സ്ഥലത്ത് പത്ത് പതിനഞ്ചു മീറ്റര്‍ നീളവും 75 സെ.മീ. വീതം വീതിയും താഴ്ചയുമുള്ള ചാലുകള്‍ ഒരു മീറ്റര്‍ അകലത്തിലെടുത്തതില്‍, ചാരം, പച്ചിലവളം, ജൈവവളങ്ങള്‍ എന്നിവ ചേര്‍ത്ത് നല്ലയിനം വെറ്റില ചെടിയുടെ തണ്ടുകള്‍ മുറിച്ചെടുത്ത് നടുക.
നടീല്‍വസ്തുവും നടുന്ന രീതിയും
വെറ്റിലയുടെ നടീല്‍വസ്തു അതിന്റെ തണ്ടുകള്‍ മുറിച്ചുള്ള കഷ്ണങ്ങളാണ്. ഇതിനായി രണ്ടുമൂന്നു വര്‍ഷം പ്രായമായതും നല്ലതുപോലെ ഇലപ്പിടുത്തമുള്ളതുമായ കൊടികള്‍ തിരഞ്ഞെടുക്കണം. ഇതിന്റെ ശിഖരാഗ്രങ്ങളാണ് നടാന്‍ ഉപയോഗിക്കുക. നല്ല കരുത്തോടെ കാണുന്ന മൂന്നു മുകുളങ്ങള്‍ അതായത് മൂന്നു മുട്ടകളോടെയുള്ള വള്ളിത്തണ്ടുകളാണ് മുറിച്ചെടുക്കേണ്ടത്. ഇതിനു ഉദ്ദേശം 1 മീറ്റര്‍ നീളം വരും. ഇപ്രകാരമുള്ള 80 മുതല്‍ 100 വള്ളിത്തലകള്‍ ഒരു സെന്റ് സ്ഥലത്തെ കൃഷിക്ക് വേണ്ടിവരുന്നു. നല്ല നനവുള്ള മണ്ണില്‍ 20 സെ.മീ അകലത്തില്‍ വള്ളികള്‍ നടണം. ഒരു മുട്ടു മണ്ണിനടിയിലാക്കി വേണം നടാന്‍. നട്ട് മണ്ണ് അടുപ്പിക്കുക. തുടര്‍ന്ന!ു ക്രമമായി നനയ്ക്കുകയും ചെയ്യുക.
വളമിടീലും പരിചരണവും
വെറ്റിലയ്ക്ക് അടിസ്ഥാനവളമായി ജൈവവളങ്ങള്‍ സെന്റ് ഒന്നിനു 100 കിലോഗ്രാം എന്ന തോതില്‍ ചേര്‍ക്കുക. ഇവയ്ക്കു പുറമേ യൂറിയ 500 ഗ്രാം റോക്‌ഫോസ്‌ഫേറ്റ് വളം 400 ഗ്രാം എന്നിവയും ശുപാര്‍ശ ചെയ്തിരിക്കുന്നു. ഇവയില്‍ പകുതി അടിവളമായും ബാക്കി നാലു മാസത്തിനുശേഷവും ഇടേണ്ടതാണ്.
രണ്ടാഴ്ച ഇടവിട്ടു ചാരം ചേര്‍ത്ത് കരിയിലകള്‍കൊണ്ടു പുതയിടാവുന്നതുമാണ്. ചാണകവെള്ളം തളിച്ചുകൊടുക്കുന്നതും നന്ന്. ആദ്യ വിളവെടുപ്പിന് നട്ടു നാലുമാസം വേണ്ടിവരുന്നു. അതേവരെ രണ്ടാഴ്ച ഇടവിട്ടു ചാണകവെള്ളം തളിക്കുക. ഉണങ്ങിയ ഇലകള്‍ ചേര്‍ത്ത് കൊടുക്കുക എന്നിവ നടത്താവുന്നതാണ്.
നടീലിനു ശേഷമുള്ള പരിചരണങ്ങള്‍
വെറ്റിലക്കൃഷിയില്‍ തൈകള്‍ നട്ടതിനുശേഷമുള്ള പ്രധാന പരിചരണങ്ങളാണു ക്രമമായ നനയും തൈകള്‍ പിടിച്ചുകിട്ടിയാല്‍ നീളം വെയ്ക്കുന്നതോടെ താങ്ങുകാലുകളിലേക്കു പടര്‍ന്നു കയറാന്‍ സഹായകമാംവിധം കെട്ടിക്കൊടുക്കുകയും ചെയ്യുക എന്നത്.
നന രാവിലെയും വൈകുന്നേരവും നടത്തണം. വെറ്റില വളരുന്നിടത്ത് എല്ലായ്‌പ്പോഴും മതിയായ അളവില്‍ ഈര്‍പ്പം നിലനിര്‍ത്തേണ്ടതുണ്ട്. എന്നാല്‍ വെള്ളം കെട്ടിക്കിടക്കാന്‍ ഇടയാകുകയുമരുത്.
വെറ്റിലയ്ക്കു വേരുചീയല്‍
നട്ട് ഒരു മാസമാകുന്നതോടെ കൊടി പടര്‍ത്താന്‍ തുടങ്ങാം. ഇതിനായി മുളങ്കാലുകള്‍ നാട്ടിയിട്ടുള്ളതില്‍ 15–20 സെ.മീറ്റര്‍ വ്യത്യാസത്തില്‍ വാഴനാരുകൊണ്ട് അയച്ച് ബന്ധിപ്പിക്കണം. ഒരു വര്‍ഷത്തിനുള്ളില്‍ കൊടിക്കു മൂന്നുമീറ്റര്‍ വരെ നീളം വയ്ക്കും. അതിനുശേഷം ഉണ്ടാകുന്ന ഇലകള്‍ക്കു വലിപ്പം കുറവായിരിക്കും.
ഇലനുള്ളല്‍ അഥവ വിളവെടുപ്പ്
വെറ്റിലച്ചെടിയുടെ സാമ്പത്തിക പ്രാധാന്യമുള്ള ഘടകമാണ് അതിന്റെ ഇലകള്‍. ചെടി നട്ടു മൂന്നു മുതല്‍ ആറുമാസംകൊണ്ട് 150–180 സെ.മീ ഉയരത്തില്‍ വളര്‍ന്നിട്ടുണ്ടാകും. ഇതോടെ വള്ളികളില്‍ ശിഖരങ്ങള്‍ പൊട്ടിത്തുടങ്ങുന്നു. ഈ അവസരത്തില്‍ വിളവെടുപ്പ് തുടങ്ങാം. ഇലഞെട്ട് ഉള്‍പ്പെടെ നുള്ളിയെടുക്കുക എന്നതാണു വിളവെടുപ്പ!ുരീതി. ഒരിക്കല്‍ ഇലകള്‍ ശേഖരിക്കാന്‍ തുടങ്ങിയാല്‍ നിത്യേന അല്ലെങ്കില്‍ നിശ്ചിത ദിവസങ്ങള്‍ ഇടവിട്ടു വിളവെടുത്തുകൊണ്ടിരിക്കാം. ഓരോ വിളവെടുപ്പിനുശേഷവും ജൈവവളങ്ങള്‍ ചേര്‍ക്കുന്നത് വളര്‍ച്ചയ്‌ക്കൊപ്പം വിളവുവര്‍ധനയ്ക്കും സഹായകമാകും.
അഹല്യ ഉണ്ണിപ്രവൻ