ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്. വള്ളി മുറിച്ചു നട്ടാണ് കോവൽ കൃഷി ചെയ്യുന്നത്. തുടർച്ചയായി വലിപ്പമുള്ള കായ്ഫലം തരുന്ന തായ് വള്ളികളിൽ നിന്നാണ് വള്ളി ശേഖരിക്കേണ്ടത്. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്. കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടാം. ഉണങ്ങിയ കാലിവളം, തരിമണൽ, മേൽമണ്ണ് എന്നിവ സമം കൂട്ടിയിളക്കിയത് പോളിത്തിൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറക്കുക. വള്ളിയുടെ രണ്ടു മുട്ടുൾ മണ്ണിൽ പുതയാൻ പാകത്തിൽ വള്ളികൾ നടുക. ഇവ തണലിൽ സൂക്ഷിക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാം. പോളിത്തിൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്.
വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം.വെർമിവാഷ്, അല്ലെങ്കിൽ ഗോമൂത്രം, പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുക. മാസത്തിൽ രണ്ടുതവണ ചുവടു കിളച്ചിളക്കി ചാരം , എല്ലുപൊടി ഇവ ഏതെങ്കിലും ചേർത്തു കൊടുക്കുക.ഒരു മാസം പ്രായമായ കോവൽ ചെടികളിൽ കായയുണ്ടാകാൻ തുടങ്ങും. നനച്ചു കൊടുത്താൽ വിളവു കൂടുതൽ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കായ് പറിച്ചെടുക്കാം.
അവസാനം പരിഷ്കരിച്ചത് : 2/15/2020