অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൂവാം കുറുന്തല്‍

പുരാതനകാലം മുതല്‍ തന്നെ ഔഷധഗുണത്തില്‍ അഗ്രഗണ്യനാണ് പൂവാംകുറുന്തല്‍. അമൂല്യമായ രോഗശമന ശേഷിയുള്ള ഈ സസ്യം കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും. ഇതിനാല്‍ ഔഷധ നിര്‍മാണത്തിനായി വ്യാവസായികാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പൂവാംകുറുന്തല്‍ കൃഷി ചെയ്യുന്നു.

പുരാണകാലത്ത് സ്ത്രീകളും പെണ്‍കുട്ടികളും മംഗളസൂചകമായി ചൂടിയിരുന്ന ദശപുഷ്പ അംഗമാണ് പൂവാംകുറുന്തല്‍. ഔഷധസസ്യ സമൃദ്ധമായ കേരളത്തില്‍ ഭൂരിഭാഗം ഔഷധങ്ങളും തയാറാക്കുന്നത് ഔഷധ സസ്യങ്ങളില്‍ നിന്നായിരുന്നു. അവയില്‍ പൂവാംകുറുന്തലിന് മര്‍മപ്രധാനമായ ഒരു പങ്കുണ്ട്. അഷ്ടാംഗ സംഗ്രഹം, അഷ്ടാംഗഹൃദയം എന്നീഗ്രന്ഥങ്ങളിലൂടെ വാഗ്ഭടാനന്ദന്‍ കേരളത്തില്‍ പ്രചരിപ്പിച്ച ചികിത്സാരീതികളില്‍ പൂവാങ്കുറുന്തല്‍ ചേര്‍ത്തിരുന്നതായി ചരിത്രത്താളുകള്‍ സാക്ഷ്യം വഹിക്കുന്നു.

ശാഖോപശാഖകളായി വളരുന്ന ഇവയുടെ സ്വദേശം പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയാണ്. കാട്ടുചെടിപോലെ ഇവ സമതലങ്ങളിലും കുന്നുകളിലും റോഡുവക്കിലും യഥേഷ്ടം വളരുന്നു. ഏകവര്‍ഷിയായ ഈ സസ്യത്തിന് ഒരേസമയം ചെറുതും വലുതുമായ പലതരത്തിലുള്ള ഇലകളാണുള്ളത്. ഒരടി പൊക്കത്തില്‍ വളരുന്ന ഈ സസ്യത്തിന് സംസ്‌കൃതത്തില്‍ 'സഹവേദി' എന്നും 'ഉത്തമകന്യാപത്രം' എന്നും 'ആഷ്‌കളേഡ് ഫിബേന്‍' എന്നും പേരുകളുണ്ട്.

വെര്‍ണോണിയ സിനെറിയ എന്ന ശാസ്ത്രനാമമുള്ള സൂര്യകാന്തിചെടിയുടെ കുടുംബത്തില്‍പ്പെട്ട പൂവാംകുറുന്തലിനെ 'അസ്റ്ററേസി' എന്ന സസ്യകുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാസഘടകങ്ങള്‍

സമൂലം ഔഷധമായി ഉപയോഗിക്കുന്ന പൂവാംകുറുന്തലില്‍ ബീറ്റാ അമീറിന്‍ അസറ്റേറ്റ്, ലൂപിയോള്‍ അസറ്റേറ്റ് തുടങ്ങി നിരവധി രാസഘടകങ്ങള്‍ വിവിധ അളവുകളില്‍ അടങ്ങിയിരിക്കുന്നു.

ഗുണങ്ങള്‍

എല്ലാ ഇനം പനികള്‍ക്കും ഔഷധമായി ഉപയോഗിക്കുന്ന ഇത് മൂത്രതടസവും ഇല്ലാതാക്കുന്നു. ചെങ്കണ്ണിനും തിമിരത്തിനും ഇത് വളരെ വിശേഷപ്പെട്ട മരുന്നാണ്. ശരീരത്തിലുണ്ടാവുന്ന നീരുമാറ്റാനും ഇതുപയോഗിക്കുന്നു. തേള്‍വിഷശമനത്തിനും രക്തശുദ്ധി ഉണ്ടാക്കാനും ഈ ഔഷധച്ചെടി ഉത്തമമാണ്.

ചികിത്സകള്‍

ഇത് സമൂലം കഷായം വച്ച് കുറച്ചുദിവം സേവിച്ചാല്‍ മൂത്രതടസം മാറുകയും തേള്‍വിഷശമനം സാധ്യമാവുകയുംചെയ്യും. തുമ്പപ്പൂവ്, തുളസിയില, കരുമുളക്, പൂവാംകുറുന്തല്‍ എന്നിവ തുല്യമായെടുത്ത് നന്നായി അരച്ച്, ഗുളിക രൂപത്തിലാക്കി വെയിലത്തുവച്ചുണക്കി സേവിച്ചാല്‍ സര്‍വപനിയും മാറ്റും. പൂവാംകുറുന്തിലയുടെ നീര് തേന്‍ ചേര്‍ ത്തോ, മുലപ്പാലിലോ പശുവി ന്‍ പാലിലോ ചേര്‍ത്തൊഴിച്ചാല്‍ ചെങ്കണ്ണിനും തിമിരത്തിനും ശമനം കിട്ടും.

ഔഷധ ഉപയോഗങ്ങള്‍

ശരീരതാപം കുറയ്ക്കുന്നു. മൂത്രപ്രവാഹം സുഗമമാക്കുന്നു. ശരീരത്തിലെ വിഷം കളയുകയും രക്തശുദ്ധിവരുത്തുകയും ചെ യ്യുന്നു. ഈ അമൂല്യസസ്യം നാട്ടുവൈദ്യത്തിലും ആയൂര്‍വേദത്തിലും ഉപയോഗിക്കുന്നു. പനി, മലമ്പനി, തേള്‍വിഷം, അര്‍ശസ് എന്നിവയ്ക്കും നേത്രചികിത്സ ക്കും ഉപയോഗിക്കുന്നു. ഈ സസ്യം മൂക്കിലെ ദശവളര്‍ച്ച തടയുന്നു. തലവേദനയ്ക്ക് പ്രതിവിധിയായും ഉപയോഗിക്കുന്നു. കൂടാതെ രാപ്പനി ഔഷധനിര്‍മാണത്തിലും ഉപയോഗിക്കുന്നു. അതുപോലെ ഈ ചെടി ഐശ്വര്യത്തിനും ദാരിദ്ര്യ നാശത്തിനുമുതകുമെന്ന് ഐതിഹ്യമുണ്ട്.

പ്രഫ. കെ. നസീമ 
തിരുവനന്തപുരം
ഫോണ്‍: 9633552460

അവസാനം പരിഷ്കരിച്ചത് : 7/25/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate