കറിവെക്കാൻ പച്ചക്കറി ആവശ്യമുള്ളപ്പോൾ, സ്വന്തം മട്ടുപ്പാവിൽ സ്വയം നട്ടുവളർത്തിയ ചെടികളിൽനിന്ന് പച്ചപ്പു മാറാതെ ഇറുത്തെടുത്ത വിളവുകൾ തന്നെ ഉപയോഗിക്കുക എന്ന ആശയത്തിൽ നിന്നാണ് ടെറസ് കൃഷി പ്രചോദനം ഉൾക്കൊള്ളുന്നത്.
ഓരോരുത്തർക്കും ആവശ്യമുള്ള ഭക്ഷണം സ്വയം അദ്ധ്വാനിച്ച് ഉത്പാദിപ്പിക്കുക, അതോടൊപ്പം പ്രകൃതിയെ കൂടുതൽ അടുത്തുകണ്ട് പഠിക്കുക എന്നീ സാമൂഹ്യലക്ഷ്യങ്ങൾ കൂടി ടെറസ്സ് കൃഷിയെ പ്രചോദിപ്പിക്കുന്നു.
വിപണിയുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി, അമിതമായ കീടനാശിനി പ്രയോഗത്തിനും അനാരോഗ്യകരമായ ഉൽപാദനരീതികൾക്കും വിധേയമായ, പുതുമ നഷ്ടപ്പെട്ട ഭക്ഷ്യവിളകൾ വാങ്ങാൻ നിർബന്ധിക്കപ്പെടാത്ത സാമ്പത്തികസ്വാതന്ത്ര്യം കൂടിയാണു് ഈ നൂതനകൃഷിരീതി വഴി ലഭ്യമാകുന്നത്.
വളരെ കുറഞ്ഞ അളവു് മണ്ണ്, ആവശ്യത്തിനു മാത്രം വെള്ളം, അന്യഥാ വെറുതെ നഷ്ടപ്പെട്ടുപോകുന്നസൗരോർജ്ജം, നീക്കം ചെയ്യുക എന്നതു് ഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നജൈവാവശിഷ്ടങ്ങൾ എന്നിവ ഏറ്റവും യുക്തിസഹമായി പ്രയോജനപ്പെടുത്തിയാണ് ടെറസ് കൃഷി വിജയകരമായി നടത്തുന്നത്.
ഊർജ്ജം,ജലം,കൃഷിഭൂമി മുതലായി അനുദിനം ചുരുങ്ങിവരുന്നപ്രകൃതിവിഭവങ്ങൾ കൂടുതൽ സമർത്ഥമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും അതിദ്രുതം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു പുത്തൻപ്രവണത കൂടിയാണു് ടെറസ്സ് കൃഷി.
സമയമോ മറ്റു വിഭവങ്ങളോ പ്രത്യേകമായി നീക്കിവെക്കാതെ നടത്താവുന്ന ടെറസ് കൃഷി ഭക്ഷ്യസുരക്ഷ, സാമ്പത്തികലാഭം എന്നിവയ്ക്കു പുറമേ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും ഉപകരിക്കുന്നു. ഒപ്പം മികച്ച ഒരു ഗൃഹാലങ്കാരമാർഗ്ഗം കൂടിയാണു് ശ്രദ്ധയോടെയുള്ള 'മേൽക്കൂരകൃഷി'.
വീടിനു ചുറ്റും നിലനിർത്താവുന്ന ഭേദപ്പെട്ട കാലാവസ്ഥ, ദൃശ്യഭംഗി എന്നിവ കുടുംബത്തിനു മൊത്തമായി ഗുണകരമാണു്.സൂര്യപ്രകാശം, ജലം, ജൈവാവശിഷ്ടങ്ങൾ എന്നിവയുടെ മികച്ച ഉപഭോഗരീതികൾക്കും നല്ലൊരു ഉദാഹരണമാണു് ടെറസ് കൃഷി.
ടെറസ്സ് കൃഷിയിൽ പങ്കെടുത്തുകൊണ്ട് ഹരിതഗൃഹവാതകങ്ങളുടെ ഉല്പാദനവും വ്യാപനവും ചുരുക്കുക എന്ന ആഗോളലക്ഷ്യത്തിനെക്കൂടി ഒരാൾക്കു് സ്വാംശീകരിക്കാൻകഴിയും.
വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവൽ, പടവലം, മത്തൻ, പയർ, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തിൽ കൃഷിചെയ്യാം.
ഇവകൂടാതെ പരീക്ഷണ അടിസ്ഥാനത്തിൽ എല്ലായിനം ഹ്രസ്വകാല വിളകളും കിഴങ്ങുകളും ടെറസ്സിൽ കൃഷിചെയ്യാം. പ്രത്യേക തയ്യാറെടുപ്പുകളോടെ പേര, വാഴ, നാരകം, പപ്പായ തുടങ്ങിയ ചെറുവൃക്ഷങ്ങളും ദീർഘകാലവിളകളും കൂടി ടെറസ്സിൽ കൃഷി ചെയ്യാം.
- കെ.ജാഷിദ് -
അവസാനം പരിഷ്കരിച്ചത് : 2/15/2020