অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ക്വിനാവോ എന്ന അത്ഭുതധാന്യം

ക്വിനാവോ എന്ന അത്ഭുതധാന്യം

നമ്മുടെ പ്രധാനഭക്ഷണം അരിയാണ് എന്നാൽ മൂന്നുനേരവും അരിയാഹാരം കഴിക്കുന്നതുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ പഞ്ചസാരയുടെ അസുഖവും വളരെ അധികമാണ്. അതിനാൽത്തന്നെ പലരും പ്രമേഹത്തെ ഭയന്ന് ഒരു നേരം മാത്രം അരിയാഹാരത്തിലേക്ക് മാറിയിരിക്കുന്നു. എന്നാൽ, പൂർണമായും കൊഴുപ്പെന്ന വില്ലനെ അകറ്റാവുന്ന ഒരു ധാന്യത്തെ നമ്മൾ തേടിക്കൊണ്ടിരിക്കുകയാണ്.
നൂറ് ഗ്രാം ധാന്യത്തിൽ 65 ഗ്രാമോളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു അദ്ഭുത ധാന്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഐക്യരാഷ്ട്രസഭ 2013-ൽ പ്രതേ്യക വർഷാചരണം നടത്തി ലോകത്തെ പരിചയപ്പെടുത്തിയ ഒരു തേക്കേ അമേരിക്കൻ ധാന്യമാണത്. ക്വിനോവ എന്നാണ് പേര്. ഇന്ത്യയിൽ സെൻട്രൽ ഫുഡ് ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് ഇത് പ്രചരിപ്പിച്ചുവരുന്നത്. ലാറ്റിനമേരിക്കയിലെ ആൻഡിയൻ പ്രദേശത്ത് പരമ്പരാഗതമായി കൃഷിചെയ്തുവരുന്നതാണ് ക്വിനോവ. എന്നാലിത് പുല്ലുവർഗചെടിയല്ലയെന്നൊരു കാരണത്താൽ ധാന്യത്തിന്റെ കൂട്ടത്തിൽ കൂട്ടുന്നില്ല.
കുട്ടികളിലെ പോഷകനിലവാരം ഉയർത്താനും അവർക്ക് മാംസ്യവും കാർബോഹൈഡ്രേറ്റും വേണ്ടരീതിയിൽ എത്തിക്കാനും ശരീരത്തിലെ അമിനോ അമ്‌ളത്തിന്റെ സംതുലനത്തിനും ക്വിനോവയെന്ന അദ്ഭുതവിളയ്ക്ക് കഴിയും.
കുറഞ്ഞവെള്ളം മതി
നെല്ലിനെപ്പോലെയോ മറ്റ് ധാന്യങ്ങളെയോ പോലെ സമൃദ്ധമായവെള്ളം ആവശ്യമില്ലാത്ത വിളയാണ് ക്വിനോവ. നെല്ലിന്റെയും ഗോതമ്പിന്റെയും ആവശ്യകതയെ അപേക്ഷിച്ച് അഞ്ചിലൊന്ന് വെള്ളം മതി ക്വിനോവയുടെ ചെടി നന്നായി വളരാൻ. അതിനാൽത്തന്നെ വലിയ വരൾച്ചയെയും പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിക്കാൻ ഈ ധാന്യത്തിന് കഴിയുന്നു.
കൃഷിചെയ്യാം
മഴക്കാലത്തും വേനലിലും ഒരു പോലെ കൃഷിചെയ്യാവുന്നതാണിത്. നല്ലജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് ക്വിനോവ കൃഷിക്ക്  ഉത്തമം. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റർവരെ ഇത് കൃഷിചെയ്യാം എന്നാൽ, 400-1000 മീറ്ററിലാണ് വിളവ് കൂടുതൽ കിട്ടുന്നതായിക്കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീർവാർച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനിൽക്കുതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാൽ  ഗുണം കൂടും. അമ്ലഗുണം കൂടിയമണ്ണിൽ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി  ഉഴുത് മറിക്കണം അതിനുശേഷം അതിൽ സെന്റൊന്നിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേർത്ത് നിരപ്പാക്കിയ നിലത്താണ് വിത്തുവിതയേ്ക്കണ്ടത്. വിത്തുകൾ കാലിഞ്ചിലധികം മണ്ണിൽ താഴ്ന്നു പോകരുത്. മണ്ണിൽ മതിയായ നനവ് നിലനിൽക്കുന്നയിടങ്ങളിൽ 24 മണിക്കൂറിനകം വിത്തുകൾ മുളച്ചുപൊന്തും. 7-10 ദിവസത്തിനുള്ളിൽ വിത്തുകളെല്ലാം മുളച്ച് തൈകളായിട്ടുണ്ടാവും. ഇടതൂർന്ന് വളരുന്ന തൈകൾ വേണമെങ്കിൽ പറിച്ചുമാറ്റി മറ്റ്് ചെടികൾക്ക് മികച്ച വളർച്ച ഉറപ്പാക്കാവുന്നതാണ്.  ഒരേക്കറിന് 500-700 ഗ്രാം വിത്ത് മതിയാവും. ചെടി പൊന്തിവന്ന് 30-60 ദിവസം പ്രായങ്ങളിൽ വീണ്ടും മേൽവളം നൽകാവുന്നതാണ്.
ക്വിനോവയെന്ന അദ്ഭുതധാന്യത്തിന് കാര്യമായ കീടശല്യം ഉണ്ടാകാറില്ല. അഥവാ കണ്ടാൽത്തന്നെ വേപ്പെണ്ണ-സോപ്പ് ലായനി കലക്കിത്തളിച്ചാൽ മതി. നേരിയ മഞ്ഞ കലർന്ന ചുവപ്പുനിറത്തോടെ ചെടി ഉണങ്ങാൻ തുടങ്ങിയാൽ ചെടികൾ പറിച്ചെടുത്ത് മെതിച്ച് ഈർപ്പം തട്ടാതെ സൂക്ഷിക്കാം. ഈർപ്പം തട്ടിയാൽ വിത്തുകൾ മുളയ്ക്കാൻ തുടങ്ങും.
മറ്റു ധാന്യങ്ങളിലുള്ളതിനെക്കാൾ മാംസ്യവും ഭക്ഷ്യനാരുകളും മാംഗനീസും റാബോഫ്‌ളാവിനും കാർബോഹൈഡ്രേറ്റും സോഡിയവും ഊർജവും ക്വിനോവയിലുണ്ട്. മാത്രമല്ല മ്റ്റ് ധാന്യങ്ങളെ അപേക്ഷിച്ച് ഗ്‌ളൂട്ടനിന്റെ രാഹിത്യവും ക്വിനോവയെ മികച്ചതാക്കുന്നു. കൊഴുപ്പിന്റെ കുറവ് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും അങ്ങനെ നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.


പ്രമോദ്കുമാർ വി.സി
pramodpurath@gmail.com

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate