অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളത്തിലെ കൃഷിയുടെ ചരിത്രം

കേരളത്തിലെ കൃഷിയുടെ ചരിത്രം

മനുഷ്യര്‍ കൃഷിയിലേക്കും മൃഗങ്ങളെ ഇണക്കി വളര്‍ത്തുന്നതിലേക്കും നീങ്ങിയത് നവീന ശിലായുഗ (Neolithic Age)ത്തിലാണ്. കന്മഴുവും മരക്കമ്പുകളുമായിരുന്നു അക്കാലത്തെ മനുഷ്യരുടെ ആയുധങ്ങള്‍. കേരളത്തില്‍ അവിടവിടെയായി നവീന ശിലായുഗ പരിഷ്കൃതിയും കൃഷിയും നിലനിന്നിരുന്നു. സഹ്യാദ്രിയിലെ ചില മേഖലകളില്‍ നിന്ന് തേച്ചു മിനുക്കിയ കന്മഴുകള്‍ കിട്ടിയിട്ടുണ്ട്. വയനാട്ടിലെ തിരുനെല്ലിയില്‍ ബാവലിപ്പുഴയുടെ തീരത്തു നിന്നും പൂതാടി എന്ന സ്ഥലത്തു നിന്നും ലഭിച്ച കന്മഴുകള്‍ ഇക്കാലത്തേതാണ്. “കാലിവളര്‍ത്തലും മലയോരങ്ങളില്‍ കുറ്റിക്കാടുകളും മേടുകളും വെട്ടിക്കരിച്ച് കൃഷി ചെയ്തു വിളവെടുക്കലും നവീനശിലായുഗക്കാരുടെ ജീവികാസമ്പ്രദായങ്ങളായിരുന്നു. പശ്ചിമ ഘട്ടപ്രദേശങ്ങളിലെ പറ്റിയ സ്ഥാനങ്ങള്‍ ഒരു കാലത്ത് ഇവരുടെ വിളനിലങ്ങളായിരുന്നിരിക്കാം” ധാന്യങ്ങളും കായ്കനികളും കിഴങ്ങുകളും ഭക്ഷണത്തിലെ മുഖ്യ ഇനങ്ങളായതും ഇക്കാലത്താണ്.

ദക്ഷിണേന്ത്യയില്‍ ഇരുമ്പിന്റെ ഉപയോഗം വ്യാപകമായി (ബി. സി. 1000 മുതല്‍) അധികം വൈകാതെ കേരളത്തിലും ഇരുമ്പുയുഗം ആരംഭിച്ചു. മഹാശിലാസ്മാരകങ്ങളില്‍ നിന്നു ലഭിച്ചിട്ടുള്ള അവശിഷ്ടങ്ങള്‍ കാര്‍ഷികോത്പാദന രീതിയില്‍ വന്ന മാറ്റം കൂടി വെളിപ്പെടുത്തുന്നു. ഇരുമ്പു മണ്‍വെട്ടികള്‍, കോരികകള്‍, വിത്തുകള്‍ സൂക്ഷിക്കാനുള്ള വലിയ മണ്‍പാത്രങ്ങള്‍ തുടങ്ങിയവ ഇത്തരം അവശിഷ്ടങ്ങളില്‍പ്പെടുന്നു. മഹാശിലാകാലഘട്ടത്തില്‍ തന്നെ വരുന്ന സംഘസാഹിത്യ കൃതികള്‍ ഉത്പാദന പ്രക്രിയയെക്കുറിച്ച് വിശദമായ ചിത്രം അവതരിപ്പിക്കുന്നുണ്ട്.

ഉത്പാദന പ്രക്രിയയുമായി ബന്ധപ്പെട്ട വിവിധ ജനവിഭാഗങ്ങളെപ്പറ്റി സംഘം കൃതികള്‍ പരാമര്‍ശിക്കുന്നു. "കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരുന്നവര്‍ വെള്ളാളരാണ്. കേരളത്തില്‍ വെള്ളാളരെ ഒരു പ്രത്യേക വിഭാഗമായി പറയുന്നില്ല. കേരളത്തില്‍ കാര്‍ഷിക വൃത്തി സ്വീകരിച്ചവരെ ഒരു പ്രത്യേക സമൂഹ വിഭാഗത്തിന്റെ പേര്‍ പറഞ്ഞു വിളിക്കുന്നില്ല. വേടരുടെയും ആയരുടെയും വിഭാഗങ്ങളില്‍പ്പെട്ടവരാണ് പിന്നീട് ഭക്ഷ്യോത്പാദനത്തിലേക്കു മാറുന്നത്. നദീതടങ്ങള്‍ ഉത്പാദനയോഗ്യമായതോടെ വേടര്‍, ആയര്‍, കുറവര്‍ മുതലായ വിഭാഗങ്ങള്‍ അവിടേക്കു കുടിയേറിപ്പാര്‍ത്തു. അത്തരം ആളുകള്‍ ഉഴവര്‍, പുലയര്‍ മുതലായ കര്‍ഷക സമൂഹങ്ങളായി രൂപാന്തരപ്പെട്ടു. പുലം എന്ന വാക്കിന് ഭൂമി എന്നാണര്‍ത്ഥം. കാര്‍ഷിക പ്രദേശങ്ങലെ മെന്‍പുലമെന്നും അതിനു ചുറ്റുമുള്ള കൃഷി ചെയ്യാത്ത മലമ്പ്രദേശങ്ങളെ വന്‍പുലമെന്നും വിളിച്ചിരുന്നു. മെന്‍പുലങ്ങള്‍ ആദിമ കാര്‍ഷിക വൃത്തിയുടെ വളര്‍ച്ചയെ സൂചിപ്പിച്ചിരുന്നു”. കൃഷിയുടെ വിശദചിത്രം അവതരിപ്പിക്കുന്നുവെങ്കിലും ഉത്പാദനക്ഷമത എത്രത്തോളമുണ്ടായിരുന്നുവെന്ന് സംഘസാഹിത്യകൃതികളില്‍ നിന്ന് അറിയാനാവില്ല. വലിയ ജനസംഖ്യയെ നിലനിര്‍ത്താനുള്ള ശേഷി അന്നത്തെ കാര്‍ഷികോത്പാദന രീതിക്ക് ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. സംഘകാലത്തെ അഞ്ചു തിണകള്‍ (ഐന്തിണകള്‍) എന്ന ഭൂവിഭജനസങ്കല്പവും പ്രാചീന കാര്‍ഷിക ജീവിതത്തിന്റെ ചിത്രം അവതരിപ്പിക്കുന്നുണ്ട്.

ബുദ്ധ, ജൈനമതക്കാരും ബ്രാഹ്മണരും കേരളത്തിലേക്കു കടന്നു വന്നതിനു ശേഷമുള്ളതാണ് കൃഷിയുടെ ചരിത്രത്തിലെ അടുത്തഘട്ടം. കൃഷിയെ പ്രോത്സാഹിപ്പിച്ച മതമായിരുന്നു ബുദ്ധമതം. നദീതടങ്ങളില്‍ കുടിയേറിയ ബ്രാഹ്മണര്‍ കൃഷിഭൂമിയില്‍ നിയന്ത്രണം നേടി. ബ്രാഹ്മണ ഗ്രാമങ്ങളുടെ കൈവശമായി കൃഷിഭൂമിയിലെ വലിയ പങ്ക്. വികസിതമായ ജ്യോതിശ്ശാസ്ത്ര വിജ്ഞാനത്തിന്റെ കൂടി സഹായത്താല്‍ കാര്‍ഷികോത്പാദനരംഗത്തിന്റെ ആസൂത്രണവും നിയന്ത്രണവും നിര്‍വഹിച്ചാണ് ബ്രാഹ്മണര്‍ മേധാവിത്തം നേടിയത്. ക്ഷേത്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടും അവര്‍ ഭൂമിയ്ക്കുമേല്‍ അധികാരം സ്വായത്തമാക്കി. നേരിട്ടു കൃഷി ചെയ്യാതെ ഉത്പാദനനിയന്ത്രണം കരസ്ഥമാക്കുകയാണ് അവര്‍ ചെയ്തത്. “ഉത്പാദനഘടനയിലും മാറ്റങ്ങള്‍ വന്നു. സംഘകാലത്തെ ഉഴവര്‍ എന്ന പൊതു വിഭാഗം പലതായി പിരിഞ്ഞു. കാരാളര്‍, കുടികള്‍, അടിയാര്‍ എന്നിവരായിരുന്നു പ്രധാന വിഭാഗങ്ങള്‍. കാരാളരായിരുന്നു പ്രധാന കര്‍ഷകര്‍. നദീതടങ്ങളിലെ ഭൂമികള്‍ ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും കൈമാറ്റം ചെയ്യപ്പെട്ടതോടെ അവര്‍ ബ്രാഹ്മണരുടെ കീഴാളരായി മാറി. കാര്‍ഷിക സമുദായങ്ങള്‍ വളര്‍ന്നു വന്നതോടെ കുടികളിലെ ജനങ്ങള്‍ കര്‍ഷകരായി മാറി. കൃഷി സ്ഥലത്തില്‍ താമസിക്കുന്നതിനുള്ള അവകാശത്തെ കുടിമ അല്ലെങ്കില്‍ കുടിയായ്മ എന്നും വിളിച്ചു.” അടിയാര്‍ ആയിരുന്നു ഏറ്റവും താഴ്ന്ന വിഭാഗം. ഭൂമിക്കു മേല്‍ അവകാശമില്ലാത്തതും ഉടമയ്ക്കു വേണ്ടി അധ്വാനിക്കാന്‍ ബാധ്യസ്ഥവുമായ വിഭാഗമായിരുന്നു അടിയാന്മാര്‍.

