ഗ്രാമങ്ങള്‍ അന്യമാകുന്ന, നെല്‍കൃഷി അപ്രത്യക്ഷമാകുന്ന, വയലുകള്‍ നികന്നുപോകുന്ന ഇക്കാലത്ത് വെങ്ങോല എന്ന പച്ചപുതച്ച എന്റെ ഗ്രാമത്തെ ഞാന്‍ ഓര്‍ത്തുപോകുന്നു. പച്ചനിറങ്ങള്‍ക്കെത്ര വൈവിധ്യമായിരുന്നു! നെല്ല് മുളയ്ക്കുമ്പോഴുള്ള, വളരുമ്പോഴുള്ള, വിളയുമ്പോഴുള്ള പച്ചകള്‍ക്ക് പല പല നിറം. കാഞ്ഞിരത്തിന്റെ ഇലയ്ക്ക് കറുപ്പുകലര്‍ന്ന പച്ച. മാവ് തളിര്‍ക്കുമ്പോള്‍ മഞ്ഞകലര്‍ന്ന പച്ച.പുളിയിലയ്ക്ക് വേറൊരു പച്ചനിറം. അക്കാലത്തെ പച്ചവൈക്കോലിന്റെയും ഉണക്കവൈക്കോലിന്റെയും നനഞ്ഞ വൈക്കോലിന്റെയും മണം എന്റെ നാസാദ്വാരങ്ങളില്‍ ഇന്നും തങ്ങിനില്‍ക്കുന്നു! പക്ഷെ നെല്‍കൃഷിയെപ്പോലെ വെങ്ങോലയും അപ്രത്യക്ഷമായി. ഞാന്‍ ഓടിനടന്ന് വെള്ളം തട്ടിത്തെറിപ്പിച്ച തോടുകളോ തൊടികളോ മുറ്റങ്ങളോ മുളംകൂട്ടങ്ങളോ വരമ്പുകളോ ഇന്നില്ല. വെങ്ങോല ഇന്ന് പ്ലൈവുഡ് ഫാക്ടറികളുടെ സ്വന്തം നാടാണ്. കേരളത്തെ, അതിന്റെ സംസ്‌കാരത്തെ അട്ടിമറിച്ചത് ഗൗരിയമ്മ കൃഷിമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന, ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ താന്‍ രൂപകല്‍പ്പന ചെയ്തതെന്നവകാശപ്പെടുന്ന ഭൂനയമാണ്. ''നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ'' എന്നുപാടി മോഹിപ്പിച്ച് ചതിച്ച ഭൂനയം. നെല്‍വയല്‍ ഉടമസ്ഥരില്‍നിന്ന് ഭൂമി കൃഷിചെയ്യുന്നവന്റെ കയ്യില്‍ എത്തണം എന്ന നിബന്ധനയോടെ പാസ്സാക്കിയ ബില്‍ എത്തിയത് പാടത്ത് പണിയെടുത്തിരുന്ന പുലയരുടെയും പറയരുടെയും കയ്യിലല്ല, മറിച്ച് നെല്‍വയല്‍ പാട്ടത്തിനെടുത്ത് അവനെക്കൊണ്ട് കൃഷിചെയ്യിച്ചിരുന്ന ചാക്കോമാരുടേയും പൈലിമാരുടേയും കയ്യിലാണ്. എന്റെ കുടുംബത്തിന്റെ വയലും പാട്ടക്കാര്‍ക്കാണ്, പാടത്ത് പണി എടുത്തവര്‍ക്കല്ല ലഭിച്ചത്. ഇന്ന് കൃഷി അന്യമാകാന്‍ പ്രധാന കാരണങ്ങളിലൊന്ന് അമിതമായ പണിക്കൂലിയാണ്. 80 ശതമാനം വയലുകള്‍ ഉള്ളിടത്ത് ഇന്ന് വയലുകള്‍ നാല്‍പ്പതു ശതമാനമായത് പുതിയ തലമുറ നഗരങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തു തുടങ്ങിയപ്പോഴാണ്. എംജിആര്‍എസ് സ്‌കീം അനുസരിച്ച് അനുവദിച്ച ഫണ്ടില്‍ 90 ശതമാനവും കൃഷിക്കല്ല ഉപയോഗിച്ചത്. കൃഷി അങ്ങനെ ലാഭകരമല്ലാതായി. പകരം കര്‍ഷകര്‍ റബറിലേക്കും കുരുമുളകിലേക്കും തെങ്ങിലേക്കും തിരിഞ്ഞു. പണ്ട് മാര, ഓണോട്ടന്‍, ചെമ്പാവ് മുതലായ നെല്ലുകളാണ് കൃഷി ചെയ്തിരുന്നത്. ഇന്ന് ന്യൂജെന്‍ വിത്തുകളാണ്. കൃഷി അപ്രത്യക്ഷമാകാന്‍ തുടങ്ങിയതോടെ കാര്‍ഷിക സംസ്‌കാരവും അപ്രത്യക്ഷമായി. അന്ന് ഞങ്ങള്‍ ചിങ്ങമാസം ഒന്നാം തീയതി പുത്തിരി ആഘോഷം നടത്തിയിരുന്നു. അത്തത്തിന്റെ ദിവസം ഇല്ലംനിറ എന്ന ചടങ്ങ് ഉണ്ടായിരുന്നു. വയലില്‍നിന്നും വിളഞ്ഞ നെല്‍ക്കതിര്‍ കൊണ്ടുവന്ന് പൂജിച്ച് അറപ്പുരയില്‍ വയ്ക്കും. മുറ്റത്ത് ഒരു കോല്‍നാട്ടി അതിലും നെല്‍ക്കതിരുകള്‍ കെട്ടിവയ്ക്കും. ഇന്ന് ഇല്ലംനിറ ഗുരുവായൂര്‍ അമ്പലത്തില്‍ മാത്രമാണ്. ഇന്ന് വയലുകള്‍ റിയല്‍ എസ്റ്റേറ്റുകാര്‍ വാങ്ങി നികത്തി ബഹുനിലകെട്ടിടങ്ങളും ടൂറിസ്റ്റ് റിസോര്‍ട്ടുകളും മറ്റും പണിയുന്നു. സര്‍ക്കാര്‍പോലും ഒരു കായലിലെ ഒഴുക്ക് തടയും വിധമാണല്ലോ ടൂറിസ്റ്റ് റിസോര്‍ട്ട് പണിതത്. കായലും സമുദ്രംപോലും ഭൂമാഫിയ കയ്യേറി റിസോര്‍ട്ടുകള്‍ പണിയുന്നു. അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന സര്‍ക്കാരിന് പണം മതി, പരിസ്ഥിതിനാശം ഒരു പ്രശ്‌നമല്ല. ഇപ്പോള്‍ പച്ചപ്പാടങ്ങള്‍ ഒരു അപൂര്‍വ കാഴ്ചയായി മാറുന്നു. കേരളത്തിലേക്ക് അരി വരുന്നത് ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമാണ്. ചെമ്പാവരി ചോറുണ്ടിരുന്ന തറവാടികള്‍ ഇന്ന് ഈ അരിയാണ് ഭക്ഷിക്കുന്നത്. വയലുകളുടെ അഭാവം പരിസ്ഥിതിയെയും ജലലഭ്യതയെയും ബാധിച്ചു. പൊക്കാളികൃഷിയ്ക്ക് പ്രസിദ്ധമായിരുന്ന കൊച്ചിയില്‍നിന്നും പൊക്കാളി അപ്രത്യക്ഷമായി. തൃശൂരിലെ കോള്‍പാടങ്ങളും ഓര്‍മയാകുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേ പ്രകാരം 35.5 ശതമാനം ഭൂമി മാത്രമാണ് ഇന്ന് കൃഷിഭൂമിയായുള്ളത്. തൊഴിലാളികള്‍ ഇന്ന് കെട്ടിടം പണിയുന്ന തൊഴിലിലാണ്. അവിടെ മെച്ചപ്പെട്ട കൂലി ലഭിക്കുന്ന കാരണമാണ് അവര്‍ നഗരങ്ങളിലേക്ക് താമസം മാറ്റിയത്. മറ്റൊരുകാര്യം വളത്തിന്റെ അഭാവമാണ്. പണ്ട് കര്‍ഷകര്‍ക്ക് സ്വന്തം കാളകളും പശുക്കളും ഉണ്ടായിരുന്നതിനാല്‍ ചാണകം സുലഭമായിരുന്നു. വിസ്തൃതമായ തൊടിയിലെ കരിയില അടിച്ചുകൂട്ടി കത്തിച്ച് ചാരം ലഭിക്കുമായിരുന്നു. ഇത് രണ്ടുമായിരുന്നു നെല്ലിന്റെ വളം. ഇന്ന് ഫാക്ടറികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വളങ്ങളാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. പണ്ട് ചാഴി മുതലായ കീടങ്ങള്‍ ബാധിച്ചാല്‍ ചാരം പാറ്റി അവയെ ഓടിക്കുകയായിരുന്നു പതിവ്. ഇന്ന് കീടനാശിനികള്‍ പ്രയോഗിക്കുമ്പോള്‍ വയലുകളില്‍നിന്ന് തുമ്പിയും പറവകളും നെല്‍ക്കോഴിയുമെല്ലാം അപ്രത്യക്ഷമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ തുമ്പിയെ പിടിച്ച് വിട്ട്, ഒരാള്‍ എത്ര തുമ്പിയെ പിടിക്കുന്നു എന്നുനോക്കുന്ന കളി കളിയ്ക്കുമായിരുന്നു. ഈ തലമുറ തുമ്പിയെ കണ്ടിട്ടുണ്ടോ ആവോ? ഇന്ന് കൊയ്യുന്നതിനും മെതിക്കുന്നതിനുമെല്ലാം മെഷീനുകള്‍ ഉണ്ടെന്ന് പറയുമ്പോഴും കുട്ടനാടന്‍ നെല്‍പ്പാടങ്ങളില്‍ കര്‍ഷകര്‍ കൊയ്തുവയ്ക്കുന്ന നെല്ല് മഴയില്‍ കിളിര്‍ത്ത് നശിക്കുന്നു. നെല്‍വയല്‍ അപ്രത്യക്ഷമാകുന്നത് കര്‍ഷക ആത്മഹത്യകളില്‍ അവസാനിക്കുന്നു. നെല്ലിന് വില ലഭിക്കാത്തതുകാരണം കോ ഓപ്പറേറ്റീവ് സൊസൈറ്റികളും സപ്ലൈകോയും നെല്ല് സംഭരിക്കും എന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. പക്ഷേ ഇത് പ്രയോഗത്തില്‍ വരുന്നത് അപൂര്‍വം.പാലക്കാട്ട് പാടശേഖര സമിതി ഗ്രൂപ്പ് ഫാമിങ് തുടങ്ങി. ഇന്ന് കൃഷിഫാം വിത്തുനല്‍കുന്നു. നെല്ല് വിതയ്ക്കാനും പുല്ല് പറിയ്ക്കാനും നെല്ലുകൊയ്യാനും മറ്റും മെഷീനുകളുണ്ട്. പക്ഷേ ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക ഉപകരണങ്ങള്‍ നല്ലതല്ല എന്നാണ് കൃഷിക്കാര്‍ പറയുന്നത്. ഇവ പ്രാദേശികമായി നിര്‍മിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. നെല്‍കൃഷി ചുരുങ്ങിയതോടെ ഭക്ഷ്യക്ഷാമം വരുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. കൃഷി കുറഞ്ഞതോടെ മണ്ണിനടിയിലുള്ള ജലശേഖരവും കുറയുകയാണ്. പാരിസ്ഥിതിക നാശം കാരണമാണിത്. കേരളത്തില്‍ എയര്‍പോര്‍ട്ടുകള്‍ നിര്‍മിച്ചത് നെല്‍വയല്‍ നികത്തിയായിരുന്നല്ലോ. ആറന്മുളയിലും വിമാനത്താവളം വരുമെന്ന് പ്രതീക്ഷിച്ച് ഏക്കറോളം നെല്‍വയലും തടാകങ്ങളും നികത്തുകയുണ്ടായി. ഷോപ്പിംഗ് മാള്‍, പഞ്ചനക്ഷത്ര ആശുപത്രികള്‍, ഹോട്ടലുകള്‍ മുതലായവ ഉയരുന്നത് നെല്ലിന്റെ ശ്മശാനത്തിലാണ്. 5,00,000 ഹെക്ടര്‍ നെല്‍വയലുകള്‍ ഇങ്ങനെ നഷ്ടപ്പെട്ടതായാണ് കണക്ക്. പണ്ട് മുണ്ടകന്‍, വിരിപ്പ്, പുഞ്ച എന്നീ കൃഷികളാണ് നിലനിന്നിരുന്നത്. ഇന്ന് അതൊന്നുമില്ല. ഇത് കര്‍ഷകര്‍ക്ക് എത്ര ഹൃദയഭേദകമായിരുന്നു എന്നറിയുന്നത് 1500 കര്‍ഷകര്‍ വയനാട്, പാലക്കാട് മുതലായ സ്ഥലങ്ങളില്‍ ആത്മഹത്യചെയ്തു എന്നറിയുമ്പോഴാണ്. വൃക്ഷങ്ങള്‍ വെട്ടിമാറ്റുന്നതുപോലെയാണ് ഇവിടെ വികസനദാഹികള്‍ കര്‍ഷകരെ ഉന്മൂലനം ചെയ്യുന്നത്. കേരളത്തിലെ നെല്‍കൃഷി 3,10,521 ഹെക്ടറില്‍ മാത്രമാണ് ഇന്നുള്ളത്. കേരള കര്‍ഷകന്റെ രീതി ഏതു കാര്‍ഷിക ഉല്‍പ്പന്നത്തിനാണോ വില, അതിലേയ്ക്ക് മാറുക എന്നതാണ്. റബറിന് വിലവര്‍ധിച്ചപ്പോള്‍ ഒരുപാട് നെല്‍കര്‍ഷകര്‍ റബറിലേക്കും പൈനാപ്പിളിലേക്കും മറ്റും മാറി. ഇപ്പോള്‍ റബറിന്റെ വില ഇടിയുമ്പോള്‍ റബര്‍ കര്‍ഷകര്‍ വീണ്ടും ആത്മഹത്യാ മുനമ്പിലെത്തുന്നു. കേരള സര്‍ക്കാര്‍ ജനങ്ങളെ ഓര്‍ക്കുന്നത് വോട്ടിന്റെ സമയത്തു മാത്രമാണ്; ജനസമ്പര്‍ക്ക പരിപാടി തുടങ്ങുമ്പോഴും. ഓരോ ജനസമ്പര്‍ക്ക പരിപാടിക്കും കിട്ടുന്ന പരാതികള്‍ ലക്ഷങ്ങള്‍ കവിയുന്നുവെങ്കിലും അതില്‍ ഒന്നിനും പരിഹാരം കാണുന്നില്ല. പൊതുജനം കഴുത എന്ന സങ്കല്‍പ്പത്തില്‍ രാഷ്ട്രീയക്കാര്‍ ഇന്നും വിശ്വസിക്കുകയും കേള്‍ക്കാന്‍ സുഖമുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ കാര്യമെടുത്താല്‍ അവര്‍ക്ക് മുന്നില്‍ കൊടിയുടെ നിറത്തില്‍ മാത്രം വ്യത്യാസമുള്ള രണ്ടു മുന്നണികള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഏതെങ്കിലുമൊന്നിന് യാന്ത്രികമായി വോട്ടുചെയ്യുന്നു. ഗാന്ധിജിയുടെ ഖദര്‍ ഇന്ന് അശുദ്ധമായിക്കഴിഞ്ഞു എന്നറിയാത്തവരല്ല പൊതുജനങ്ങള്‍. വ്യവസായവല്‍ക്കരണം ഒരു പ്രതിവിധിയായി കണ്ടാണ് നെല്‍വയല്‍ നികത്തി ഫാക്ടറികളും മറ്റും വന്നത്. വെങ്ങോലയില്‍ പ്ലൈവുഡ് ഫാക്ടറികള്‍ വന്നപ്പോള്‍ 'കണ്ണീരുപോലുള്ള വെള്ളം' ചുവപ്പു നിറമായി. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുഃഖമോ, ഗ്വാളിയര്‍ റയോണ്‍സ് ഇരകളുടെ ദുരിതമോ പരിഹരിക്കപ്പെട്ടില്ലല്ലോ. സര്‍ക്കാര്‍ വോട്ട് ബാങ്ക് നോക്കി മാത്രം നയം രൂപീകരിക്കരുത്. തെക്കന്‍ കേരളത്തില്‍ ആറ്റമിക് എനര്‍ജി ഉപയോഗിച്ചുള്ള ഫാക്ടറി വരുന്നതിനെ നഖശിഖാന്തം എതിര്‍ത്തവര്‍ അത് കേരളാതിര്‍ത്തിയില്‍ തമിഴ്‌നാട്ടിലെ കൂടംകുളത്ത് സ്ഥാപിതമായപ്പോള്‍ അവിടെനിന്നും വൈദ്യുതി വാങ്ങുന്നു. കേരളാതിര്‍ത്തിയില്‍ സ്ഥാപിച്ചാലും കേരളത്തിനുള്ളില്‍ സ്ഥാപിച്ചാലും വിപത്ത് ഒന്നുപോലെ എന്നു തിരിച്ചറിയാന്‍ ബുദ്ധിശക്തിയ്ക്ക് പേരുകേട്ട മലയാളിയ്ക്കായില്ല! തമിഴ്‌നാട്ടില്‍ കാറ്റാടിയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. മുല്ലപ്പെരിയാര്‍ വെള്ളം അവര്‍ സുന്ദരമായി തട്ടിയെടുക്കുന്നു. ബുദ്ധിരാക്ഷസന്മാരായ മലയാളിക്ക് എന്താണ് മറുപടി?
അവസാനം പരിഷ്കരിച്ചത് : 2/15/2020