മധ്യകാല കേരളത്തിലെത്തിയ വിദേശ സഞ്ചാരികള്‍ കുരുമുളക്, ഇഞ്ചി തുടങ്ങിയ നാണ്യവിളകളെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. 17-ാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്മാര്‍ കേരളത്തില്‍ വേരുറപ്പിച്ചതോടെ സുഗന്ധദ്രവ്യ വ്യാപാരം അഭിവൃദ്ധിപ്പെട്ടു. നാണ്യവിളകള്‍ വളരുന്ന തോട്ടങ്ങള്‍ വികസിച്ചത് ഇക്കാലം മുതല്ക്കാണ്. 18-ാം നൂറ്റാണ്ടില്‍ കുരുമുളകു വ്യാപാരം ശക്തമായി. കശുമാവ് (പറങ്കിമാവ്), കൈതച്ചക്ക, ശീമപ്ലാവ് (കടപ്ലാവ്), ഉരുളക്കിഴങ്ങ്, നേന്ത്രവാഴ തുടങ്ങിയവ യൂറോപ്യന്മാര്‍ കേരളത്തില്‍ പ്രചരിപ്പിച്ചു. 19-ാം നൂറ്റാണ്ടില്‍ തിരുവിതാംകൂറില്‍ ചതുപ്പുനിലങ്ങള്‍ തെളിച്ച് കൃഷി ആരംഭിച്ചു. കടല്‍ത്തീരത്തേക്ക് നെല്‍ക്കൃഷി വ്യാപിച്ചതും ഇക്കാലത്താണ്. തിരുവിതാംകൂറിലും വയനാട്ടിലും മലമ്പ്രദേശങ്ങളില്‍ 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കമ്പനികളും വ്യക്തികളും കാപ്പി, തേയില, ഏലം തോട്ടങ്ങള്‍ സ്ഥാപിച്ചു. ബ്രിട്ടീഷ് തോട്ടമുടമകളെ പിന്തുടര്‍ന്ന് നാട്ടുകാരും സഹ്യാദ്രിമേഖലകളില്‍ കുടിയേറി കൃഷി തുടങ്ങി. 19-ാം നൂറ്റാണ്ടിന്റെ അവസാനവും 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുമായി മലയോര മേഖല (ഹൈറേഞ്ച്) യില്‍ വലിയൊരുഭാഗം തോട്ടങ്ങളായി മാറി. വയനാട്ടില്‍ ജൈനരായ ഗൗണ്ടര്‍മാരാണ് ഇതില്‍ പ്രധാനമായും ഏര്‍പ്പെട്ടത്. മധ്യതിരുവിതാംകൂര്‍കാരും വയനാട്ടില്‍ തോട്ടങ്ങള്‍ സ്ഥാപിച്ചു. കുരുമുളകിന്റെ വാണിജ്യപ്രാധാന്യം കുറയുകയും മറ്റു നാണ്യവിളകള്‍ പ്രാധാന്യം നേടുകയും ചെയ്തു.

അവസാനം പരിഷ്കരിച്ചത് : 3/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate